ബാര്‍ കോഴ; നാല് കോണ്‍ഗ്രസ് മന്ത്രിമാര്‍ പണം വാങ്ങിയെന്ന് തെളിയുന്ന ശബ്ദരേഖ പുറത്ത്

single-img
29 January 2015

BIJUതിരുവനന്തപുരം: ബാര്‍ കോഴ ആരോപണവുമായി ബന്ധപ്പെട്ട് കൂടുതല്‍ തെളിവുകള്‍ പുറത്ത്. ബാര്‍ അസോസിയേഷന്‍ യോഗത്തിലെ ശബ്ദരേഖയാണ് പുറത്തായത്.  ബിജു രമേശാണ് പുതിയ ശബ്ദരേഖ പുറത്തു വിട്ടത്. അസോസിയേഷന്‍ പ്രസിഡന്റ് രാജ്കുമാര്‍ ഉണ്ണിയുടെ അടക്കം സംഭാഷണം റെക്കോര്‍ഡ് ചെയ്ത ശബ്ദരേഖയിൽ ഉള്ളത്. ബാര്‍ഉടമകളുടെ കൂടിയാലോചനാ യോഗത്തില്‍ രാജ്കുമാര്‍ ഉണ്ണിയും ബിജുരമേശും മറ്റു അംഗങ്ങളും പറയുന്നത് ശബ്ദരേഖയില്‍ തെളിഞ്ഞു കേള്‍ക്കാം.

നാല് കോണ്‍ഗ്രസ് മന്ത്രിമാര്‍ പണം വാങ്ങിയെന്നും ബാര്‍ തുറക്കാനായില്ലെങ്കില്‍ മറ്റ് മന്ത്രിമാരുടെ പേരുകളും പുറത്ത് വിടുമെന്നും രാജ്കുമാര്‍ ഉണ്ണി ശബ്ദരേഖയില്‍ വ്യക്തമാക്കുന്നു.  മാണിസാറിന്റെ പേര് പറഞ്ഞപ്പോള്‍ മറ്റ് മന്ത്രിമാര്‍ കാലു പിടിച്ചെന്നും ശബ്ദരേഖയില്‍ പറയുന്നുണ്ട്. ഹൈക്കോടതിയില്‍ നിന്ന് അനുകൂല വിധി ലഭിച്ചാല്‍ സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിക്കും. എന്തെങ്കിലും അപ്പീല്‍ പറഞ്ഞ് സുപ്രീം കോടതിയില്‍ പോയാല്‍ എല്ലാ പേരുകളും പറയും. ഇപ്പോള്‍ മാണി സഹായിച്ച കഥയും പത്രസമ്മേളനം നടത്തി വണ്‍ ടൂ ത്രീ ഫോര്‍ എന്നിങ്ങനെ പറയുമെന്നും ശബ്ദരേഖയില്‍ പറയുന്നു. കൂട നില്‍ക്കുമല്ലോ എന്ന് ബിജു രമേശ് ചോദിക്കുമ്പോള്‍ ഒപ്പം നില്‍ക്കുമെന്ന് യോഗത്തില്‍ പങ്കെടുത്തവര്‍ പറയുന്നതും ശബ്ദരേഖയില്‍ കേള്‍ക്കാം.

പാലാരിവട്ടത്തെ ഹോട്ടലില്‍ ചേര്‍ന്ന സ്റ്റിയറിംഗ് കമ്മറ്റി യോഗത്തിന്റെ ശബ്ദരേഖയാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. നേരത്തെ ഈ തെളിവുകള്‍ ബിജു രമേശ് വിജിലന്‍സിന് നല്‍കിയിരുന്നു.

എന്നാല്‍ വിജിലന്‍സിന് മുന്നില്‍ രാജ്കുമാര്‍ ഉണ്ണി നിലപാട് മാറ്റിയിരുന്നു. ഈ നിലപാട് തള്ളുന്ന രേഖകളാണ് ബിജു രമേശ് പുറത്തു വിട്ടിരിക്കുന്നത്. സംഭാഷണത്തില്‍ പറയുന്നത് കോണ്‍ഗ്രസ് മന്ത്രിമാരുടെ കാര്യം തന്നെയാണെന്ന് ബിജു രമേശ് സ്ഥിരീകരിച്ചു.

ബാറുകള്‍ തുറക്കുന്നതിനു കോഴ വാങ്ങിയ കോണ്‍ഗ്രസ് മന്ത്രിമാരുടെ പേരുകള്‍ രാജ്കുമാര്‍ ഉണ്ണി പുറത്തു വിടണമെന്ന് ബിജു രമേശ് മാധ്യമങ്ങളോട് പറഞ്ഞു. രാജ്കുമാറിനെ നുണപരിശോധനക്ക് വിധേയനാക്കണം . താനും നുണ പരിശോധനക്ക് തയാറാണ്.

കുഞ്ഞാലിക്കുട്ടിയും ആര്യാടനും ഷിബു ബേബിജോണും പണം വാങ്ങിയില്ലെന്നും ബിജു പറഞ്ഞു. കുഞ്ഞാലിക്കുട്ടിയുടെ വീട്ടില്‍ പണം അടങ്ങിയ പെട്ടിയുമായി പോയിരുന്നെങ്കിലും അദ്ദേഹം വാങ്ങിയില്ല. ആര്യാടനെയും ഷിബു ബേബിജോണിനെയും കണ്ടെന്നും അവരും പണം വാങ്ങിയില്ലെന്ന് ബിജു രമേശ് പറഞ്ഞു.