സ്വര്‍ണ്ണം പണയം വെച്ച് തുണിക്കട തുടങ്ങിയ മാളാക്കാരന്‍ അനൂപിനെ രക്ഷിച്ച പേരാണ് ‘ശുക്കൂറിന്റെ അളിയന്റെ കട’

single-img
4 February 2015

shukkoor

തൃശൂര്‍ ജില്ലയിലെ മാളയില്‍ വന്നിറങ്ങി ചുറ്റാകെ ഒന്നു കണ്ണുപായിച്ചാല്‍ കണ്ണുതള്ളിക്കുന്ന ഒരു വസ്ത്ര കടകാണാം. കട കണ്ടല്ല കണ്ണുതള്ളുന്നത്, കടയുടെ പേര് കണ്ടാണ്. പേരിലെ പുതുമ കൊണ്ട് ഉപഭോക്താക്കള്‍ തേടിയെത്തുന്ന ആ കടയുടെ പേരാണ് ‘ശുക്കൂറിന്റെ അളിയന്റെ കട’.

ഈ കടയുടെ ഉടമ അനൂപിന് പ്രസ്തുത പേരിട്ടതുകൊണ്ട് നല്ലതു മാത്രമേ ഉണ്ടായിട്ടുള്ളു. അതിന് തെളിവാണ് ഈ ഒരു കട തൃശൂര്‍രില്‍ പലയിടങ്ങളിലായി നാലു കടകളായി മാറയത്. ഫ്രീക്കന്‍മാരുടെ കടയെന്ന് പ്രശസ്തിയാര്‍ജ്ജിച്ച ഈ ഷോപ്പിലേക്ക് ഇന്ന് ഫ്രീക്കന്‍മാരുടെ തള്ളിക്കയറ്റമാണ്. അതുകൊണ്ടുതന്നെയാണ് യുവാക്കളെ ലക്ഷ്യമിട്ടുകൊണ്ടാരംഭിച്ച ഷൂക്കൂറിന്റെ അളിയന്റെ കടകളെല്ലാം ഹിറ്റാകാനുള്ള കാരണവും.

ഗള്‍ഫിലായിരുന്ന അനൂപ് അഞ്ച് വര്‍ഷം മുമ്പ് നാട്ടിലെത്തിയപ്പോഴാണ് ഒരു തുണിക്കടയെക്കുറിച്ച് ചിന്തിച്ചത്. അതിനെതുടര്‍ന്ന് അന്നമനടയില്‍ മഹാരാജാസ് ടെക്‌സ്‌റ്റൈല്‍സ് എന്ന പേരില്‍ ഒരു തുണിക്കട അനൂപ് തുടങ്ങിയെങ്കിലും പുരുഷന്‍മാര്‍ക്കായി ഒരെണ്ണം ആരംഭിക്കണമെന്ന ആഗ്രഹം അനൂപിന്റെ മനസ്സില്‍ നിറഞ്ഞു നിന്നു. അതിനുള്ള സാഹചര്യം ഒത്തു വന്നപ്പോഴാണ് അനൂപ് കടയുടെ പേരിനെ കുറിച്ച് ചിന്തിക്കുന്നത്. കടയ്്ക്ക് ഇടാനുള്ള പേരിനായി പലയിടത്തും അനൂപ് തപ്പി. പലകൂട്ടുകാരെയും ഒരു നല്ല പേര് കണ്ടുപിടിക്കാനുള്ള ദൗത്യം ഏല്‍പ്പിക്കുകയും ചെയ്തു. പക്ഷേ ഒന്നും ഒത്തുവന്നില്ല.

അങ്ങനെയിരിക്കുമ്പോഴാണ് ഒരു ആഘോഷത്തിനിടയില്‍ വെച്ച് ഒരു കൂട്ടുകാരന്‍ അനൂപിനെ കളിയാക്കാന്‍ വേണ്ടി ‘ശുക്കൂറിന്റെ അളിയന്റെ കട’ എന്ന പേര് നിര്‍ദ്ദേശിച്ചത്. ആ പേര് മനസ്സില്‍ തട്ടിയ അനൂപ് പിന്നെ ഒന്നും ആലോചിച്ചില്ല. അതുതന്നെ തന്റെ കടയുടെ പേരെന്ന് മനസ്സിലുറപ്പിക്കുകയായിരുന്നു. അതായിരുന്നു ഫ്രീക്ക് മെന്‍ഷോപ്പിന്റെ ഫ്രീക്ക് പേരിന്റെ പിറവി.

