കിരണ്‍ബേദിക്ക്‌ രണ്ട് തിരിച്ചറിയല്‍ കാര്‍ഡ്; തെരഞ്ഞെടുപ്പ്‌ കമ്മീഷന്‍ അന്വേഷണം ആരംഭിച്ചു

single-img
30 January 2015

kiranന്യൂഡല്‍ഹി: ഡല്‍ഹിയില്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ മുഖ്യമന്ത്രി സ്‌ഥാനാര്‍ത്ഥി കിരണ്‍ബേദിക്ക്‌ രണ്ട് തിരിച്ചറിയല്‍ കാര്‍ഡ്. ആപ്പും കോണ്‍ഗ്രസും ഇക്കാര്യത്തില്‍ തെളിവുമായി രംഗത്ത്‌ എത്തിയ സാഹചര്യത്തിൽ തെരഞ്ഞെടുപ്പ്‌ കമ്മീഷന്‍ അന്വേഷണം തുടങ്ങി. കമ്മീഷന്‍െറ പക്കലുള്ള രേഖകള്‍ പ്രകാരം കിരണ്‍ ബേദി ഡല്‍ഹിയിലെ രണ്ട് വിലാസങ്ങളിലായി രണ്ട് കാര്‍ഡുകള്‍ ഉണ്ടാക്കിയിട്ടുണ്ട്.

ബേദിയുടെ തിരിച്ചറിയല്‍ കാര്‍ഡുകള്‍ ഉദയ്‌പാര്‍ക്ക്‌, ടോക്കട്ടോര്‍ ലേന്‍ എന്നീ വിലാസങ്ങളിൽ ഉള്ളതാണ്‌. രണ്ട് തിരിച്ചറിയല്‍ കാര്‍ഡുകള്‍ നിയമലംഘനമാണ് അതിനാൽ അന്വേഷിക്കുമെന്നും ഇലക്ഷന്‍ കമ്മീഷന്‍ ഉദ്യോഗസ്‌ഥര്‍ പറഞ്ഞു. ടാക്കട്ടോര്‍ ലേന്‍ അഡ്രസിലുള്ള ആദ്യ കാര്‍ഡ്‌ കാന്‍സല്‍ ചെയ്യാന്‍ ബേദി അപേക്ഷിച്ചിരുന്നോ എന്ന കാര്യം പരിശോധനയ്‌ക്ക് വിധേയമാക്കുമെന്ന്‌ കമ്മീഷന്‍ ഉദ്യോഗസ്‌ഥര്‍ പറഞ്ഞു. അല്ലാത്ത പക്ഷം ബേദിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന സൂചനയും കമ്മീഷന്‍ വൃത്തങ്ങള്‍ നല്‍കി.

ബേദി നാമനിര്‍ദേശ പത്രികയില്‍ നല്‍കിയിട്ടുള്ളത്‌ ഉദയ്‌പാര്‍ക്ക്‌ വിലാസമാണ്‌. ബേദി നിയമലംഘനം നടത്തിയതിന്‌ തെളിവുണ്ടെന്ന്‌ ആംആദ്‌മിപാര്‍ട്ടി നേതാവ്‌ അരവിന്ദ്‌ കെജ്രിവാള്‍ പറഞ്ഞു. ആപ്പ് പ്രവര്‍ത്തകര്‍ ഒന്നിലേറെ സ്ഥലങ്ങളില്‍ വോട്ടുണ്ടാക്കിയെന്നായിരുന്നു ബി.ജെ.പി അഖിലേന്ത്യാ അധ്യക്ഷന്‍ അമിത് ഷാ ആരോപിച്ചിരുന്നത്. ഇങ്ങനെയെങ്കില്‍ പരിശോധിക്കേണ്ടതെന്നും ബി.ജെ.പിയുടെ കാര്യമാണ്  ആപ്പ് വക്താവ് പറഞ്ഞു. ബേദിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യണമെന്ന് ഡി.പി.സി.സി വക്താവ് ആവശ്യപ്പെട്ടു.