മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജയന്തി നടരാജന്‍ കോണ്‍ഗ്രസിൽ നിന്നും രാജി വെച്ചു

single-img
30 January 2015

jayanthi-nadarajanന്യൂഡല്‍ഹി: മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായിരുന്ന ജയന്തി നടരാജന്‍ കോണ്‍ഗ്രസിൽ നിന്നും രാജി വെച്ചു. ഉച്ചയ്ക്ക് ചെന്നൈയില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് ജയന്തി നടരാജന്‍ പാര്‍ട്ടിയില്‍ നിന്നുള്ള പ്രാഥമികാംഗത്വം രാജിവയ്ക്കുന്ന വിവരം അറിയിച്ചത്. നേരത്തെ ജയന്തി കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിക്ക് രാഹുല്‍ ഗാന്ധിക്കെതിരെ എഴുതിയ കത്ത് പുറത്തായിരുന്നു. ഇതിന് തൊട്ടു പിറകെയായിരുന്നു രാജിപ്രഖ്യാപനം. തന്റെയും കുടുംബത്തിന്റെയും മാന്യത കാക്കാനാണ് രാജിവയ്ക്കുന്നതെന്നും 1986 മുതല്‍ രാഷ്ട്രീയത്തില്‍ സജീവമായ തനിക്കെതിരെ ആര്‍ക്കെങ്കിലും എന്തെങ്കിലും അഴിമതി ആരോപണം ഉന്നയിക്കാന്‍ കഴിഞ്ഞാല്‍ വേണമെങ്കില്‍ വധശിക്ഷ സ്വീകരിക്കാന്‍ ഒരുക്കമാണെന്ന് ജയന്തി പറഞ്ഞു.

യു.പി.എ സര്‍ക്കാര്‍ പരിസ്ഥിതി അനുമതി നല്‍കിയ പദ്ധതികള്‍ പുന:പരിശോധിക്കാനുള്ള എന്‍.ഡി.എയുടെ തീരുമാനം സ്വാഗതാര്‍ഹമാണെന്നും. കൂടാതെ ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പുമായി തന്റെ പേര് കൂട്ടിക്കുഴയ്ക്കുന്നതില്‍ കാര്യമില്ലെന്നും ജയന്തി പറഞ്ഞു.

വന്‍കിട കോര്‍പ്പറേറ്റുകള്‍ക്കുവേണ്ടി പരിസ്ഥിതി മന്ത്രാലയത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ രാഹുല്‍ ഇടപെട്ടു എന്നതടക്കമുള്ള ഗുരുതരമായ ആരോപണങ്ങളാണ് വാര്‍ത്താസമ്മേളനത്തിലും സോണിയക്ക് അയച്ച കത്തിലും ജയന്തി നടരാജന്‍ ഉന്നയിച്ചത്. താന്‍ തടഞ്ഞുവെച്ച ചില പദ്ധതികള്‍ക്ക് പാരിസ്ഥിതികാനുമതി നല്‍കാനായി രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടിരുന്നു. കൂടാതെ രണ്ടാം യു.പി.എ സര്‍ക്കാരിന്റെ ഓരോ ചെറിയ കാര്യങ്ങളില്‍ പോലും രാഹുല്‍ ഇടപെട്ടിരുന്നുവെന്നും കത്തില്‍ ആരോപണമുണ്ട്.

ലോക്‌സഭാ തിരഞ്ഞെടുപ്പിന് നൂറ് ദിവസം മാത്രമുള്ളപ്പോഴാണ് ജയന്തി നടരാജന്‍ മന്ത്രിസ്ഥാനം രാജിവച്ചത്. പാര്‍ട്ടിപ്രവര്‍ത്തനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് രാജി എന്നായിരുന്നു പാര്‍ട്ടി നല്‍കിയ വിശദീകരണം. എന്നാല്‍, ഇതിനെ ഖണ്ഠിക്കുന്നതാണ് ഇപ്പോഴത്തെ വളിപ്പെടുത്തലുകള്‍.