1983 ജൂണ്‍ 25; ഇന്ത്യ ഓര്‍ക്കാനും വെസ്റ്റിന്റീസ് മറക്കാനും ശ്രമിക്കുന്ന ദിനം: അഥവാ കപിലിന്റെ ചെകുത്താന്‍മാരുടെ ദിനം

single-img
2 February 2015

Winning

1983 ജൂണ്‍ 25

ലോകക്രിക്കറ്റ് അടക്കി ഭരിച്ചിരുന്ന കരീബിയന്‍ ശൈലിയെന്ന വന്യസൗന്ദര്യം നിരാശയുടെയും തോല്‍വിയുടെയും പടുകുഴിയിലേക്ക് വീണുപോയ ദിനം. ലോകകപ്പ് ക്രിക്കറ്റ് മത്സരാരംഭം മുതല്‍ അടക്കിവെച്ചിരുന്ന മേധാവിത്വവും കൈവിട്ടുകൊടുക്കാത്ത ലോകകിരീടവും അങ്ങ് കിഴക്കുദിക്കില്‍ നിന്നും വന്ന 25 വയസ്സുപോലും തികയാത്ത ഒരു യുവാവിന്റെ കീഴില്‍ അണിനിരന്ന ഒരു യുവസംഘത്തിന് മുന്നില്‍ സ്രാഷ്ടാംഗം അടിയറവെച്ച ദിനം. അന്നുമുതലിങ്ങോട്ട് തുഴഞ്ഞിട്ടും തുഴഞ്ഞിട്ടും കരയെത്താത്ത രീതിയില്‍ ഉള്‍സമുദ്രത്തിലേക്ക് വലിച്ചെറിയപ്പെട്ട കരിബീയന്‍ ക്രിക്കറ്റിന്റെ തകര്‍ച്ചയ്ക്ക് തുടക്കം കുറിച്ച ദിനം. ലോകം കണ്ട മികച്ച ക്യാപ്റ്റന്‍മാരില്‍ ഒരാളായ കപില്‍ദേവ് നിഖഞ്ജ് എന്ന ഒരേയൊരു കപിലിന്റെയും ചെകുത്താന്‍മാരുടെയും ദിനം.

അതൊരു തുടക്കമായിരുന്നു. ഇന്ത്യയെന്ന ഉപഭൂഖണ്ഡത്തില്‍ നിന്നും സാധ്യതയുടെ നൂറില്‍ ഒന്നുപോലുമില്ലാതെ ഇംഗ്ണ്ടിലേക്ക് ചെന്ന് ക്രിക്കറ്റ് ലോകത്തെ രാജാക്കന്‍മാരായ, ലോകം വെട്ടിപ്പിടിക്കാന്‍ പ്രാപ്തരായ ‘ടീം ഇന്ത്യ’യുടെ പടയോട്ടത്തിന്റെ തുടക്കം. എത്രയൊക്കെ ലോകകപ്പുകള്‍ വന്ന് പോയങ്കിലും, 2011ല്‍ ലോകകപ്പ് ഇന്ത്യ രണ്ടാമതും നേടിയെങ്കിലും ഇംഗ്ലണ്ടിലെ വേഗം കൂടിയ പിച്ചില്‍ 60 ഓവറില്‍ 183 റണ്‍സെന്ന വളരെ ചെറിയ ലക്ഷ്യത്തെ 48 പന്തുകള്‍ ബാക്കിനില്‍ക്കേ 43 റണ്‍സ് അകലെവെച്ച് വെസ്റ്റിന്റീസെന്ന ലോകക്രിക്കറ്റിലെ അതികായകരെ മലര്‍ത്തിയടിച്ച ആ വിജയത്തിന്റെയടുക്കല്‍ നേടിയ ആ വിജയത്തിന്റെയടുക്കല്‍ അതൊന്നും എത്തില്ലതന്നെ.

