ജനതാ പരിവാര്‍ രൂപീകരണം അനിശ്ചിതത്വത്തില്‍

single-img
29 January 2015

janatha-parivarഡല്‍ഹി: ജനതാ പരിവാര്‍ രൂപീകരണം അനിശ്ചിതത്വത്തില്‍. ദേശീയ തലത്തില്‍ ബിജെപിക്കെതിരെ മതേതര കക്ഷികളുടെ കൂട്ടായ്മ എന്ന രീതിയില്‍ സജീവ ചര്‍ച്ചയായിരുന്ന ജനതാ പരിവാറിന്റെ രൂപീകരണം എങ്ങുമെത്തിയില്ല. പ്രമുഖ കക്ഷികളായ ജനതാ ദള്‍(യു) ആര്‍ജെഡി സഖ്യം യാഥാര്‍ത്ഥ്യമാവാന്‍ ഇടയില്ല എന്ന നിലയിലാണ് കാര്യങ്ങള്‍ നീങ്ങുന്നത്. ഇരുപാര്‍ട്ടികളും തമ്മില്‍ കടുത്ത ഭിന്നത നിലനില്‍ക്കുന്നതിനാൽ  പരിവാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട എല്ലാ ചര്‍ച്ചകളും നിര്‍ത്തിവച്ചിരിക്കുകയാണ്.

ജനുവരി 30ന് വിവിധ ജനതാ പാര്‍ട്ടികളുമായി ഡല്‍ഹിയില്‍ നിതീഷ് കുമാര്‍ നടത്താന്‍ നിശ്ചയിച്ച ചര്‍ച്ചയും മാറ്റിവെച്ചു.  ജനതപരിവാര്‍ രൂപീകരിക്കാനുള്ള ചര്‍ച്ചകള്‍ ഇപ്പോഴില്ല എന്നാണ് ജെഡിയു നേതൃത്വത്തിന്റെ പ്രതികരണം. ആര്‍ജെഡിയുവിന്റെയും ജെഡിയുവിന്റെയും പ്രവര്‍ത്തന ശൈലിയിലടക്കം വലിയ അന്തരമുണ്ടെന്നും അതിനാൽ യോജിച്ചുപോകാവുന്ന എന്തെങ്കിലും കണ്ടെത്തേണ്ടിയിരിക്കുന്നുവെന്നും ജെഡിയു നേതാക്കള്‍ അറിയിച്ചു.

അതേസമയം ലയന സാധ്യത ഇപ്പോഴും നിലനില്‍ക്കുന്നുവെന്നും സമവായത്തിനുള്ള സാധ്യത അവസാനിച്ചിട്ടില്ലെന്നുമാണ് ആര്‍ജെഡി നേതൃത്വത്തിന്റെ പ്രതികരണം. ലയനം ഏതുരൂപത്തിലായിരിക്കണം, പുതിയ പാര്‍ട്ടിയുടെ പേര്, പതാക, ഭരണഘടന, ചിഹ്നം എന്നി കാര്യങ്ങളിലെല്ലാം ധാരണയിലെത്തിച്ചേരേണ്ടതുണ്ടെന്ന് ആര്‍ജെഡി നേതാക്കള്‍ അറിയിച്ചു.