ഐ സിനിമ റിലീസിനിടെ പരിക്കേറ്റ് കഴുത്തിന് താഴെ തളര്‍ന്നുപോയ തിയേറ്റര്‍ ജീവനക്കാരന്‍ ശ്രീകുമാറിന് ഒരുലക്ഷം രൂപയും സാന്ത്വനവുമായി മലയാളത്തിന്റെ സ്വന്തം സുരേഷ്‌ഗോപിയെത്തി

single-img
28 January 2015

sureshsസുരേഷ്‌ഗോപി അങ്ങനെയാണ്. ആരും എത്താത്തിടത്ത് അദ്ദേഹമെത്തും. ഐആരും കാണാത്ത കാഴ്ചകള്‍ അദ്ദേഹം കാണും. ആരും ചെയ്യാത്ത പ്രവര്‍ത്തികളും അദ്ദേഹം ചെയ്യും. താന്‍ അഭിനയിച്ച ‘ഐ’ ചിത്രത്തിന്റെ റിലീസിനിടയിലെ ആരാധകരുടെ ആവേശത്തിനിടയില്‍ ഗുരുതരമായി പരിക്കേറ്റ തിയേറ്റര്‍ സെക്യൂരിറ്റി ജീവനക്കാരന് ഒരുലക്ഷം രൂപ സഹായവും സാന്ത്വനവുമായാണ് മലയാളത്തിന്റെ പ്രിയനടന്‍ സുരേഷ്‌ഗോപി ഇപ്പോള്‍ എത്തിയിരിക്കുന്നത്.

തിരുവനന്തപുരം അനന്തപുരി ആശുപത്രിയില്‍ ചികിത്സയിലിരിക്കുന്ന ശ്രീകുമാറിന്റെ അവസ്ഥ നടന്‍ വിക്രമിനെയും സംവിധായകന്‍ ശങ്കറിനെയും അറിയിച്ചിട്ടുണ്ടെന്നും അവരും സഹായിക്കാമെന്ന് ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും സുരേഷ്‌ഗോപി പറഞ്ഞു. ‘ഐ’ റിലീസ് ദിനത്തിലാണ് കൊല്ലം ധന്യ തിയേറ്ററില്‍ ആരാധകരുടെ ആവേശത്തള്ളലിനിടെ സെക്യൂരിറ്റി ജീവനക്കാരനായ ശ്രീകുമാറിന്റെ കഴുത്തിന് താഴെ തളര്‍ന്നുപോകുകയായിരുന്നു.

രണ്ട് വര്‍ഷമായി തിയേറ്ററില്‍ സെക്യൂരിറ്റിയായി ജോലി നോക്കിവരികയായിരുന്നു ശ്രീകുമാര്‍. സ്വന്തമായി വീടുപോലും ഇല്ലാതെ വാടക വീട്ടില്‍ കഴിയുന്ന ശ്രീകുമാറിന്റെ കുടുംബത്തിന് ദിനംപ്രതിയുള്ള ചെലവുകള്‍ക്ക് പോലും പണം കണ്ടെത്താന്‍ കഴിയുന്നില്ല. ശ്രീകുമാറിന്റെ ഭാര്യ ലതികല കടയില്‍ ജോലി ചെയ്തിരുന്നു. ഭര്‍ത്താവ് ആശുപത്രിയില്‍ ആയതിനാല്‍ ഇപ്പോള്‍ ജോലിക്ക് പോകുന്നില്ല.

ചികിത്സാ ചെലവിന് പണമില്ലാത്തതിനാല്‍ ആശുപത്രിയില്‍ ഐ.സി.യുവിന്റെ വരാന്തയിലാണ് ലതികലയും മാതാപിതാക്കളും രാപകല്‍ ഇരിക്കുന്നത്. ശ്രീകുമാറിന് ആറ് മാസം ഫിസിയോതെറാപ്പിയും ശസ്ത്രക്രിയയും വേണമെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചിരിക്കുന്നത്. സഹായിക്കാന്‍ താത്പര്യമുള്ളവര്‍ക്ക് കനറാ ബാങ്ക് കൊല്ലം ശാഖയില്‍ ലതികലയുടെ പേരിലുള്ള 0815101906311 എന്ന അക്കൗണ്ടിലേക്ക് പണം അയയ്ക്കാം.