മാണിയുടെ രാജി ആവശ്യപ്പെട്ട് കേരള കോണ്‍ഗ്രസ് യോഗത്തില്‍ തർക്കം

single-img
29 January 2015

Maniതിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ ധനമന്ത്രി കെ.എം മാണിയുടെ രാജി ആവശ്യപ്പെട്ട് കേരള കോണ്‍ഗ്രസ് ഉന്നതാധികാര സമിതി യോഗത്തില്‍ തർക്കം. മാണി-ജോര്‍ജ് ഗ്രൂപ്പുകാര്‍ തമ്മിലാണ് രൂക്ഷമായ തര്‍ക്കം നടന്നത്. പി.സി. ജോര്‍ജിനെ അനുകൂലിക്കുന്ന ടി.എസ് ജോണാണ് മാണിയുടെ രാജി ആവശ്യമുയര്‍ത്തിയത്.  ആരോപണം ഉയര്‍ന്നപ്പോള്‍ തന്നെ മാണി മാറി നില്‍ക്കണമായിരുന്നു. ഒറ്റയ്ക്ക് രാജിവയ്ക്കാന്‍ കഴിയില്ലെങ്കില്‍ എല്ലാവരും രാജിവയ്ക്കണമായിരുന്നുവെന്നും ജോണ്‍ ആവശ്യപ്പെട്ടു. കേരള കോണ്‍ഗ്രസ് (എം)ന് രണ്ട് മന്ത്രിമാരും ചീഫ് വിപ്പുമാണ് ഉള്ളത്. മാണിയും മകൻ ജോസ്​.കെ മാണിയും മാത്രം ചേര്‍ന്ന് തീരുമാനമെടുക്കേണ്ട. ഈ പാര്‍ട്ടിയുടെ പിതൃത്വം ഒറ്റയ്ക്ക് ​വഹിക്കേണ്ടെന്നും പാര്‍ട്ടി രൂപീകരണ സമയത്തുള്ള മുതിര്‍ന്ന നേതാവ് താനാണെന്നും ടി.എസ് ജോണ്‍ പറഞ്ഞു.

അതേസമയം, ജോണിന്റെ ആവശ്യത്തെ എതിര്‍ക്കാനോ അനുകൂലിക്കാനോ യോഗത്തില്‍ ആരും തയാറായില്ല. പി.ജെ. ജോസഫും മൗനം പാലിച്ചു. തുടര്‍ന്ന് യോഗത്തില്‍  മാണിയും ജോര്‍ജും തമ്മിൽ രൂക്ഷമായ വാക്കു തര്‍ക്കമുണ്ടായി.  താന്‍ രാജിവയ്ക്കണമെന്ന് പറയാന്‍ ജോര്‍ജ് ആരാണ്. ജോസ് കെ.മാണിയെ മന്ത്രിയാക്കുമെന്ന വിവരം ജോര്‍ജിന് എവിടെ നിന്നു ലഭിച്ചു? ജോസ് കെ. മാണിയെ കുറിച്ച് ജോര്‍ജ് നടത്തിയ പരാമര്‍ശം അനുചിതമാണ്. വിവാദ പ്രസ്താവനകള്‍ ജോര്‍ജ് ഒഴിവാക്കണമെന്നും മാണി ആവശ്യപ്പെട്ടു.

അതിനിടെ, മന്ത്രിയാക്കാമെന്ന് പറഞ്ഞ് മാണി പറ്റിച്ചുവെന്ന് ജോര്‍ജ് ആരോപിച്ചു. പാര്‍ട്ടിക്ക് മൂന്ന് മന്ത്രിമാരുണ്ടാകുമെന്ന് മാണി ഉറപ്പുനല്‍കിയിരുന്നതാണെന്ന് ജോര്‍ജ് തിരിച്ചടിച്ചു. ജോസ് കെ. മാണിയെ മന്ത്രിയാക്കുമെന്ന് താന്‍ പറഞ്ഞതല്ല, മാധ്യമപ്രവര്‍ത്തകര്‍ ആവര്‍ത്തിച്ചു ചോദിച്ചപ്പോള്‍ അഭിപ്രായം പറഞ്ഞുവെന്നെയുള്ളുവെന്നും ജോര്‍ജ് മറുപടി നല്‍കി.