സോണിയക്കും രാഹുലിനും രൂക്ഷ വിമർശനവുമായി ജയന്തി നടരാജന്റെ കത്ത് പുറത്ത്

single-img
30 January 2015

jayanthi-nadarajanന്യൂഡല്‍ഹി: കോൺഗ്രസ് ദേശീയ നേതൃത്വത്തെ വിമർശിച്ച് മുതിര്‍ന്ന നേതാവിന്റെ കത്ത് പുറത്ത്. മുന്‍ കേന്ദ്ര വനം, പരിസ്‌ഥിതി മന്ത്രി ജയന്തി നടരാജന്റെതാണ് കത്ത്‌. പാര്‍ട്ടി പ്രസിഡന്റ്‌ സോണിയ ഗാന്ധിയെയും വൈസ്‌ പ്രസിഡന്റ്‌ രാഹുല്‍ ഗാന്ധിയെയും രൂക്ഷമായി കത്തിൽ വിമര്‍ശിച്ചിട്ടുണ്ട്. മുന്‍ കേന്ദ്രമന്ത്രി ജയന്തി നടരാജൻ സോണിയാഗാന്ധിക്ക് വള്ളിയാഴിച്ച രാജിക്കത്ത് നല്‍കും.

മാധ്യമങ്ങളിലൂടെ നിരന്തരമായി താന്‍ അപമാനിക്കപ്പെടുന്നുവെന്ന് സോണിയ ഗാന്ധിക്കയച്ച കത്തില്‍ പറയുന്നു. മന്ത്രിയായിരിക്കെ വന്‍ സമ്മര്‍ദ്ദമാണ് തനിക്ക് നേരിടേണ്ടി വന്നത്. പാരിസ്‌ഥിതികാനുമതികള്‍ക്കായി രാഹുല്‍ ഗാന്ധി വഴിവിട്ട ഇടപെടലുകള്‍ നടത്തി. കോര്‍പറേറ്റ്‌ താല്‍പര്യങ്ങള്‍ക്ക്‌ വേണ്ടി രാഹുല്‍ ഇടപെട്ടു.  വേദാന്തയുടെ ബോക്സൈറ്റ് ഖനനം ഉള്‍പ്പെടെയുള്ള പല പദ്ധതികള്‍ക്കും പാരിസ്ഥിതിക അനുമതി നല്‍കരുതെന്ന് രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടെന്നും കത്ത് വ്യക്തമാക്കുന്നു. സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങേണ്ടി വന്നത് തന്റെ രാഷ്ട്രീയ ജീവിതത്തെ ദോഷകരമായി ബാധിച്ചു.

പാര്‍ട്ടിക്കുള്ളില്‍ തന്നെ ചീത്തപ്പേരുണ്ടായി. മാധ്യമങ്ങളിലൂടെയും നിരന്തരമായി അപമാനിക്കപ്പെടുന്നു. 2011 മുതല്‍ കടുത്ത സമ്മര്‍ദ്ദമുണ്ടായിട്ടുണ്ട്. 2013 ഡിസംബര്‍ 23 മുതല്‍ കത്തയയ്‌ക്കുന്ന നിമിഷം വരെ എന്തിനാണ്‌ തന്റെ രാജി ആവശ്യപ്പെട്ടതെന്ന്‌ സോണിയ പറഞ്ഞിട്ടില്ലെന്നും കത്തില്‍ പറയുന്നു. തെറ്റു ചെയ്‌തിട്ടുണ്ടെങ്കില്‍ അതിനെ കുറിച്ച്‌ വിശദീകരണം ചോദിക്കണമായിരുന്നുവെന്നും ജയന്തിയുടെ കത്തില്‍ പറയുന്നു.രാജിക്ക് ശേഷവും രാഹുല്‍ ഗാന്ധിയുടെ ഓഫീസ് കേന്ദ്രീകരിച്ച് വാര്‍ത്തകള്‍ ചമച്ചുണ്ടാക്കി. ഇത്തരമൊരു സാഹചര്യത്തില്‍ കോണ്‍ഗ്രസില്‍ തുടരാന്‍ താല്‍പര്യമില്ലെന്നും കത്തില്‍ പറയുന്നു.

കേരളത്തിന്റെ കാര്യവും ജയന്തി നടരാജന്റെ കത്തില്‍ പരാമര്‍ച്ചിട്ടുണ്ട്. പശ്‌ചിമഘട്ട സംരക്ഷണ വിജ്‌ഞാപനം തനിക്ക്‌ കേരളത്തില്‍ ശത്രുക്കളെ സമ്പാദിച്ചു നല്‍കിയെന്നും കത്തില്‍ പറയുന്നുണ്ട്‌.