മാള ചാലക്കുടി റൂട്ടില്‍ അഷ്ടമച്ചിറയില്‍ പിറവിയെടുത്ത ആദ്യശത്ത അളിയന്റെ കട ക്ലിക്കോട് ക്ലിക്കായിരുന്നു. കാരണം പേരിനുള്ള പുതുമ തന്നെ. മാള കൊടകര റൂട്ടില്‍ കൊമ്പടിമാഞ്ഞക്കലില്‍ ഒന്നര വര്‍ഷം മുമ്പും മാള കൊരട്ടി റൂട്ടില്‍ അന്നമനടയില്‍ ഒരു വര്‍ഷം മുമ്പും മാള ആലുവ റൂട്ടില്‍ കുറമശ്ശേരിയില്‍ 6 മാസം മുമ്പും ശുക്കൂറിന്റെ അളിയന്റെ കടകള്‍ തുറന്നു. എല്ലാം നല് ഞെരിപ്പായി ഓടുന്നുമുണ്ട്.

Shookurnte-aliyante-kada

പേര് മാത്രം ഉയര്‍ത്തിക്കാട്ടിയല്ല അനൂപ് ശുക്കൂറിന്റെ അളിയന്റെ കട്യെ പ്രശസ്തമാക്കിയത്. ചില സീസണ്‍ സമയങ്ങളില്‍ എവിടെയും കേള്‍ക്കാത്ത ഓഫറുകളാണ് ഈ കടകളിലുള്ളത്. കഴിഞ്ഞ ഓണ സീസണില്‍ രണ്ടു രൂപയുടെ ഒരു ഒറ്റ നോട്ടുമായി കടയിലെത്തിയവരെ കാത്തിരുന്നത് ഓരോ ടീഷര്‍ട്ടായിരുന്നു. യുവാക്കള്‍ക്കിടയില്‍ വളരെയേറെ ക്ലിക്കായ ഒരു ഓഫറായിരുന്നു അത്.

ബാംഗ്ലൂരില്‍ നിന്നും മുംബൈയില്‍ നിന്നുമാണ് അനൂപ് അളിയന്റെ കടകളിലേക്ക് വസ്ത്രങ്ങള്‍ എത്തിക്കുന്നത്. നാലുകടകള്‍ക്കായി അനൂപും ബന്ധുക്കളും നന്നായി പണിയെടുക്കുന്നുണ്ട്. അതുകൊണ്ടുതന്നെ അഞ്ചാമത് ഒരു കട തുടങ്ങാന്‍ അനൂപിന് പദ്ധതിയില്ല. ഒരുപക്ഷേ എന്നെങ്കിലും അങ്ങനെയൊരു പദ്ധതി അനൂപിനുണ്ടെങ്കില്‍ സംശയിക്കേണ്ട, ആ കടയും നൂറുശതമാനം ക്ലിക്കാകുമെന്നുറപ്പാണ്.
പേര് കേട്ട് മാത്രം എത്തുന്ന കസ്റ്റമേഴ്‌സ് നിരവധിയാണ്. ഫോണില്‍ ബന്ധപ്പെട്ട് കടയെവിടെയെന്ന് അറിഞ്ഞ് വരുന്നവരും ധാരാളമുണ്ട്. സീസണ്‍ സമയത്ത് ആളുകള്‍ കൂടൂം. ടീ ഷര്‍ട്ടും, പാന്റ്‌സും, ഷര്‍ട്ടുമാണ് കൂടുതലും വിറ്റുപോകുന്നത്. കട നോക്കിനടത്താന്‍ അനൂപിനൊപ്പം ബന്ധുക്കളുണ്ട്.