ഒബാമയെപ്പോലും അതിശയിപ്പിച്ച് ഇന്ത്യന്‍ സൈനിക പരേഡ്; ഇന്ത്യന്‍ നാവികസേനയുടെ വനിതാ സംഘത്തിനെ നയിച്ച് കേരളത്തിന്റെ പ്രിയ ജയകുമാര്‍

single-img
26 January 2015

Priya Jayakumarഅതിഥിയായി എത്തിയ അമേരിക്കന്‍ പ്രസിഡന്റ് ഒബാമയെപ്പോലും അതിശയിപ്പിച്ച് ഇന്ത്യയുടെ 66മത് റിപ്പബഌക് ദിനം ദില്ലിയില്‍ വര്‍ണ്ണശബളമായ പരേഡോടെ ആഘോഷിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി രാവിലെ 9.30 അമര്‍ ജവാന്‍ ജ്യോതിയില്‍ പുഷ്‌ക ചക്രം അര്‍പ്പിച്ചതോടെയാണ് ചടങ്ങ് ആരംഭിച്ചത്. തുടര്‍ന്ന് ഇന്ത്യന്‍ രാഷ്ട്രപതി പ്രണാബ് മുഖര്‍ജിയും, സ്വന്തം വാഹനത്തില്‍ മുഖ്യ അതിഥി ഒബാമയും രാജ്പഥില്‍ എത്തി.

ആദ്യം പ്രണാബ് മുഖര്‍ജി രാജ്യത്തിനായി വീരമൃത്യൂവരിച്ച സൈനികര്‍ക്ക് മഡലുകള്‍ സമ്മാനിച്ചു. മരണാനന്തര ബഹുമതിയായി മേജര്‍ മുകുന്ദ് വരദരാജനും നായക് നീരജ് കുമാറിനും രാഷ്ട്രപതി പ്രണബ് മുഖര്‍ജി അശോകചക്ര സമ്മാനിച്ചു.

സ്ത്രീ ശക്തി എന്ന പ്രമേയത്തിലൂന്നി മാസങ്ങള്‍ നീണ്ട ചിട്ടയായ പരിശീലനത്തിന് ശേഷം നടക്കുന്ന വനിതകളുടെ സൈനിക പരേഡും ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച വിമാനങ്ങളുടെ സംയുക്ത അഭ്യാസവും പരേഡിന്റെ പ്രധാന സവിശേഷതയായി. കാഴ്ചക്കാരുടെ ശ്വാസം നിലപ്പിക്കുന്ന ഇന്ത്യന്‍ വായുസേന പരേഡും ഡിആര്‍ഡിഒ വികസിപ്പിച്ച ആകാശ് മീഡിയം റേഞ്ച് മിസൈല്‍, ശത്രുപക്ഷത്തിന്റെ ആയുധം കണ്ടെത്താനുളള റഡാര്‍ എന്നിവ ശ്രദ്ധേയമായി. കടലിന്റെ ആഴങ്ങളില്‍ നിരീക്ഷണം നടത്താന്‍ കഴിവുളള പി 81 ഉം ലോങ് റേഞ്ച് ഫൈറ്റര്‍ വിമാനമായ മിഗ് 29 കെയും ആദ്യമായി പരേഡിലെ മുഖ്യ ആകര്‍ഷണങ്ങളായിരുന്നു.

ഇന്ത്യന്‍ സൈനിക ചരിത്രത്തിലാദ്യമായി എല്ലാ സേനാവിഭാഗങ്ങളിലെയും സ്ത്രീകളുടെ പ്രത്യേകസംഘം രൂപീകരിച്ച് നാരീശക്തി എന്ന് പേരില്‍ മാര്‍ച്ച് പാസ്റ്റ് നടന്നു. കേരളത്തിനഭിമാനമായി നാവികസേനയുടെ അംഗങ്ങളെ നയിച്ചത് മലയാളിയായ പ്രിയ ജയകുമാറാണ്.

കേരളത്തിന്റെ ഫ്‌ലോട്ട് ഇത്തവണ പരേഡിന് തെരഞ്ഞെടുക്കപ്പെട്ടിട്ടിരുന്നില്ലെങ്കിലും 16 സംസ്ഥാനങ്ങളുടെ ഫ്‌ലോട്ടുകളും ഒമ്പത് മന്ത്രാലയങ്ങള്‍ അവതരിപ്പിക്കുന്ന നിശ്ചല ദൃശ്യങ്ങളും പരേഡിലുണ്ടായി.ദില്ലിയിലെ വിവിധ സ്‌കൂളുകളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട 1200 കുട്ടികളും പരേഡില്‍ കലാപ്രകടനങ്ങളുമായി അണിനിരന്നു.

സ്വച്ഛ്ഭാരത്, മൈക്കിംങ് ഇന്ത്യ, മംഗള്‍യാന്‍ എന്നിവയുടെ നൃത്ത രൂപം പരേഡില്‍ അവതരിപ്പിച്ചശേഷം വിവിധ നിറങ്ങളിലുളള ബലൂണുകള്‍ ആകാശത്തേക്കുയര്‍ത്തി ദേശീയഗാനം പാടി പരേഡ് സമാപിച്ചു.