ഇന്ത്യ ഇംഗ്ലണ്ടിലേക്ക്

WORLD CUP 1983 INDIA

ലതാ മങ്കേഷ്‌കറുടെ ഗാനമേള നടത്തിയതിലൂടെ സംഘടിപ്പിച്ച തുകയുമായാണ് ഇന്ത്യന്‍ ടീം 1983 ല്‍ ലോകം കീഴടക്കാന്‍ ഇറങ്ങിത്തിരിച്ചത്. ആദ്യരണ്ടു ലോകകപ്പിലും സമ്മാനിച്ച നിരാശാജനകമായ പ്രകടനങ്ങളുടെ ഭാണ്ഡവുമായി കപില്‍ദേവ് നിഖഞ്ജ് എന്ന യുവ ക്യാപ്റ്റന്റെ കീഴില്‍ പ്രുഡന്‍ഷ്യല്‍ ലോകകപ്പിനായി ഇന്ത്യ പുറപ്പെട്ടപ്പോള്‍ യാത്രയയ്ക്കാന്‍ പോലും ആരുമുണ്ടായിരുന്നില്ല. കഴിഞ്ഞ രണ്ടു ലോകപ്പുകളില്‍ കളിച്ച ആറുമത്സരങ്ങളില്‍ ഒരേയൊരു ജയം മാത്രമായിരുന്നു ഇന്ത്യയ്ക്ക് സ്വന്തമായുണ്ടായിരുന്നത്. അതും ക്രിക്കറ്റ് ലോകത്ത് അത്രയൊന്നും അറിയപ്പെടാത്ത ഈസ്റ്റ് ആഫ്രിക്കയ്‌ക്കെതിരെ. പക്ഷേ ഇന്ത്യയെന്ന പഴയ ‘പുതു’ടീമിനെ സംശയദൃഷ്ടിയോടെ കണ്ട ഒരാളുണ്ടായിരുന്നു. ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ കിം ഹ്യൂസ്. ലോകകപ്പിന് മുമ്പ്് തന്നെ അദ്ദേഹം പറഞ്ഞിരുന്നു: ”ഇന്ത്യയെ സൂക്ഷിക്കുക. അവരാകും ഇത്തവണത്തെ കറുത്ത കുതിരകള്‍”

ഇംഗ്ലണ്ടിലെ സമയക്രമമനുകരിച്ച് അന്ന് ഏകദിന മത്സരങ്ങള്‍ ഇന്നിങ്‌സ് 60 ഓവറുകള്‍ വീതമായിരുന്നു. 60 ഓവറുകള്‍ വീതമുള്ള മത്സരങ്ങള്‍ നടക്കുന്ന ആവസാനത്തെ ലോകകപ്പ് കൂടിയായിരുന്നു 1983 ലേത്. ഭീഷണിയുയുര്‍ത്തുന്ന ഒരു എതിരാളിപോലുമില്ലാതെ തങ്ങളുടെ ഭാഗ്യഗ്രൗണ്ടായ ലോര്‍ഡ്‌സില്‍ മൂന്നാമതും ലോകകിരീടം ഉയര്‍ത്തുന്ന നിമിഷവും പ്രതീക്ഷിച്ചാണ് ക്ലൈവ് ലോയ്ഡിന്റെ നേതൃത്വത്തിലുള്ള വെസ്റ്റിന്റീസ് സംഘവും ഇംഗ്ലണ്ടിലേക്ക് എത്തിയത്.

ആകെ 8 ടീമുകളായിരുന്നു രണ്ടു ഗ്രൂപ്പുകളിലായി മൂന്നാം ലോകകപ്പിലെ ലീഗ് മത്സരങ്ങളില്‍ ഏറ്റുമുട്ടിയത്. കരുത്തരായ വെസ്റ്റിന്റീസും ഓസ്‌ട്രേലിയയുമടങ്ങുന്ന ബി ഗ്രൂപ്പിലായിരുന്നു അന്നത്തെ ദുര്‍ബലരായ ഇന്ത്യയും സിംബാബ്‌വേയും ഉള്‍പ്പെട്ടത്. ലീഗ് മത്സരങ്ങളിലെ ഫലമനുസരിച്ച് സെമി ഫൈനലിലേക്ക് മുന്നേറുന്ന ബി ഗ്രൂപ്പിലെ രണ്ടുടീമുകള്‍ വെസ്റ്റിന്റീസും ഓസ്‌ട്രേലിയയുമാണെന്ന് ക്രിക്കറ്റ് ലോകം വിശ്വസിച്ചു. ലോകകപ്പിലെ റണ്‍സ്- വിക്കറ്റ് റിക്കോര്‍ഡുകള്‍ സ്വന്തമാക്കുവാനുള്ള ഈ ടീമുകളുടെ ബലിയാടുകളാണ് ഇന്ത്യയും സിംബാബ്‌വേയുമെന്ന് അവര്‍ വിശ്വസിച്ചു. മുന്‍ ലോകകപ്പുകളിലെ പ്രസ്തുത ടീമുകളുടെ പ്രകടനം ക്രിക്കറ്റ് ആരാധകരെ അങ്ങനെ വിശ്വസിക്കാന്‍ പ്രേരിപ്പിച്ചു.

