ഇന്ത്യന്‍ മാമ്പഴം ഇറക്കുമതി ചെയ്യുന്നതിന് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് യൂറോപ്യന്‍ യൂണിയന്‍ നീക്കി

single-img
21 January 2015

mangoബ്രസല്‍സ്: യൂറോപ്യന്‍ രാജ്യങ്ങളില്‍ ഇന്ത്യന്‍ മാമ്പഴം ഇറക്കുമതി ചെയ്യുന്നതിന് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് നീക്കി. 2014 മെയ് മാസം മുതൽ നിലനിന്നുരുന്ന വിലക്കാണ് കഴിഞ്ഞദിവസം യൂറോപ്യന്‍ യൂണിയന്‍ മാറ്റിയത്. നിലവില്‍ മാമ്പഴത്തിന് മാത്രമാണ് ഇളവ് അനുവദിച്ചത്.

ബ്രിട്ടന്‍ ഉള്‍പ്പടെയുള്ള യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍ വോട്ടിനിട്ടാണ് നിരോധനം നീക്കാനുള്ള തീരുമാനമെടുത്തത്. ബ്രിട്ടൺ മുന്‍കൈ എടുത്താണ് നിരോധനം ഏര്‍പ്പെടുത്തിയതും പിന്‍വലിപ്പിച്ചതും. ബ്രിട്ടനില്‍ മാത്രമായി പ്രതിവര്‍ഷം 6 മില്യന്‍ പൗണ്ടിന്റെ മാമ്പഴം ഇറക്കുമതി നടത്തിയിരുന്നു.

എന്നാല്‍ ഇന്ത്യയില്‍ നിന്നുള്ള മറ്റു പഴങ്ങൾക്കും പച്ചക്കറികൾക്കും ഉണ്ടായിരുന്ന നിരോധനം നിലവില്‍ തുടരുമെന്നും യൂറോപ്യന്‍ കമ്മീഷന്‍ അറിയിച്ചു. ഇന്ത്യയില്‍ നിന്നും യൂറോപ്പിലേക്ക് കയറ്റി അയച്ചിരുന്ന മാമ്പഴത്തില്‍ കീടനാശിനിയുടെ അളവ് കൂടുതലായി കണ്ടെത്തിയതിനെത്തുടര്‍ന്നായിരുന്നു നിരോധനം ഏര്‍പ്പെടുത്തിയത്.