ഗ്രാന്‍ഡ് കേരള പാളം തെറ്റി, ഇങ്ങനെപോയിട്ട് കാര്യമില്ല: ഡോ. തോമസ് ഐസക്ക്

single-img
21 January 2015

thomas_isaacതിരുവനന്തപുരം: കേരള സര്‍ക്കാര്‍ ടൂറിസം വകുപ്പ് നടത്തുന്ന ഗ്രാന്‍ഡ് കേരള ഷോപ്പിംഗ് ഫെസ്റ്റിവല്‍ പാളം തെറ്റിയിരിക്കുകയാണെന്നും ഈ നിലയില്‍ മുന്നോട്ടുപോകുന്നതില്‍ അര്‍ത്ഥമില്ലെന്നും മുന്‍ ധനകാര്യമന്ത്രി ഡോ. തോമസ് ഐസക്ക് പറഞ്ഞു. ഓണ്‍ലൈന്‍ വാര്‍ത്താ മാധ്യമങ്ങളുടെ കണ്‍സോര്‍ഷ്യം എഡിറ്റര്‍മാര്‍ക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് ഫെസ്റ്റിവലിന്റെ ഉപജ്ഞാതാവ് കൂടിയായ ഡോ. ഐസക്ക് ഇങ്ങനെ പറഞ്ഞത്. ഗ്രാന്‍ഡ് കേരള ഷോപ്പിംഗ് ഫെസ്റ്റിവല്‍ അതിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ നിറവേറ്റിയോ, ഈ നിലയില്‍ തുടരേണ്ടതുണ്ടോ തുടങ്ങിയ കാര്യങ്ങള്‍ അടിയന്തരമായി തീരുമാനിക്കേണ്ടതുണ്ടെന്നും മുന്‍ മന്ത്രി പറഞ്ഞു. നാട്ടിലുള്ളവര്‍ക്ക് സമ്മാനം നല്‍കുന്ന വെറുമൊരു പദ്ധതിയായി തരംതാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

 

 

‘ശുദ്ധ അസംബന്ധ നാടകമാണ് ഇപ്പോള്‍ നടക്കുന്നത്. എനിക്ക് കുറ്റബോധം തോന്നുന്നു. ഇങ്ങനെയാണ് സ്ഥിതിയെങ്കില്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഇത് നേരെയാവുമെന്ന് തോന്നുന്നില്ല. വ്യാപാരികളുമായും മറ്റുള്ളവരുമായും സംസാരിച്ച് എതു രീതിയില്‍ നടത്തിക്കൊണ്ടുപോകണമെന്ന് ഗവണ്‍മെന്റ് ആലോചിച്ച് സമഗ്രമായ പരിഷ്‌കാരം വരുത്തണം.’- ഡോ. തോമസ് ഐസക്ക് പറഞ്ഞു.
നികുതി വരുമാനം വര്‍ദ്ധിപ്പിക്കാനും കേരളത്തിന്റെ തനത് ഉല്പന്നങ്ങളെ അന്യനാട്ടുകാര്‍ക്ക് പരിചയപ്പെടുത്താനും ഉദ്ദേശിച്ച് തുടങ്ങിയതാണ് ഫെസ്റ്റിവല്‍. എന്നാല്‍ ഇപ്പോള്‍ നികുതി കിട്ടുന്നില്ല. ഗ്രാന്‍ഡ് കേരള ഷോപ്പിംഗ് ഫെസ്റ്റിവലിന് പരസ്യം നല്‍കുന്നത് കേരളത്തിനകത്താണ്. എന്നാല്‍ പരസ്യം വേണ്ടത് കേരളത്തിന് പുറത്താണ്. ഓരോ വര്‍ഷവും പുതിയ പുതിയ ആളുകള്‍ ഷോപ്പിംഗിന് വരണമെന്നാണ് ലക്ഷ്യം. എങ്കില്‍ മാത്രമേ ഫെസ്റ്റിവല്‍ വിജയിക്കൂ. നല്ലൊരു പങ്ക് ആളുകള്‍ പിന്നീട് വരുന്നില്ല. തുണിക്കടകളെയും സ്വര്‍ണക്കടകളെയും മാത്രം ഉയര്‍ത്തിക്കാട്ടിയാണ് ഫെസ്റ്റിവല്‍ അരങ്ങേറുന്നത്. അന്യ നാട്ടിലുള്ളവര്‍ സ്വര്‍ണവും തുണിയും വാങ്ങാന്‍ എന്തിന് ഇവിടെ വരണം?- ഡോ.ഐസക്ക് ചോദിച്ചു.