ഇന്ത്യ തുടങ്ങുന്നു

ലോകകപ്പിന്റെ തുടക്കം യഥാര്‍ത്ഥത്തില്‍ അട്ടിമറികളോടെയായിരുന്നു. 1983 ജൂണ്‍ 9ന് ലോകകപ്പില്‍ വെസ്റ്റിന്റീസിനൊപ്പം ഫൈനലിസ്റ്റുകളെന്ന് കൂടുതല്‍ പേരും പ്രവചിച്ചിരുന്ന ഓസ്‌ട്രേലിയ വെറും ദുര്‍ബലരായി തള്ളിക്കളഞ്ഞ സിംബാബ്‌വേയ്ക്ക് മുന്നില്‍ 13 റണ്‍സിന്റെ തോല്‍വിയേറ്റുവാങ്ങിയത് ക്രിക്കറ്റ് ലോകകപ്പില്‍ അമ്പരപ്പ് സൃഷ്ടിച്ചു. പക്ഷേ യഥാര്‍ത്ഥ ഞെട്ടല്‍ വരാനിരിക്കുന്നതേയുണ്ടായിരുന്നുള്ളു. ഓസ്‌ട്രേലിയ സിംബാബ്‌വേയ്ക്കു മുന്നില്‍ നാണംകെട്ട അതേദിവസവും പിറ്റേന്നുമായി നടന്ന മത്സരത്തില്‍ ട്രെന്‍ഡ് ട്രഫോര്‍ഡില്‍ ജേതാക്കളെന്ന് ലോകം വാഴ്ത്തിപ്പാടിയ വെസ്റ്റിന്റീസിനെ മറ്റൊരു ദുര്‍ബലര്‍ 34 റണ്‍സിന് കീഴടക്കി തങ്ങളുടെ വരവറിയിച്ചു. മറ്റാരുമല്ല ആ ദുര്‍ബലര്‍, സാക്ഷാല്‍ ഇന്ത്യ തന്നെ.

മാര്‍ഷല്‍, ആന്റിറോബര്‍ട്‌സ്, ഗാര്‍നര്‍, ഹോള്‍ഡിംഗ് എന്നീ ലോകം കണ്ട മികച്ച ബൗളര്‍മാരെ നേരിട്ട് ഈര്‍പ്പം നിറഞ്ഞ പിച്ചില്‍ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ 60 ഓവറില്‍ എട്ട് വിക്കറ്റിന് 262 റണ്‍സ് എടുത്തപ്പോള്‍ തന്നെ ചെറുതായി വെസ്റ്റിന്റീസ് അപകടം മണത്തിരുന്നു. യശ്പാല്‍ ശര്‍മ്മയുടെ 120 ബാളില്‍ നിന്നുള്ള 89 റണ്‍സാണ് ഒരു നല്ല സ്‌കോര്‍ കണ്ടെത്താന്‍ ഇന്ത്യയെ സഹായിച്ചത്. മറുപടി ബാറ്റിംഗില്‍ 22 ഓവര്‍ പൂര്‍ത്തിയായപ്പോള്‍ കടന്നുവന്ന മഴമൂലം കളി പിറ്റേന്ന് റിസര്‍വ്് ദിനത്തിലേക്ക് മാറ്റി. പക്ഷേ പിറ്റേന്ന് അതായത് ജൂണ്‍ 10 ന് ഇന്ത്യ മലാകത്തിനു മുന്നില്‍ വിളിച്ചു പറഞ്ഞു ”ഞങ്ങള്‍ ആ പഴയ ഇന്ത്യയല്ല”. 54.1 ഓവറില്‍ 228 റണ്‍സിന് നിലവിലെ ചാമ്പ്യന്‍മാരായ വെസ്റ്റിന്റീസ് ഇന്ത്യയ്ക്ക് മുന്നില്‍ അട്ടിമറിക്കപ്പെട്ടു. 34 റണ്‍സിന്.

കിം ഹ്യൂസിന്റെ വാക്കുകളെ പൊന്നാക്കിക്കൊണ്ട് ഇന്ത്യയുടെ മുന്നേറ്റമായിരുന്നു പിന്നീട് കണ്ടത്. പിറ്റേന്നത്തെ മത്സരത്തില്‍ സിംബാബ്‌വേയും ഇന്ത്യയ്ക്ക് മുന്നില്‍ കീഴടങ്ങി. പക്ഷേ ജൂണ്‍ 13ലെ ഓസ്‌ട്രേലിയയുമായുള്ള പോരാട്ടത്തില്‍ ഇന്ത്യയ്ക്ക് ചുവടുതെറ്റി. ഇന്ത്യയെ തറപറ്റിച്ച് 162 റണ്‍സിന്റെ വമ്പന്‍ ജയമാണ് അന്ന് ഓസ്‌ട്രേലിയ സ്വന്തമാക്കിയത്. ജൂണ്‍ 15 ന് നടന്ന ഇന്ത്യ- വെസ്റ്റിന്റീസ് രണ്ടാം മത്സരത്തില്‍ ഇന്ത്യയ്‌ക്കെതിരെ 66 റണ്‍സിന്റെ വിജയം നേടി വെസ്റ്റിന്റീസ് ആദ്യ മത്സരത്തിലെ തോല്‍വിക്ക് പ്രതികാരം ചെയ്തപ്പോള്‍ ഇന്ത്യ നേടിയ ആദ്യരണ്ടു വിജയങ്ങള്‍ ക്രിക്കറ്റ് ലോകം മറന്നു. ഇന്ത്യ പഴയ ഇന്ത്യ തന്നെ. വെസ്റ്റിന്റീസിനെതിരെയും സിംബാബ്‌വേയ്‌ക്കെതിരെയും നേടിയ വിജയങ്ങള്‍ അബദ്ധത്തില്‍ സംഭവിച്ച കാര്യങ്ങള്‍ മാത്രമായി വിലയിരുത്തപ്പെട്ടു. ടൂര്‍ണ്ണമെന്റില്‍നിന്നും പുറത്താക്കല്‍ ഭീഷണി ഇന്ത്യയെ തുറിച്ചുനോക്കി.

