മാണിക്ക് യു ഡി എഫ് പിന്തുണ;പിള്ളയ്ക്കും ജോര്‍ജിനും എതിരെ നടപടിയില്ല

single-img
29 January 2015

16420_210391 (1)ബാര്‍കോഴ വിഷയത്തില്‍ ആരോപണ വിധേയനായ ധനമന്ത്രി കെ.എം മാണിക്ക് യു ഡി എഫിന്റെ  പിന്തുണ. ആര്‍. ബാലകൃഷ്ണപിള്ളയ്ക്കും പി.സി. ജോര്‍ജിനുമെതിരെ തത്കാലം നടപടി വേണ്ടെന്ന് യു.ഡി.എഫ്. തീരുമാനം. ഇരുവരും മുന്നണിയുമായി സഹകരിച്ച് മുന്നോട്ടുപോകണമെന്നതാണ് യു.ഡി.എഫ്. നേതൃയോഗത്തിലെ പൊതുവികാരം. പി.സി ജോര്‍ജിന്റെ പ്രസ്താവനകള്‍ മുന്നണിക്കും സര്‍ക്കാരിനും ദോഷം ചെയ്യുന്നതിനാല്‍ അദ്ദേഹം സ്വയം നിയന്ത്രിക്കണമെന്നും യു ഡി എഫ് അഭിപ്രായപ്പെട്ടു. മേലില്‍ ഇത്തരം പ്രസ്താവനകള്‍ നടത്തില്ലെന്ന് ജോര്‍ജ് യോഗത്തില്‍ വ്യക്തമാക്കി.

പിള്ളക്കും ജോര്‍ജിനുമെതിരെ ഘടക കക്ഷികള്‍ കടുത്ത വിമര്‍ശമാണ് നടത്തിയത്. ബിജു രമേശിനോട് പിള്ള സംസാരിച്ചത് ശരിയായില്ല. കെ.എം മാണിയെ പോലെ മുതിര്‍ന്ന നേതാവിനെ കുറിച്ച് പറയാന്‍ പാടില്ലാത്തതാണ് പറഞ്ഞത്. മുന്നണി മര്യാദക്കു ചേര്‍ന്ന പ്രവര്‍ത്തിയല്ല പിള്ളയുടേത്. യു ഡി എഫ് വികാരം ഉള്‍ക്കൊണ്ട് പിള്ള തെറ്റ് തിരുത്തണം. തെറ്റ് അംഗീകരിച്ചാല്‍ അദ്ദേഹത്തിന് യു.ഡി.എഫില്‍ തുടരാമെന്നും യോഗം നിലപാടെടുത്തു.

 

മുന്നണി യോഗത്തിന് മുമ്പ് രണ്ട് മണിക്കൂറോളം ഉമ്മന്‍ ചാണ്ടി, വി.എം. സുധീരന്‍, പി.പി. തങ്കച്ചന്‍ എന്നിവര്‍ പി.സി. ജോര്‍ജുമായി സംസാരിച്ചിരുന്നു. ഈ ചര്‍ച്ചയില്‍ ഏകദേശ ധാരണയും രൂപപ്പെട്ടു. അതിനെ തുടര്‍ന്നാണ് മുന്നണി നേതൃയോഗം ചേര്‍ന്നത്.കോണ്‍ഗ്രസ് വക്താക്കളുടെ ചാനല്‍ ചര്‍ച്ചകള്‍ നിയന്ത്രിക്കണമെന്ന് യോഗത്തില്‍ പൊതുവില്‍ അഭിപ്രായം ഉയര്‍ന്നു. പാര്‍ട്ടിയുടെയോ മുന്നണിയുടെയോ നിലപാട് അറിയാതെയാണ് വക്താക്കള്‍ ചാനല്‍ ചര്‍ച്ചകളില്‍ പലതും തട്ടിവിടുന്നത്. മാണി ബജറ്റ് അവതരിപ്പിക്കുന്നതിനെ ചൊല്ലി ഉയര്‍ന്ന വിവാദത്തില്‍ കോണ്‍ഗ്രസ് വക്താവിനും പങ്കുണ്ടെന്ന് ആക്ഷേപം ഉയര്‍ന്നു

 

ആരോപണം ഉയര്‍ന്നതുകൊണ്ടുമാത്രം ആരും കുറ്റക്കാരാകുന്നില്ല. കോഴ ആരോപണം ഉയര്‍ത്തിയ ബിജു രമേശ് ഇത്രയും ദിവസമായിട്ടും അത് തെളിയിക്കുന്നതിനാവശ്യമായ ഒരു തെളിവും കൊണ്ടുവരുന്നില്ല. കേട്ടുകേള്‍വിയുടെ അടിസ്ഥാനത്തിലുള്ള ആരോപണങ്ങള്‍ മാത്രമാണ് ബിജുവിന്റെതെന്നും യോഗം വിലയിരുത്തി.