വീക്ഷണം പത്രം ഇപ്പോഴും അച്ചടിക്കുന്നുണ്ടോ? വീക്ഷണത്തിലെ മുഖപ്രസംഗത്തിന് മറുപടിയുമായി പിള്ള

single-img
22 January 2015

pillaiകോണ്‍ഗ്രസ് മുഖപത്രമായ വീക്ഷണത്തിന്റെ മുഖപ്രസംഗത്തിന് മറുപടിയുമായി കേരള കോണ്‍ഗ്രസ്-ബി ചെയര്‍മാന്‍ ആര്‍. ബാലകൃഷ്ണപിള്ള രംഗത്ത്. വീക്ഷണം അച്ചടിക്കുന്നുണ്‌ടോ എന്നും മറ്റ് മാധ്യമങ്ങള്‍ വാര്‍ത്തയാക്കിയിരുന്നില്ലെങ്കില്‍ വീക്ഷണത്തില്‍ തനിക്കെതിരേ വന്ന ലേഖനം ആരെങ്കിലും കാണുമായിരുന്നോ എന്നും പിള്ള ചോദിച്ചു.

താന്‍ ഇരിക്കുന്ന കൊമ്പ് മുറിക്കുന്നവനാണെന്ന് പറഞ്ഞ വീക്ഷണം, താനും കൂടി കൂടിയാണ് കൊമ്പ് വളര്‍ത്തിയതെന്ന് മറക്കരുതെന്നും പിള്ള പറഞ്ഞു. താന്‍ മുന്നോക്ക വികസന കോര്‍പ്പറേഷന്‍ സ്ഥാനം രാജിവെയ്ക്കണമെന്ന് പറഞ്ഞ വെള്ളാപ്പള്ളി രണ്ടു ദിവസം കൂടി കാത്തിരിക്കണമെന്നും അദ്ദേഹമാണല്ലോ എന്നെ സ്ഥാനം ഏല്‍പ്പിച്ചതെന്നും പരിഹസിച്ചു. ഹസ്സനേയും അദ്ദേഹം വെറുതേ വിട്ടില്ല. മഹാത്മ ഹസന് താന്‍ മറുപടി പറയാന്‍ ആളല്ലെന്നും മഹാത്മാഗാന്ധി കഴിഞ്ഞാല്‍ പിന്നെ അദ്ദേഹമാണല്ലോ എന്നും പിള്ള ചോദിച്ചു.

28ന് ചേരുന്ന യുഡിഎഫ് യോഗം തന്നെ പുറത്താക്കിയ ശേഷം തനിക്ക് പറയാനുള്ള കാര്യങ്ങള്‍ പറയാം. മാണിയോടുള്ള വിരോധം കൊണ്ടാണ് ആരോപണമുന്നയിച്ചത് എന്ന വാദം ശരിയല്ലെന്നും മുന്നോക്ക വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ സ്ഥാനം ഏറ്റെടുത്തതിന് ശേഷം ലഭിച്ച സര്‍ക്കാര്‍ വാഹനം അടുത്ത ദിവസം തിരിച്ചു നല്കുമെന്നും അദ്ദേഹം അറിയിച്ചു.