ജമാ അത്ത് ഉദ്ദവയെ നിരോധിച്ചിട്ടില്ല, തീവ്രവാദത്തോടുള്ള സമീപനത്തില്‍ മലക്കംമറിഞ്ഞ് പാക്കിസ്ഥാന്‍

single-img
24 January 2015
basit1-640x480ന്യൂഡല്‍ഹി: മുംബൈ ആക്രമണത്തിന്റെ മുഖ്യആസൂത്രകന്‍ ഹാഫിസ് സയീദ് നേതൃത്വം നല്‍കുന്ന ഭീകരസംഘടന ജമാ അത്ത് ഉദ്ദവയെ നിരോധിച്ചുവെന്ന റിപ്പോര്‍ട്ട് ശരിയല്ലെന്ന് ഇന്ത്യയിലെ പാക് ഹൈക്കമ്മിഷണര്‍ അബ്ദുള്‍ ബാസിത്. സംഘടനയുടെ അക്കൗണ്ടുകള്‍ മരവിപ്പിക്കുകയും ജമാ അത്ത് ഉദ് ദവ അംഗങ്ങളുടെ നീക്കങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുകയുമാണ് ചെയ്തതെന്നും അദ്ദേഹം വ്യക്തമാക്കി.
ജമാ അത്ത് ഉദ്ദവയെ കൂടാതെ അഫ്ഗാനില്‍ വേരുകളുള്ള മറ്റൊരു ഭീകരഗ്രൂപ്പായ ഹഖാനി നെറ്റ്വര്‍ക്ക് എന്നിവ ഉള്‍പ്പെടെ പത്ത് ഭീകരസംഘടനകളെ പാക് സര്‍ക്കാര്‍ നിരോധിച്ചു എന്ന റിപ്പോര്‍ട്ടാണ് കഴിഞ്ഞ ദിവസം പുറത്തു വന്നത്. 2008ല്‍ ഐക്യരാഷ്ട്ര സംഘടന ജമാ അത്ത് ഉദ്ദവയെ നിരോധിച്ചിരുന്നു. ഐക്യരാഷ്ട്ര സഭയുടെ പ്രമേയം അനുസരിച്ച് ജമാ അത്ത് ഉദ്ദവയുടെ അക്കൗണ്ടുകള്‍ മരവിപ്പിച്ചു. സംഘടനയിലെ അംഗങ്ങള്‍ക്ക് വിദേശ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും ബാസിത് വ്യക്തമാക്കി. ജമാ അത്ത് ഉദ്ദവയുടെ തലവന്‍ ഹാഫിസ് സയിദിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട ചോദ്യത്തിന് അത്തരം വ്യക്തികളെ ജയിലില്‍ അടയ്ക്കണമെന്ന് യുഎന്‍ പ്രമേയം നിര്‍ദേശിക്കുന്നില്ലെന്ന് ബാസിത് മറുപടി നല്‍കി.