അതു ശരിവയ്ക്കുന്ന തരത്തിലായിരുന്നു അടുത്ത ഇന്ത്യ- സിംബാബ്‌വേ മത്സരത്തിന്റെ തുടക്കം. 17 റണ്‍സിനിടയില്‍ അഞ്ചുവിക്കറ്റുകള്‍ നഷ്ടപ്പെട്ട് ഇന്ത്യ പതറിയപ്പോള്‍ ചായക്കോപ്പയിലെ കൊടുങ്കാറ്റായി ഇന്ത്യന്‍ വിജയങ്ങള്‍ വ്യാഖ്യാനിക്കപ്പെട്ടപ്പോള്‍ ഇന്ത്യ ആരാധകര്‍ ലോകകപ്പ് സ്വപ്‌നം മറക്കുവാന്‍ മാനസികമായി തയ്യാറെടുക്കുകയായിരുന്നു. പക്ഷേ അവിശ്വസനീയമായ ഒരു സംഭവത്തിന്റെ തുടക്കം അവിശട ആരംഭിക്കുകയായിരുന്നു. ക്യാപ്റ്റന്‍ എന്ന പദത്തിന്റെ യഥാര്‍ത്ഥ ഉടമ, ഇന്ത്യയുടെ ഒരേയൊരു കപില്‍ദേവ് ക്രീസിലെത്തി സ്വന്തം രാജ്യത്തിനെ കൈപിടിച്ചുയര്‍ത്തി മുന്നോട്ടുപോകുന്ന കാഴ്ചയായിരുന്നു ടണ്‍ബ്രിഡ്ജ് വെല്‍സ് സ്‌റ്റേഡിയം സാക്ഷ്യം വഹിച്ചത്. ഒറ്റയ്ക്ക് പുറത്താകാതെ 138 ബാളില്‍ നിന്നും 175 റണ്‍സ് നേടി കപില്‍ ചരിത്രം കുറിച്ചു. ആറു സിക്‌സുകളും പതിനാറ് ബൗണ്ടറികളും പായിച്ച് ഇന്ത്യന്‍ സ്‌കോര്‍ കപില്‍ 266 ലെത്തിച്ചപ്പോള്‍ ക്രിക്കറ്റ് ലോകം വിശ്വസിക്കാനാകാതെ ശ്വാസമടക്കി നില്‍ക്കുകയായിരുന്നു. ഒടുവില്‍ മറുപടി ബാറ്റിംഗില്‍ 31 റണ്‍സിന് അകലെ സിംബാബ്‌വേ ബാറ്റ്‌സ്മാന്‍മാര്‍ പോരാട്ടം അവസാനിപ്പിച്ചപ്പോള്‍ ഇന്ത്യയെന്ന രാജ്യം ക്രിക്കറ്റ് ചരിത്രത്തിലേക്ക് നടന്നടുക്കുകയായിരുന്നു.

Zimbabve 1

പക വീട്ടാനുള്ളതാണെന്നു തെളിയിച്ച മത്സരമായിരുന്നു ഇന്ത്യയുടെ ഓസ്‌ട്രേലിയയുമായുള്ള രണ്ടാമത്തേതും ടൂര്‍ണ്ണമെന്റിലെ അവസാനത്തെയുമായ ലീഗ് മാച്ച്. ഓസ്‌ട്രേലിയയുമായുള്ള ആദ്യ മത്സരത്തിലെ 162 റണ്‍സിന്റെ തോല്‍വിക്ക് അതേ നാണയത്തില്‍ ഇന്ത്യ മറപടി നല്‍കി. മദന്‍ലാലിന്റെയും റോജര്‍ ബിന്നിയുടെയും മീഡിയം പേസ് ആക്രമണത്തില്‍ ഇന്ത്യയുടെ 247 റണ്‍സിനെതിരെ 129 റണ്‍സിന് ഓസ്മട്രലിയ പുറത്തായി. 118 റണ്‍സിന്റെ വമ്പന്‍ ജയവുമായി ഇന്ത്യ ഓസ്‌ട്രേലിയയെ പിന്തള്ളി വെസ്റ്റിന്റീസിനൊപ്പം ബി ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരായി സെമി ഫൈനലിലേക്ക് മാര്‍ച്ച് ചെയ്തു.

