പോയാല്‍ ബാലകൃഷ്ണപിള്ള ഒറ്റയ്ക്കാവില്ല, മണത്തറിഞ്ഞ യു.ഡി.എഫ് നേതാക്കള്‍ വെടി നിര്‍ത്തല്‍ പ്രഖ്യാപിച്ചു

single-img
29 January 2015
r-balakrishna-pillaiകോട്ടയം :  കേരള കോണ്‍ഗ്രസ് ബി നേതാവ് ആര്‍. ബാലകൃഷ്ണപിള്ളക്കും  ചീഫ് വിപ്പ് പി.സി ജോര്‍ജിനും അനുകൂലമായി സി.പി.എം നേതാക്കള്‍  രംഗത്തു വന്നതോടെയാണ് ഇരുവര്‍ക്കുമെതിരെ യുഡിഎഫ് ക്യാമ്പ് കടുത്ത നിലപാടില്‍ നിന്നും പിന്തിരിയാന്‍ കാരണമെന്ന് സൂചന.
സര്‍ക്കാരിനെ വീഴ്ത്താനുള്ള ശ്രമത്തിന്റെ ഭാഗമാണ് വി.എസിന്റെയും പിണറായി വിജയന്റെയും  പ്രസ്താവനയെന്ന്  തിരിച്ചറിഞ്ഞതോടെയാണ്  യു.ഡി.എഫ് ക്യാമ്പ് വെടി നിര്‍ത്തല്‍ പ്രഖ്യാപിച്ചത്.
ബാലകൃഷ്ണ പിള്ളയ്‌ക്കെതിരെ യു.ഡി.എഫ് നടപടിയെടുത്താല്‍ ബാലകൃഷ്ണപിള്ള പോകുന്നത് ഒറ്റയ്ക്കാവില്ലെന്ന സൂചനയാണ് യുഡിഎഫിനെ അലട്ടിയിരുന്ന മറ്റൊരു പ്രധാന പ്രശ്‌നം. ബാലകഷ്ണപിള്ളയോടൊപ്പം ആര്‍എസ്പിയിലെ ഒരു വിഭാഗത്തെയും അടര്‍ത്തി മാറ്റുവാനുള്ള ശ്രമങ്ങള്‍ പിള്ളയുടെ നേതൃത്വത്തില്‍ ആരംഭിച്ചിരുന്നു. മന്ത്രി ഷിബു ബേബിജോണിന്റെ ഭാഗത്തു നിന്നും അനുകൂല നിലപാട് ഉണ്ടാകാഞ്ഞത്  മാത്രമാണ് തടസമായത്.  ഇതിനിടെ  പി.സി തോമസും ബാലകൃഷ്ണപിള്ളയുമായി ചര്‍ച്ചകള്‍  വീണ്ടും സജീവമായിട്ടുണ്ട്.
എല്‍ഡിഎഫില്‍ ഇപ്പോള്‍ നിലനില്‍പ്പ് ഭീഷണി നേരിടുന്ന പി.സി തോമസിന്റെ പാര്‍ട്ടിക്ക് ബാലകൃഷ്ണപിള്ളയുടെ പാര്‍ട്ടിയെ എല്‍ഡിഎഫില്‍ എത്തിച്ച് സ്ഥാനം നേടാമെന്നാണ് കണക്കുകൂട്ടല്‍. മാത്രവുമല്ല കേരള കോണ്‍ഗ്രസ് രൂപീകരിക്കുന്നതിനു നേതൃത്വം നല്‍കിയ താനും പി.ടി.ചാക്കോയുടെ മകനും കൂടിയുള്ള കേരള കോണ്‍ഗ്രസാണ്  യഥാര്‍ത്ഥ കേരളാ കോണ്‍ഗ്രസ് എന്ന് പ്രഖ്യാപിക്കുവാനുള്ള ശ്രമവും പിള്ളയുടെ നേതൃത്വത്തില്‍ നടക്കുന്നുണ്ട്. ഇതിന്  ഗവണ്‍മെന്റ് ചീഫ് വിപ്പ് പി.സി ജോര്‍ജിന്റെ പരോക്ഷ പിന്തുണയുണ്ടെന്നാണ് സൂചന.
അതേസമയം പിള്ളക്കെതിരെയും ജോര്‍ജിനെതിരെയും നടപടി സ്വീകരിച്ചാല്‍ സോളാര്‍, ബാര്‍കോഴ വിവാദങ്ങളുമായി ബന്ധപ്പെട്ട് സര്‍ക്കാരിനെ വെട്ടിലാക്കുന്ന നിരവധി രേഖകള്‍ പുറത്തുവരുമെന്ന ആശങ്കയും യു.ഡി.എഫ് ക്യാമ്പിനുണ്ട്.