നിതാരി കൂട്ടക്കൊല; സുരേന്ദര്‍ കോലിയുടെ വധശിക്ഷ ജീവപര്യന്തമാക്കി

single-img
29 January 2015

nithariഅലഹാബാദ്: നിതാരി കൂട്ടക്കൊലക്കേസിലെ പ്രതി സുരേന്ദര്‍ കോലിയുടെ വധശിക്ഷ അലഹാബാദ് ഹൈക്കോടതി ജീവപര്യന്തമാക്കി കുറച്ചു. പീപ്പിള്‍സ് യൂണിയന്‍ ഫോര്‍ ഡെമോക്രാറ്റിക് റൈറ്റ് (പി.യു.ഡി.ആര്‍) എന്ന സംഘടന നല്‍കിയ പൊതുതാത്പര്യ ഹരജിയില്‍ ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ്, ജസ്റ്റിസ് പി.കെ.എസ്.ബാഗല്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്‍റേതാണ് ഉത്തരവ്. കോലിയുടെ ദയാഹര്‍ജി പരിഗണിക്കുന്നതില്‍ വന്‍ കാലതാമസം വന്നെന്നു ചൂണ്ടിക്കാട്ടിയാണിത്. ദയാഹര്‍ജി തീര്‍പ്പാക്കാന്‍ മൂന്നുവര്‍ഷവും മൂന്നു മാസവും എടുത്തത് പരിഗണിച്ചാണ് തീരുമാനം.

ദയാഹര്‍ജിയില്‍ തീരുമാനമെടുക്കുന്നത് ഇത്രയും വൈകിയ പശ്ചാത്തലത്തില്‍ വധശിക്ഷ നടപ്പാക്കുന്നത് ഭരണഘടനാ ലംഘനമാകുമെന്ന് ബെഞ്ച് വിധിന്യായത്തില്‍ ചൂണ്ടിക്കാട്ടി. പി.യു.ഡി.ആര്‍ കഴിഞ്ഞവര്‍ഷം ഒക്ടോബര്‍ 31-ന് നല്‍കിയ പൊതുതാത്പര്യ ഹര്‍ജി നൽകിയത്.

2006 ഡിസംബര്‍ 29-നാണ് മൊനിന്ദര്‍ സിങ് പാന്ദെറും വീട്ടുജോലിക്കാരനായ സുരേന്ദര്‍ കോലിയും തുടര്‍ന്ന് കൊലപാതകക്കേസില്‍ അറസ്റ്റിലാവുന്നത്. നോയ്ഡയില്‍ മൊനിന്ദറിന്റെ വീടിനു പുറത്തുള്ള ഓടയില്‍നിന്ന്, കാണാതായ പെണ്‍കുട്ടികളുടെ ശരീരാവശിഷ്ടങ്ങള്‍ കണ്ടെടുത്തതോടെയാണ് സംഭവങ്ങള്‍ക്ക് തുടക്കം. 19 പെണ്‍കുട്ടികളെ കൊന്ന് ശരീരം വെട്ടിനുറുക്കി കോലി മാലിന്യക്കനാലില്‍ എറിഞ്ഞെന്നാണ് കേസ്. മൊനിന്ദറിനെ പിന്നീട് കോടതി വെറുതെവിട്ടു.

2014 സെപ്തംബര്‍ രണ്ടിന് മരണ വാറന്റ് പുറപ്പെടുവിച്ച വിചാരണക്കോടതി അതേ മാസം 12-ന് കോലിയെ തൂക്കിലേറ്റണമെന്ന് ഉത്തരവിട്ടിരുന്നു. കോടതി ഇടപെടലിനെത്തുടര്‍ന്ന് തൂക്കിലേറ്റാന്‍ നാലു മണിക്കൂര്‍ ശേഷിക്കെയാണ് ഇത് നിര്‍ത്തിവെച്ചത്. തുടര്‍ന്നായിരുന്നു പൊതുതാത്പര്യ ഹര്‍ജി. എന്നാല്‍ അവസാന നിമിഷം ഇയാളുടെ വധശിക്ഷ സുപ്രീംകോടതി സ്റ്റേ ചെയ്യുകയും വധശിക്ഷയെ ചോദ്യം ചെയ്യാന്‍ കോലിയെ അനുവദിക്കണമെന്ന് ഉത്തരവിടുകയുമായിരുന്നു.