എ ഗ്രൂപ്പിലെ ഒന്നാം സ്ഥാനക്കാരായി എത്തിയ ആതിഥേയരായ ഇംഗ്ലണ്ടുമായി ഓള്‍ഡ് ട്രാഫോര്‍ഡില്‍ ജൂണ്‍ 22ന് ഇന്ത്യ ഏറ്റുമുട്ടുന്നതിന്റെ അന്ന് രാവിലെ ബ്രിട്ടനില്‍ ഇറങ്ങിയ പത്രങ്ങളില്‍ മുഴുവന്‍ തങ്ങളുടെ രാജ്യത്തിന്റെ ഫൈനല്‍ സ്വപ്‌നങ്ങളായിരുന്നു നിറഞ്ഞു നിന്നത്. അതു ശരിവയ്ക്കുന്നതു പോലെയായിരുന്നു ഇംഗ്ലണ്ടിന്റെ തുടക്കം. ഓപ്പണറായ ഗ്രേം ഫഌവറും ക്രിസ്ടവറിയും കത്തിക്കയറിയപ്പോള്‍ ഇന്ത്യന്‍ ബൗളിങ്ങിനെ ഗാലറിയിലിരുന്ന് ഇംഗ്ലീഷുകാര്‍ പരിഹസിക്കുകയായിരുന്നു. പക്ഷേ 69 റണ്‍സെടുത്ത ഓപ്പണിംഗ് കൂട്ടുകെട്ട് പൊളിച്ച് ഇന്ത്യ മത്സരത്തിലേക്ക് തിരിച്ചു വന്നു. നായകനായ കപിലായിരുന്നു ആ മത്സരത്തില്‍ മുന്നില്‍ നിന്ന് പടനയിച്ചത്. 35 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റുകള്‍ കപില്‍ വീഴ്ത്തിയപ്പോള്‍ മൊഹീന്ദര്‍ അമര്‍നാഥും റോജര്‍ ബിന്നിയും രണ്ടുവിക്കറ്റുകള്‍ വീതം നേടി ക്യാപ്റ്റന് ശക്തമായി പിന്തുണ നല്‍കി. 214 റണ്‍സിന്റെ ലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യയ്ക്ക് പക്ഷേ തുടക്കത്തിലേ തിരിച്ചടിയേറ്റു. സ്‌കോര്‍ ബോര്‍ഡില്‍ 50 റണ്‍സായപ്പോള്‍ ഓപ്പണര്‍മാരായ ഗവാസ്‌ക്കറും ശ്രീകാന്തും ഡ്രസിംഗ് റൂമിലേക്ക് തിരിച്ചെത്തി. സംയമനം വിടാതെ കളിച്ച അമര്‍നാഥും യശ്പാല്‍ ശര്‍മ്മയും സന്ദീപ് പാട്ടീലും കളിച്ചപ്പോള്‍ 54.4 ഓവറില്‍ ഇന്ത്യ ചരിത്രനിമിഷത്തിനരികെയെത്തി. ഇനി കൈയ്ക്കും കപ്പിനുമിടയില്‍ ഒരുകളി ദൂരം മാത്രം.

1983 ജൂണ്‍ 25; ഇന്ത്യ ഓര്‍ക്കാനും വെസ്റ്റിന്റീസ് മറക്കാനും ശ്രമിക്കുന്ന ദിവസം

ക്രിക്കറ്റിന്റെ ഈറ്റില്ലമായ ലോര്‍ഡ്‌സ് ലോകകപ്പ് ഫൈനലിനായി നിറഞ്ഞു കവിഞ്ഞു. ഇന്ത്യയുടെ എതിരാളികളായി ഹാട്രിക് കിരീടവും ലക്ഷ്യമിട്ട് സാക്ഷാല്‍ വെസ്റ്റിന്റീസ് തന്നെയെത്തി. സെമിഫൈനലില്‍ പാകിസ്ഥാനെ എട്ട് വിക്കറ്റിന് തോല്‍പ്പിച്ചുകൊണ്ടായിരുന്നു വെസ്റ്റിന്റീസിന്റെ കടന്നുവരവ്. വെസ്റ്റിന്റീസിനെ സംബന്ധിച്ച് കഴിഞ്ഞ ലോകകപ്പിന്റ തനിയാവര്‍ത്തനാമായിരുന്നു ഇതും. ഒരു പരിശീലന മത്സരത്തിന്റെ ലാഘവത്തോടെ മാത്രമേ വെസ്റ്റിന്റീസ് ആ ഫൈനലിനെ സമീപിച്ചിരുന്നുള്ളു.

