പുതുക്കുന്ന റേഷൻ കാർഡിൽ 60 ലക്ഷം പേര്‍ക്ക് കൂടി ഒരു രൂപക്ക് അരി നൽകുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി

single-img
28 January 2015

umman-chandi22തിരുവനന്തപുരം: പുതുക്കിയ റേഷന്‍കാര്‍ഡ് നിലവില്‍ വരുന്നതോടെ 60 ലക്ഷം പേര്‍ക്ക് കൂടി ഒരു രൂപക്ക് അരി കിട്ടുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഇതോടു കൂടി 184.8 ലക്ഷം പേര്‍ക്കാണ് ഒരു രൂപയുടെ അരിയും മറ്റ് ആനുകൂല്യങ്ങളും ലഭ്യമാകുന്നത്.

തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി മന്ത്രിസഭാ യോഗ തീരുമാനം അറിയിച്ചത്. ബുധനാഴ്ച നടന്ന മന്ത്രിസഭാ യോഗത്തിലാണ് റേഷന്‍ കാര്‍ഡ് പുതുക്കുമ്പോള്‍ മുന്‍ഗണനാ വിഭാഗത്തെ (ബി.പി.എല്‍) തെരഞ്ഞെടുക്കുന്നത് ഇനി മുതല്‍ താലൂക്ക് അടിസ്ഥാനത്തിലാക്കാനും തീരുമാനം കൈക്കൊണ്ടത്.

ദേശീയ ഗെയിംസിന് വ്യക്തിഗത മെഡല്‍ നേടുന്ന മലയാളികള്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കാന്‍ തീരുമാനമായി. കോഴിക്കോട് കിനാലൂര്‍ എസ്‌റ്റേറ്റില്‍ 600 ഏക്കര്‍ ഭൂമി 533 തൊഴിലാളികള്‍ക്ക് സര്‍വീസ് ആനുകൂല്യം എന്ന നിലയില്‍ രജിസ്റ്റര്‍ ചെയ്ത് നല്‍കാനും ഇവരുടെ  രജിസ്‌ട്രേഷന്‍ ഫീസ് ഒഴിവാക്കാനും തീരുമാനിച്ചു.കൂടാതെ ആറ്റുകാല്‍ പൊങ്കാലക്ക് അടിസ്ഥാന സൗകര്യം ഒരുക്കാന്‍ മൂന്നു കോടി അനുവദിച്ചു. കശുവണ്ടി വികസന കോര്‍പറേഷന്റെ ഫാക്ടറികളുടെ നടത്തിപ്പിനായി  13 കോടി അനുവദിച്ചു.

 

തിരുവനന്തപുരത്ത്  കോഴിക്കോട് ഐ.ഐ.എമ്മിന്റെ പുതിയ കാമ്പസ് തുടങ്ങുന്നതിനായി 1.73 ഹെക്ടര്‍ ഭൂമി സെന്റിന് 100 രൂപ നിരക്കില്‍ പാട്ടത്തിന് നല്‍കാനും തീരുമാനിച്ചു. കോഴഞ്ചേരിയില്‍ കേന്ദ്രീയ വിദ്യാലയം തുടങ്ങാന്‍ എട്ട് ഏക്കര്‍ ഭൂമി നല്‍കും.

ചീഫ് സെക്രട്ടറിയായി ജിജി തോംസണെയും പി.എസ്.സി സെക്രട്ടറിയായി സാജു ജോര്‍ജിനെയും നിയമിക്കാൻ തീരുമാനമായി. തിരുവനന്തപുരം കിറ്റ്‌സിലെ അധ്യാപകര്‍ക്ക് എ.ഐ.സി.ടി.ഇ സ്‌കെയില്‍ നടപ്പിലാക്കും. ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തില്‍ പത്ത് ബാറുകള്‍ക്ക് കൂടി ലൈസന്‍സ് പുതുക്കി നല്‍കാന്‍ തീരുമാനമായി.