മലയാളത്തിന്റെ ഗന്ധര്‍വ്വന്‍ അനശ്വരതയിലേക്ക് നടന്നുമറഞ്ഞിട്ട് 24 വര്‍ഷം

single-img
24 January 2015

Padmarajanകഥകളുടെയും തിരക്കഥകളുടെയും തമ്പുരാനായിരുന്ന ആ ഗന്ധര്‍വ്വന്‍ പി.പത്മരാജന്‍ മലയാള മണ്ണില്‍ നിന്നും ഓര്‍മ്മയായിട്ട് ഇന്ന് 24 വര്‍ഷം. മനുഷ്യമനസ്സിന്റെ സഞ്ചയവും വ്യാപനവും വരച്ചുകാട്ടി മലയാളികളെ ഇത്രത്തോളം വിസ്മയിപ്പിച്ച കഥകൃത്തുക്കളാശരന്ന് ഒന്നു പരതിയാല്‍ അവരുടെ സ്ഥാനം ഒരുപക്ഷേ ഈ ഗന്ധര്‍വ്വന് കീഴില്‍ തന്നെയായിരിക്കും.

ആലപ്പുഴ ചേപ്പാട് ഞവരയ്ക്കല്‍ അനന്തപത്മനാഭ പിളളയുടെയും ദേവകിയമ്മയുടെയും മകനായി 1945 മേയ് 23 ന് ജനിച്ച പത്മരാജന്റെ പ്രാഥമികവിദ്യാഭ്യാസം നാട്ടില്‍ തന്നെയായിരുന്നു. ശേഷം തിരുവനന്തപുരം മഹാത്മഗാന്ധി കോളജില്‍ പ്രീ യൂണിവേഴ്‌സ്റ്റിക്കു ചേരുകയായിരുന്നു. തുടര്‍ന്ന് യൂണിവേഴ്‌സിറ്റി കോളജില്‍ നിന്നു രസതന്ത്രത്തില്‍ ബിരുദവും നേടി.

കോളേജ് വിദ്യാഭ്യാസമാണ് പത്മരാജനിലെ കഥാകാരനെ ഉണര്‍ത്തിയത്. ‘ലോല മിസ് ഫോര്‍ഡ് എന്ന അമേരിക്കന്‍ പെണ്‍കിടാവ്’ എന്ന കഥ കൗമുദി വാരികയില്‍ പത്മരാജന്റേതായി ആദ്യമായി പ്രസിദ്ധീകൃതമായി. വിദ6ാഭ്യാസത്തിനു ശേഷം തൃശൂര്‍ ആകാശവാണി നിലയത്തില്‍ പ്രോഗ്രാം അസിസ്റ്റന്റായി ജോലിയില്‍ പ്രവേശിച്ച പത്മരാജന്‍ പിന്നീട് തിരുവനന്തപുരത്തേക്ക് മാറുകയായിരുന്നു. അക്കാലത്തും കഥാരചന തുടങ്ങിയ പത്മരാജന്റെ മികച്ച കഥകളാണ് അപരന്‍, പ്രഹേളിക, പുക, കണ്ണട തുടങ്ങിയവ.

1971 ല്‍ എഴുതിയ ‘നക്ഷത്രങ്ങളെ കാവല്‍ എന്ന നോവല്‍ പുറത്തിറങ്ങിയപ്പോള്‍ ആ വര്‍ഷത്തെ കുങ്കുമം അവാര്‍ഡ് പ്രസ്തുത നോവലിനായിരുന്നു. ഏറ്റവും മികച്ച നോവലിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌കാരവും പത്മരാജന്റെ ആ ആദ്യനോവലിനായിരുന്നു. അതിനുശേഷം ഇതാ ഇവിടെ വരെ, വാടകയ്‌ക്കൊരു ഹൃദയം, ശവവാഹനങ്ങളും തേടി എന്നീ നോവലുകളും പത്മരാജന്റേതായി അടുത്തടുത്ത് പ്രസിദ്ധീകരിച്ചു.

ഭരതന്‍ 1975 ല്‍ സംവിധാനം ശചയ്ത ‘പ്രയാണം’ എന്ന ചിത്രത്തിനായിരുന്നു പത്മരാജന്‍ ആദ്യമായി തിരക്കഥയെഴുതിയത്. പിന്നീട് പതിയെ സിനിമാ ലോകത്തേക്ക് വ്യാപിച്ച പത്മരാജന്‍ ഇതാ ഇവിടെവരെ, രതിനിര്‍വേദം, വാടകയ്ക്ക് ഒരു ഹൃദയം, തകര, കൊച്ചു കൊച്ചു തെറ്റുകള്‍, ശാലിനി എന്റെ കൂട്ടുകാരി, ലോറി, കരിമ്പിന്‍ പൂവിന്നക്കരെ, ഈ തണുത്ത വെളുപ്പാന്‍ കാലത്ത് തുടങ്ങിയ തിരക്കഥകള്‍ മറ്റുള്ള സംവിധായകര്‍ക്കായി സൃഷ്ടിച്ചു. ഇതില്‍ രാപ്പാടികളുടെ ഗാഥയ്ക്ക് 1978 ലെയും പെരുവഴിയമ്പലത്തിന് 1979 ലെയും കാണാമറയത്തിന് 1984 ലെയും അപരന് 1988 ലെയും മികച്ച തിരക്കഥയ്ക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ അവാര്‍ഡ് ലഭിക്കുകയും ചെയ്തു.

തന്റെ പെരുവഴിയമ്പലം എന്ന നോവല്‍ സംവിധാനം ചെയ്തുകൊണ്ട് ഒരു സംവിധായകനായി രംഗപ്രവേശം ചെയ്ത പത്മരാജന്‍ മലയാള ചലച്ചിത്രലോകം എന്നും ഓര്‍ക്കുന്ന ഒരുപിടി ചിത്രങ്ങള്‍ സംഭാവനല്‍കിയിട്ടാണ് കാലയവനികയ്ക്കുള്ളില്‍ മറഞ്ഞത്. കള്ളന്‍ പവിത്രന്‍, ഒരിടത്തൊരു ഫയല്‍വാന്‍, നവംബറിന്റെ നഷ്ടം, അരപ്പെട്ട കെട്ടിയ ഗ്രാമത്തില്‍, നൊമ്പരത്തിപ്പൂവ്, തൂവാനത്തുമ്പികള്‍, തിങ്കളാഴ്ച നല്ല ദിവസം, കരിയിലക്കാറ്റുപോലെ, അപരന്‍, മൂന്നാം പക്കം, ഇന്നലെ, ഞാന്‍ ഗന്ധര്‍വന്‍ എന്നിവയാണ് പത്മരാജനെന്ന സംവിധായകന്റെ കയ്യൊപ്പ് പതിഞ്ഞ ചിത്രങ്ങള്‍.

1991 ജനുവരി 24 ന് ഈ ലോകംവിട്ടു പോകുംമുമ്പ്് ഉദകപ്പോള, മഞ്ഞുകാലം നോറ്റ കുതിര, പ്രതിമയും രാജകുമാരിയും തുടങ്ങിയ നോവലുകളും അദ്ദേഹം രചിച്ചിരുന്നു.