മറുഭാഗത്ത് ഇന്ത്യയാകട്ടെ ഒരിക്കലും പ്രതീക്ഷിക്കാത്ത നിലയില്‍ നിന്നും ഫൈനലിലേക്കെത്തിയ ത്രില്ലിലായിരുന്നു. പക്ഷേ കളിയുടെയും കളിക്കിടയിലെ മാനസിക പിരിമുറക്കുത്തിന്റെയും തോത് അറിയാവുന്ന ക്യാപ്റ്റന്‍ കപില്‍ദേവ് ടീം അംഗങ്ങളില്‍ ആരെയും അതിരറ്റ് ആഹ്ലാദിക്കാന്‍ അനുവദിച്ചിരുന്നില്ല. ഇതുവരെയെത്തിയില്ലേ, ഇനിയൊന്ന് ശ്രമിച്ചുനോക്കുന്നതില്‍ തെറ്റില്ലെന്ന നിലപാടുമായി കപില്‍ തന്റെ സഹപ്രവര്‍ത്തകരേയും നയിച്ച് ഗ്രൗണ്ടിലെത്തി.

മത്സരത്തിന്റെ ഒന്നാം അമ്പയറായി എത്തിയത് ഇതിഹാസ താരമായ ഡിക്കി ബേര്‍ഡായിരുന്നു. ടോസ് നേടിക്കൊണ്ട് വെസ്റ്റിന്റീസ് തങ്ങളുടെ ആധികാരികത ഉറപ്പിച്ചു. ഇന്ത്യയ്ക്ക് ബാറ്റിംഗ്. എന്നാല്‍ ആരാധകര്‍ പ്രതീക്ഷച്ച ഒരു ഇന്ത്യന്‍ ടീമിനെയായിരുന്നില്ല ലോര്‍ഡ്‌സില്‍ കണ്ടത്. കരീബിയന്‍ പേസര്‍മാരുടെ മുന്നില്‍ തകര്‍ന്നടിയുകയായിരുന്നു ഇന്ത്യന്‍ ടീം. ലോകോത്തര ബാറ്റസ്മാനായ ഗവാസ്‌കര്‍ 2 റണ്‍സിന് പുറത്തായപ്പോള്‍ തന്നെ വെസ്റ്റിന്റീസ് ക്യാമ്പില്‍ ആഹഌദം തുടങ്ങിയിരുന്നു. കൂറ്റനടിക്ക് പേരുകേട്ട ശ്രീകാന്ത് സ്‌കോര്‍ ചെയ്ത 38 റണ്ണും സന്ദീപ് പാട്ടീലിന്റെ 27 ഉം മൊഹീന്ദര്‍ അമര്‍നാഥിന്റെ 26 ഉം കഴിഞ്ഞാല്‍ അടുത്ത മികച്ച സ്‌കോര്‍ വെസ്റ്റിന്റീസുകാര്‍ ദാനമായി നല്‍കിയ എക്‌സ്ട്രാസായ 20 റണ്ണാണ്. നല്ലൊരു സ്‌കോര്‍ പടുത്തുയര്‍ത്തി വെസ്റ്റിന്റീസിനെ സമ്മര്‍ദ്ദത്തിലാക്കുകയെന്ന തന്ത്രം വെസ്റ്റിന്റീസ് പേസര്‍മാര്‍ക്ക് മുന്നില്‍ പരാജയപ്പെട്ട് ഇന്ത്യ 54.4 ഓവറില്‍ വെറും 183 ന് ഒതുങ്ങുകയായിരുന്നു.

വീവ് റിച്ചാര്‍ഡ്‌സും മഗാര്‍ഡന്‍ ഗ്രീനിഡ്ജും ഉള്‍പ്പെടെയുള്ള ഇതിഹാസ ബാറ്റിംഗ് നിരയ്ക്കു മുന്നില്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ അടികൊണ്ട് ചൂളുന്ന രംഗങ്ങള്‍ ഇന്ത്യന്‍ ആരാധകര്‍ തന്നെ ഭാവനയില്‍ കണ്ടു. എന്നാല്‍ ക്യാപ്റ്റന്‍ കപില്‍ദേവിന്റെ മനസ്സില്‍ വേറൊരു കാര്യമായിരുന്നു ഉണ്ടായിരുന്നത്. രണ്ടാം ഇന്നിംഗ്‌സിലെ ബൗളിംഗിനായി ഗ്രൗണ്ടിലേക്ക് ഇറങ്ങുന്നതിന് മുമ്പ് ക്യാപ്റ്റന്‍ സഹകളിക്കാരോട് പറഞ്ഞു. ”നമ്മള്‍ ഇവിടെ വരെ എത്തുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല. ഇപ്പോഴും സമയം വൈകിയിട്ടില്ല. ഒന്നു ശ്രമിച്ചുനോക്കുക. ചിലപ്പോള്‍ നമുക്കത് നേടാനായേക്കും.”

