യു.പി.എ അനുമതി നല്‍കിയ പദ്ധതികള്‍ പുനഃപരിശോധിക്കുമെന്ന് കേന്ദ്ര സർക്കാർ

single-img
30 January 2015

Prakash-Javedkarന്യൂഡല്‍ഹി: മുന്‍ കേന്ദ്രമന്ത്രി ജയന്തി നടരാജന്‍റെ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ യു.പി.എ അനുമതി നല്‍കിയ പദ്ധതികള്‍ പുനഃപരിശോധിക്കുമെന്ന് കേന്ദ്ര സർക്കാർ. കേന്ദ്ര പരിസ്ഥിതി വകുപ്പ്മന്ത്രി പ്രകാശ് ജാവഡേക്കറാണ് ഇക്കാര്യം അറിയിച്ചത്.

ചില വന്‍കിട പദ്ധതികള്‍ക്ക് പാരിസ്ഥിതികാനുമതി ലഭിക്കാന്‍ രാഹുല്‍ ഗാന്ധി പരിസ്ഥിതി വകുപ്പില്‍ വഴിവിട്ട് ഇടപെട്ടുവെന്ന് വാര്‍ത്താസമ്മേളനത്തില്‍ ആവര്‍ത്തിച്ചശേഷമാണ് ജയന്തി നടരാജന്‍ കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ചത്.

പദ്ധതികള്‍ക്ക് അനുമതി നല്‍കുമ്പോള്‍ മാനദണ്ഡങ്ങളൊന്നും പാലിച്ചിരുന്നില്ലെന്ന് ജയന്തി നടരാജന്റെ ആരോപണങ്ങളില്‍ നിന്ന് വ്യക്തമാണെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. നേതാക്കളുടെ വ്യക്തിതാത്പര്യങ്ങള്‍ക്ക് അനുസരിച്ചാണ് പദ്ധതികള്‍ക്ക് അനുമതി നല്‍കിയിരുന്നതെന്ന് തെളിഞ്ഞിരിക്കുകയാണെന്നും ധനമന്ത്രി കുറ്റപ്പെടുത്തി. ഇത് വ്യക്തമായ അഴിമതിയാണ്.  പദ്ധതികള്‍ക്ക് അനുമതി വൈകിയതിനാലാണ് യു.പി.എ സര്‍ക്കാരിന്റെ വളര്‍ച്ചാനിരക്കില്‍ കുറവുണ്ടായത്-ജെയ്റ്റ്‌ലി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.