‘വാട്ട്‌സിം’ ഉപയോഗിച്ച് റോമിങില്‍ സൗജന്യമായി വാട്‌സ്ആപ്പിലൂടെ ചാറ്റ് ചെയ്യാം

single-img
23 January 2015

whatssimറോമിങിലാകുമ്പോള്‍ തടസ്സം കൂടാതെ സൗജന്യമായി വാട്‌സ്ആപ്പിലൂടെ ചാറ്റ് ചെയ്യാനുള്ള പരിഹാരമായി സിം എത്തിക്കഴിഞ്ഞു. ഇറ്റാലിയന്‍ കമ്പനിയാണ് വാട്‌സ്ആപ്പിനായി റോമിങില്‍ ഉപയോഗിക്കാവുന്ന ഡാറ്റ കൊണ്ടുവരുന്നത്. വാട്ട്‌സിം എന്നാണ് ഇതിന് പേരിട്ടിരിക്കുന്നത്.

യാതൊരുവിധ പരിധിയുമില്ലാതെയുള്ള ലോകത്തിന്റെ ഏത് മൂലയിലാണെങ്കിലും വാട്‌സ്ആപ്പ് ഉപയോഗിക്കാന്‍ സാധിക്കും എന്നതാണ് ഈ സിമ്മിന്റെ പ്രത്യേകത. 10 യൂറോ ഏകദേശം 700 രൂപ മാത്രം വാര്‍ഷിക റീചാര്‍ജ് ചെയ്താല്‍ മതിയാകും. 150 രാജ്യങ്ങളിലായി 400ഓളം ഓപറേറ്റര്‍മാരുമായി ബന്ധിപ്പിച്ചുകൊണ്ടാണ് ഈ വാട്ട്‌സിം പുറത്തിറക്കുന്നത്.

ഇന്ത്യ, ഓസ്‌ട്രേലിയ, പാകിസ്ഥാന്‍, അമേരിക്ക, ഈജിപ്ത്, ചൈന, ബ്രസീല്‍, ജപ്പാന്‍ ന്യൂസിലാന്റ്, ഫ്രാന്‍സ്, ഗ്രീസ്, ഇറ്റലി,  ബ്രിട്ടന്‍, സൗദി അറേബ്യ,കുവൈത്ത്, ഒമാന്‍, യുഎഇ, ഖത്തര്‍ തുടങ്ങിയ രാജ്യങ്ങളിലടക്കം 150ഓളം രാജ്യങ്ങളിലാണ് ഇതിന്റെ സേവനം ലഭ്യമാകുക. പുതിയ സ്ഥലത്തേക്ക് മാറുന്നതോടെ സിം നെറ്റ്‌വര്‍ക്ക് സ്വയം മാറുന്ന രീതിയിലാണ് രൂപകൽപ്പന ചെയ്തിരിക്കുന്നതെന്ന് കമ്പനി വ്യക്തമാക്കി.