ക്യാപ്റ്റന്റെ വാക്കുകള്‍ അക്ഷരംപ്രതി അനുസരിക്കാന്‍ തയ്യാറായി ഇന്ത്യന്‍ ടീം ഗ്രൗണ്ടിലേക്ക് എത്തി. ബാറ്റിംഗ് തുടങ്ങിയ വെസ്റ്റിന്റീസിന്റെ സ്‌കോര്‍ബോര്‍ഡില്‍ 5 റണ്‍സുള്ളപ്പോള്‍ ഇതുവരെയുള്ള എല്ലാ കളികളിലും മനോഹരമായി ബാറ്റ് ചെയ്ത ഗോര്‍ഡന്‍ ഗ്രീനിഡ്ജിന്റെ വിക്കറ്റ് തെറിപ്പിച്ചുകൊണ്ട് ബല്‍വീന്ദര്‍സിംഗ് സന്ദു ഇന്ത്യന്‍ തിരിച്ചുവരവിന്റെ ിടിമുഴക്കം സൃഷ്ടിച്ചു. തൊട്ടടുത്ത ഊഴം മദന്‍ലാലിന്റെതായിരുന്നു. മദന്‍ലാലിന്റെ പന്തില്‍ ബിന്നി പിടിച്ച് ഹെയ്ന്‍സ് പുറത്താകുമ്പോള്‍ സ്‌കോര്‍ബോര്‍ഡില്‍ 50 റണ്‍സ്. പക്ഷേ അപ്പോഴും അപകടം അവസാനിച്ചില്ലായിരുന്നു. കാരണം ഒരുകളി ഒറ്റയ്ക്കു ജയിപ്പിക്കാന്‍ പ്രാപ്തനായ വിവിയന്‍ റിച്ചാര്‍ഡ്‌സ് ക്രീസില്‍ ബാളിനേക്കാള്‍ കൂടുതല്‍ റണ്ണടിച്ച് ക്രീസില്‍ നില്‍ക്കുന്നുണ്ടായിരുന്നു.

Kapil

മദന്‍ലാലിനെ ഒരു ഓവറില്‍ മൂന്ന് ഫോറടിച്ച് ആക്രമണത്തിന് മൂര്‍ച്ചകൂട്ടിയ റിച്ചാര്‍ഡ്‌സിനെ മദന്‍ലാല്‍ തന്നെ ഒടുവില്‍ വീഴ്ത്തി. സ്‌കോര്‍ 57 ല്‍ നില്‍ക്കേ മദന്‍ലാലിനെ ഉയര്‍ത്തിയടിക്കാന്‍ ശ്രമിച്ച റിച്ചാര്‍ഡ്‌സിനെ കപില്‍ദേവ് മുപ്പതുവാര പിറകിലേക്ക് ഓടിയെടുത്ത ‘നൂറ്റാണ്ടിന്റെ ക്യാച്ചി’ലൂടെ പുറത്താക്കുമ്പോള്‍ ലോര്‍ഡ്‌സിലെ ഗാലറികള്‍ നടുങ്ങി. 80 കോടി ജനങ്ങളുടെ പ്രതീക്ഷകളുമായെത്തിയ ഇന്ത്യ ലക്ഷ്യത്തിലേക്ക് നടന്നു നീങ്ങുന്നതിന്റെ സൂചന ഗാലറികളിലെ ശബ്ദങ്ങളില്‍ പ്രതിഫലിച്ചു. വീണ്ടും മദന്‍ലാല്‍ ആഞ്ഞടിച്ചു. 5 റണ്‍സുമായി നിന്ന ഗോമസിനെ ഗവാസ്‌കറിന്റെ കൈകളില്‍ എത്തിച്ചാണ് മദന്‍ലാല്‍ തന്റെ ജോലി പൂര്‍ത്തിയാക്കിയത്.

സാക്ഷാല്‍ ക്ലൈവ് ലോയ്ഡിനെ റോജര്‍ ബിന്നിയുടെ പന്തില്‍ കപില്‍ദേവ് പിടിച്ച് പുറത്താക്കുമ്പോള്‍ വെസ്റ്റിന്റീസിന്റെ സ്‌കോര്‍ ബോര്‍ഡ് 5 ന് 66 എന്ന നിലയിലായിരുന്നു. അതേ സ്‌കോറില്‍ പത്ത് റണ്‍സുകൂടി കൂട്ടിച്ചേര്‍ത്തപ്പോള്‍ 8 റണ്‍സെടുത്ത ബാക്കസിന്റെ വിക്കറ്റും വീണു. ഗ്യാലറികളില്‍ മടക്കിവെച്ചിരുന്ന ഇന്ത്യന്‍ പതാകകള്‍ ആകാശത്തേക്ക് വീശിത്തുടങ്ങിയിരുന്നു.

