ഇന്ത്യ ഒരു ഹിന്ദു രാഷ്ട്രം; ഭരണഘടനയുടെ ആമുഖത്തില്‍ നിന്നും മതനിരപേക്ഷം എന്ന വാക്ക് നീക്കം ചെയ്യണം- ശിവസേന നേതാവ്

single-img
28 January 2015

repഇന്ത്യ ഒരു ഹിന്ദു രാഷ്ട്രമാണെന്നും ഭരണഘടനയുടെ ആമുഖത്തില്‍ നിന്നും മതനിരപേക്ഷം എന്ന വാക്ക്  നീക്കം ചെയ്യണമെന്നും ശിവസേന പാര്‍ട്ടി വക്താവ് സഞ്‍ജയ് റൗത്ത്. സ്ഥിതി സമത്വം , മതനിരപേക്ഷം എന്നീ വാക്കുകള്‍ ഭരണഘടനയുടെ ആമുഖത്തില്‍ നിന്നും നീക്കം ചെയ്യണമെന്നത് ഒരു വിവാദമല്ലെന്നും കോടി കണക്കിന് ഭാരതീയരുടെ വികാരമാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ ഹൈന്ദവ രാഷ്ട്രമാണെന്നും ഹൈന്ദവരുടേതാണെന്നും മറ്റ് മതക്കാര്‍ക്ക് ഇന്ത്യയില്‍ ജീവിക്കാമെങ്കിലും  ഹൈന്ദവര്‍ക്കായിരിക്കും ആധിപത്യമെന്നും റൗത്ത് അഭിപ്രായപ്പെട്ടു.

ഇന്ത്യ മതത്തിന്‍റെ അടിസ്ഥാനത്തില്‍ സൃഷ്ടിച്ച രാഷ്ട്രമാണെന്ന് ബാല്‍ താക്കറെയും  വീര്‍ സവര്‍ക്കറും നേരത്തെ തന്നെ പറഞ്ഞിട്ടുള്ളതാണ്. പാകിസ്‍ഥാന്‍ മുസ്‍ലിം സമുദായത്തിനായി സൃഷ്ടിച്ച രാഷ്ട്രമാണെന്നും ഇന്ത്യ അവശേഷിക്കുന്ന ഹൈന്ദവ രാഷ്ട്രമാണെന്നും റൌത്ത് പറഞ്ഞു.

മതനിരപേക്ഷത, സ്ഥിതി സമത്വം എന്നീ വാക്യങ്ങള്‍ ഒഴിവാക്കി കേന്ദ്ര സര്‍ക്കാര്‍ റിപ്പബ്ലിക് ദിനത്തില്‍ നല്‍കിയ പരസ്യം വിവാദമായിരുന്നു. ഇതിനിടെയാണ് റൗത്തിന്‍റെ പ്രതികരണം.  ഭരണഘടനയുടെ ആമുഖം പ്രദര്‍ശിപ്പിച്ചുള്ള പരസ്യത്തിലാണ് മതനിരപേക്ഷത അപ്രത്യക്ഷമായത്.  എന്നാല്‍ ഭരണഘടന ഭേദഗതിക്ക് മുമ്പുള്ള ആമുഖമാണ് പരസ്യത്തില്‍ ഉപയോഗിച്ചതെന്നും ഇത് മുന്‍ സര്‍ക്കാരുകളുടെ കാലത്തും ചെയ്തിട്ടുണ്ടെന്നുമുള്ള വിശദീകരണവുമായി കേന്ദ്ര മന്ത്രി രാജ്‍വര്‍ധന്‍ റാത്തോഡ് രംഗതെത്തി.

 

ഭരണഘടനയില്‍നിന്നു സ്ഥിതി സമത്വം , മതനിരപേക്ഷം എന്നീ വാക്കുകള്‍ നീക്കണമെന്ന ശിവസേന എംപിയുടെ ആവശ്യത്തെ പിന്തുണച്ചു കേന്ദ്ര കാബിനറ്റ് മന്ത്രി രവിശങ്കര്‍ പ്രസാദും രംഗത്തെത്തി

ഭരണഘടനയില്‍ ആദ്യം ഈ വാക്കുകള്‍ ഇല്ലായിരുന്നു. അടിയന്തരാവസ്ഥയില്‍ കൂട്ടിച്ചേര്‍ത്തതാണ് ഇവയെന്ന്  പ്രസാദ് പറഞ്ഞു. അതുകൊണ്ട് തന്നെ അവ നീക്കണമെന്ന ശിവസേന എംപിയുടെ ആവശ്യത്തില്‍ കുറ്റമൊന്നും കാണാനില്ലെന്നു പ്രസാദ് പറഞ്ഞു.