അച്ഛനും അമ്മയും നഷ്ടപ്പെട്ട വൈശാഖിനും പവിത്രയ്ക്കും റേഷന്‍കാര്‍ഡ് അനുവദിക്കാനാകില്ലെന്ന് സിവില്‍ സപ്ലൈസ് അധികാരികള്‍; പരാതി കേട്ട മുഖ്യമന്ത്രി പിന്നൊന്നും അലോചിച്ചില്ല: വൈശാഖിനേയും പവിത്രയേയും സര്‍ക്കാര്‍ ദത്തെടുത്തു

single-img
23 January 2015

x3599406507_vaisakh.jpg.pagespeed.ic.K3PGS4fgZ7ആറുമാസം മുമ്പ് അച്ഛനും അമ്മയും ജീവനൊടുക്കിയതുമൂലം അനാഥരായി മാറിയ വൈശാഖിനും പവിത്രയ്ക്കും മുഖ്യമന്ത്രിയുടെ കാരുണ്യഹസ്തം. സ്വന്തമായി ഒരു റേഷന്‍കാര്‍ഡിനായി അലഞ്ഞ കുട്ടികള്‍ക്കു മുന്നില്‍ സിവില്‍ സപ്ലൈസ് അധികാരികള്‍ കൈമലര്‍ത്തിയപ്പോള്‍ രക്ഷകനായി അവതരിച്ച മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കുട്ടികളുടെപഠനച്ചെലവും കാര്യങ്ങളും ഇനി സര്‍ക്കാര്‍ നോക്കുമെന്ന് പ്രഖ്യാപിക്കുകയായിരുന്നു.

റേഷന്‍ കാര്‍ഡിനു പുറമേ, പ്രായപൂര്‍ത്തിയാകുന്നതു വരെയുള്ള സൗജന്യ വിദ്യാഭ്യാസ വാഗ്ദാനവും അമ്പതിനായിരം രൂപ വീതമുള്ള സ്ഥിരനിക്ഷേപവുമാണ് വള്ളത്തോള്‍ നഗര്‍ പഞ്ചായത്തിലെ പള്ളിക്കല്‍ വാര്‍ഡിലുള്ള അണ്ടലാടി വീട്ടില്‍ പ്രേമാനന്ദന്റേയും രജനിയുടേയും മക്കളായ എട്ടു വയസുകാരി പവിത്രയ്ക്കും 14 കാരന്‍ വൈശാഖിനും സര്‍ക്കാര്‍ വകയായി ലഭിക്കുക. അനാഥരായ കുഞ്ഞുങ്ങളുടെ സംരക്ഷണ ചുമതല ഇപ്പോള്‍ രജനിയുടെ അമ്മ കമലയാണ് നോക്കുന്നത്.

റേഷന്‍കാര്‍ഡ് പുതുക്കാനുള്ള അവസരമെത്തിയപ്പോള്‍ കുട്ടികള്‍ക്കു കാര്‍ഡ് അനുവദിക്കില്ലെന്നു സിവില്‍ സപ്ലൈസ് അധികാരികള്‍ അറിയിച്ച
തിനാല്‍ അവര്‍ സ്ഥലത്തെ പൊതുപ്രവര്‍ത്തകനും മുന്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ കെ.എ. ജോസഫ് മാസ്റ്ററെ സമീപിക്കുകയായിരുന്നു. അദ്ദേഹം മുഖ്യമന്ത്രിയുമായി ഫോണില്‍ ബന്ധപ്പെട്ടതനുസരിച്ച് പിറ്റേന്നു താന്‍ തൃശൂരില്‍ വരുന്നുണെ്ടന്നും അപ്പോള്‍ അപേക്ഷയുമായി തന്നെ വന്നു കാണാനും അദ്ദേഹം നിര്‍ദ്ദേശിച്ചു.

ഇന്നലെ ഉച്ചയോടെ ജോസഫ് മാസ്റ്റര്‍ കുട്ടികളുമൊത്തു രാമനിലയത്തില്‍ എത്തി മുഖ്യമന്ത്രിയെ കണ്ട് കാര്യങ്ങള്‍ വിശദീകരിച്ചയുടന്‍ തന്നെ അദ്ദേഹം കുട്ടികള്‍ക്കു മാത്രമായി റേഷന്‍ കാര്‍ഡ് അനുവദിക്കാന്‍ നിര്‍ദേശം നല്‍കുകയായിരുന്നു. വൈശാഖിന്റെ പേരില്‍ കാര്‍ഡു നല്‍കുകയും നഴ്‌സിംഗ് പഠനം അടക്കമുള്ള വിദ്യാഭ്യാസ ചെലവുകള്‍ സര്‍ക്കാര്‍ വഹിക്കുകയും ചെയ്യും. ഇതിന്റെ ഭാഗമായി കുട്ടികളെ സാമൂഹ്യക്ഷേമവകുപ്പിന്റെ സ്‌നേഹപൂര്‍വം പദ്ധതിയില്‍ ഉള്‍പ്പെടുത്താനും അദ്ദേഹം നിര്‍ദ്ദേശം നല്‍കി. കുട്ടികള്‍ പ്രായപൂര്‍ത്തിയായ ശേഷം ഉപയോഗിക്കാനായി ഇരുവരുടേയും പേരില്‍ അമ്പതിനായിരം രൂപ വീതം സ്ഥിരനിക്ഷേപം നല്‍കാനും അദ്ദേഹം ഉത്തരവിട്ടിട്ടുണ്ട്.

വരവൂര്‍ ഗവണ്‍മെന്റ് എല്‍പി സ്‌കൂളില്‍ മൂന്നാം ക്ലാസ് വിദ്യാര്‍ഥിയായ പവിത്രയും വരവൂര്‍ ഗവണ്‍മെന്റ് ജിഎച്ച്എസ്എസിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയായ വൈശാഖും അമ്മൂമ്മ കമലയും മുഖ്യമന്ത്രിയോട് പറഞ്ഞാല്‍ തീരാത്തത്ര കടപ്പാടും ഉള്ളുനിറയെ സന്തോഷവുമായാണ് രാമനിലയത്തില്‍ നിന്നും തിരികെ പോന്നത്.