പക്ഷേ പിന്നീട് കണ്ടത് വെസ്റ്റിന്റീസ് വിക്കറ്റ് കീപ്പര്‍ ഡൂജോണിന്റേയും മാര്‍ഷലിന്റെയും ചെറുത്ത് നില്‍പ്പാണ്. എന്നാല്‍ ക്യാപ്റ്റന്‍ കപില്‍ദേവ് കൃത്യസമയത്ത് മൊഹീന്ദര്‍ അമര്‍നാഥിനെ പന്തേല്‍പ്പിക്കുകയും അമര്‍നാഥ് 25 റണ്‍സെടുത്ത ഡൂജോണിന്റെ വീക്കറ്റ് തെറിപ്പിക്കുകയും ചെയ്തതോടെ ആ കൂട്ടുകെട്ടിന് വിരാമമായി. അപ്പോള്‍ വെസ്റ്റിന്റീസ് സ്‌കോബോര്‍ഡില്‍ 119 റണ്‍സായിരുന്നു. അടുത്ത വിക്കറ്റും അമര്‍നാഥിന് തന്നെയായിരുന്നു. അമര്‍നാഥിന്റെ ബോളില്‍ മാര്‍ഷലിനെ ഗവാസ്‌കര്‍ പിടിക്കുമ്പോള്‍ മാര്‍ഷലിന് 18 ഉം സ്‌കോര്‍ബോര്‍ഡില്‍ 124 റണ്‍സുമായി തെളിഞ്ഞു നിന്നു.

ക്യാപ്റ്റന്റെ കളിപുറത്തെടുത്ത് ലോകം കണ്ട മികച്ച ഓള്‍റൗണ്ടര്‍ കപില്‍ദേവ് 126 ല്‍ റോബര്‍ട്‌സിനെ വിക്കറ്റിന് മുന്നില്‍ കുടുക്കിയതോടെ ലോര്‍ഡ്‌സ് പൊട്ടിത്തെറിയുടെ വക്കിലായി. ഇനി ലക്ഷ്യത്തിലേക്ക് വെറും ഒരു വിക്കറ്റ് മാത്രം. സ്‌കോര്‍ 126 ല്‍ നിന്നും 140 റണ്‍സിലെത്തുന്നതുവരെ മാത്രമേ ആ ഒരു ആശങ്കയ്ക്ക് ആയുസ്സുണ്ടായിരുന്നുള്ളു. അമര്‍നാഥിന്റെ നല്ലൊരു പന്തിനുമുന്നില്‍ 6 റണ്‍സെടുത്ത ഹോള്‍ഡിംഗ് കുടുങ്ങിയതോടെ ലോര്‍ഡ്‌സ് പൊട്ടിത്തെറിച്ചു. 43 റണ്‍സിന് അകലെ ചാമ്പ്യന്‍മാരെ നിഷ്‌രപഭരാക്കി ലോകകിരീടത്തിന് പുതിയ അവകാശികളെത്തിയിരിക്കുന്നു. ആരുമറിയാതെ ആരവമുയര്‍ത്താതെ അവര്‍ അത് നേടിയിരിക്കുന്നു. ലോകം ആ ടീമിനെ കപിലിന്റെ ചെകുത്താന്‍മാര്‍ എന്നു വിളിച്ചു.

Kapill

വര്‍ഷങ്ങള്‍ പലതുകഴിഞ്ഞാലും ഇന്ത്യ സ്വന്തമാക്കിയ ഈ ഒരു ലോകകിരീടത്തെ ആരും മറക്കാനിടയില്ല. മറ്റൊരു ലോകകപ്പ് പടിവാതില്‍ക്കല്‍ എത്തിനില്‍ക്കുന്ന ഈ അവസരത്തില്‍ ഇന്ത്യന്‍ ടീമിന്റെ പ്രകടനം ആരാധകരെ അലോസരപ്പെടുത്തുന്നുണ്ടെങ്കിലും അവര്‍ വീണ്ടും വിശ്വസിക്കുന്നു ഒരു അത്ഭുതം വീണ്ടും സംഭവിക്കുമെന്ന്. ഒരുകൂട്ടം ചെകുത്താന്‍മാര്‍ ഓസ്‌ട്രേലിയന്‍ മണ്ണില്‍ വീണ്ടും ജനിക്കുമെന്ന്.