മായ്ച്ചാല്‍ മാറാത്ത കളങ്കം, പ്രതിഷേധം തെരുവിലെത്തിയപ്പോള്‍ കെ.എം മാണി ജനങ്ങള്‍ക്കു മുന്‍പില്‍ വീണ്ടും നാണംകെട്ടു

single-img
26 January 2015
Maniകൊച്ചി: ബാര്‍ കോഴക്കേസില്‍ ആരോപണവിധേയനായ ധനമന്ത്രി കെ എം മാണിക്കെതിരായ സോഷ്യല്‍ മീഡിയയുടെ പ്രതിഷേധം തെരുവിലെത്തിയപ്പോള്‍ അതില്‍ പങ്കാളിയായി സാധാരണ ജനങ്ങളും. മാണിയുടെ ആര്‍ത്തി നിവാരണ ഫണ്ട് എന്ന പേരില്‍ യുവജനങ്ങള്‍ പിച്ചച്ചട്ടിയുമായി തെണ്ടിയപ്പോള്‍ കാശെറിഞ്ഞവരില്‍ ഭൂരിഭാഗവും സാധാരണക്കാരാണെന്നും ശ്രദ്ധേയമായി. അന്യ സംസ്ഥാന തൊഴിലാളികള്‍ മുതല്‍ ഫുട്പാത്ത് കച്ചവടക്കാര്‍ വരെ മാണിക്കുവേണ്ടി ചില്ലറ തുട്ടുകള്‍ പാത്രത്തിലിട്ടു.
സര്‍ക്കാരിന്റെ സാമ്പത്തിക സ്ഥിതി അങ്ങേയറ്റം പരിതാപകരമായിരിക്കുമ്പോഴാണ് മാണിയുടെ ആര്‍ത്തിയെന്നും പണപ്പിരിവ് നടത്തിയവരോട് ജനങ്ങള്‍ പ്രതികരിച്ചു. മാണി രാജിവെക്കണമെന്നാണ് പ്രതിഷേധത്തില്‍ പങ്കാളികലായ ഭൂരിഭാഗം പേരും ആവശ്യപ്പെട്ടത്. പിരിച്ചെടുത്ത പണം കെ എം മാണിക്ക് മണിയോര്‍ഡര്‍ ആയി അയക്കാനാണ് തീരുമാനം. ബാര്‍ ഉടമകളില്‍ നിന്നുകൂടാതെ ക്വാറി, സ്വര്‍ണ ബിസിനസുകാരില്‍ നിന്നും മാണി കോഴവാങ്ങിയെന്ന് യുഡിഎഫ് നേതാവ് ബാലകൃഷ്ണപിള്ളയാണ് ആരോപിച്ചത്. ഇതോടുകൂടിയാണ് എന്റവക 500 എന്ന പേരില്‍ സോഷ്യല്‍ മീഡിയ കൂട്ടായ്മ ഉണ്ടായതും തുടര്‍ന്ന് പണപ്പിരിവ് തുടങ്ങിയതും.