 

 

നമുക്ക് ഷോപ്പിംഗ് മാളുകളല്ല ആവശ്യമെന്നും നാട്ടുചന്തകളെ പുനരുജ്ജീവിപ്പിക്കണമെന്നും ഡോ. തോമസ് ഐസക്ക് പറഞ്ഞു.കൊടുങ്ങല്ലൂരിലും മട്ടാഞ്ചേരിയിലും മിഠായി തെരുവിലുമെല്ലാം അന്യ നാട്ടുകാര്‍ വന്ന് നമ്മുടെ തനത് ഉല്പന്നങ്ങള്‍ വാങ്ങുമ്പോഴാണ് നമ്മുടെ പൈതൃകവും പാരമ്പര്യവും പ്രചരിക്കുന്നത്. ഇത് ടൂറിസത്തെയും സഹായിക്കും. നമ്മുടെ ആഴ്ചച്ചന്തകളെ പുനുരുജ്ജീവിപ്പിക്കണം. സാധനം വാങ്ങാന്‍ ആളുകള്‍ വരുമ്പോള്‍ അവിടെ മുച്ചീട്ടുകളിക്കാരനും പാമ്പാട്ടിയും മരുന്നുവില്പനക്കാരനുമെല്ലാം ഉണ്ടായാല്‍ അന്യനാട്ടുകാര്‍ക്ക് അതൊരു അനുഭവമായിരിക്കും. കയര്‍ ഗ്രാമവും കുശവ ഗ്രാമവും എല്ലാം അന്യനാട്ടുകാരെ ആകര്‍ഷിക്കും.

 

 

പരമ്പരാഗത ഉല്പന്നങ്ങളുടെ പ്രദര്‍ശന വിപണനവും ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ ഭാഗമാകണം. ഒപ്പം ചെയ്യേണ്ട പല കാര്യങ്ങളുണ്ട്. നികുതി ഘടന പരിഷ്‌കരിക്കണം. ഉല്പന്നങ്ങളുടെ വില താങ്ങാവുന്നതാകണം. ഉല്പന്നങ്ങള്‍ ഗുണനിലവാരമുള്ളതാകണം. ഉത്തരവാദിത്വത്തോടെയുള്ള വ്യാപാരമാണെന്ന് ഉറപ്പാക്കണം. വ്യാപാരികളെ പ്രോത്സാഹിപ്പിക്കുന്നതിന് നികുതിയില്‍ നിന്ന് ഒരു വിഹിതം അവര്‍ക്ക് നല്‍കണം. അവരെയും കൂടി വിശ്വാസത്തിലെടുത്ത് മുന്നോട്ടുപോകണം- ഡോ. ഐസക്ക് പറഞ്ഞു.
നാട്ടുകാര്‍ സ്വര്‍ണവും തുണിയും വാങ്ങുന്നതുകൊണ്ട് ഇവിടെ ഒരു ഷോപ്പിംഗ് സംസ്‌കാരം വരില്ലെന്ന് മുന്‍ മന്ത്രി പറഞ്ഞു. കണ്‍സ്യൂമറിസത്തെ പ്രോത്സാഹിപ്പിക്കുന്നത് ശരിയല്ലെന്ന് ഞാന്‍ അതു തുടങ്ങിയ കാലത്ത് വിമര്‍ശനമുണ്ടായിരുന്നു. എന്നാല്‍ ഷോപ്പിംഗ് കള്‍ച്ചര്‍ ഉണ്ടാക്കേണ്ടതുണ്ട്. അതൊരു വ്യാപാരം മാത്രമല്ല, കലയും സംസ്‌കാരവും പാരമ്പര്യവും പൈതൃകവുമെല്ലാം കൈകോര്‍ക്കണം. വ്യാപാരം ഒരു അഡിഷണാലിറ്റിയാകണം. പുറത്ത്‌നിന്ന് ഉപഭോക്താവ് വരണം. വളര്‍ച്ചയുടെ എന്‍ജിനാകണം ഗ്രാന്‍ഡ് കേരള ഷോപ്പിംഗ് ഫെസ്റ്റിവല്‍.

 

 

ഇപ്പോള്‍ ഇതിനെ ആരും വിമര്‍ശിക്കാത്തത് പരസ്യം കിട്ടുന്നതുകൊണ്ടാണെന്ന് ഡോ.ഐസക്ക് പറഞ്ഞു. മാധ്യമങ്ങള്‍ എല്ലാം കണ്ണടച്ചിരിക്കുന്നു. ഒരു മീഡിയയും വിമര്‍ശിക്കുന്നില്ല. എല്ലം ഭംഗിയായി പോകുന്നു എന്നാണ് വിചാരം. മൊത്തത്തില്‍ ഈ മേളയെ ഹൈജാക്ക് ചെയ്തിരിക്കുകയാണ്. എതാനും ആളുകളാണ് ഇത് ചെയ്യുന്നത്. ടൂറിസം വകുപ്പില്‍ തന്നെ ഇതിനെപ്പറ്റി ആക്ഷേപമുണ്ടെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്.- അദ്ദേഹം പറഞ്ഞു.

online media consortium