കഥയുടെ ഇമ്മിണി ബല്യ സുല്‍ത്താന് ഇന്ന് 106

single-img
21 January 2015

Basheerr

ആ പൂവ് നീ എന്തു ചെയ്തു?
ഏത് പൂവ്?
രക്ത നക്ഷത്രം പോലെ കടും ചുവപ്പായ ആ പൂവ്?
ഓ അതോ?
അതെ, അതെന്തു ചെയ്തു?
തിടുക്കപ്പെട്ട് അന്വേഷിക്കുന്നതെന്തിന്?
ചവിട്ടി അരച്ചു കളഞ്ഞോ എന്നറിയുവാന്‍?
കളഞ്ഞെങ്കിലെന്ത്?
ഓ, ഒന്നുമില്ല, എന്റെ ഹൃദയമായിരുന്നു അത്….
(പ്രേമലേഖനം)

വീടിനുമുന്നിലെ മാങ്കോസ്റ്റിന്‍ മരച്ചുവട്ടിലെ തണലിലിരുന്ന് അനുഭവങ്ങളെ കഥയാക്കി കേരളക്കരയെ അതിശയിപ്പിച്ച് കടന്നുപോയ ബേപ്പൂരിന്റെ സുല്‍ത്താനായ വൈക്കം മുഹമ്മദ് ബഷീറിന് ഇന്ന് 106 മത് ജന്മദിനം. ലളതമായ വാക്കുകളില്‍ വേദനയുടെ നര്‍മ്മം ഒളിപ്പിച്ചുവെച്ച് വിസമയം വിരിയിച്ച സാഹിത്യ ലോകത്തെ ഇമ്മിണി ബല്യ സുല്‍ത്താന്റെ ഓര്‍മ്മകളുമായി മലയാള സാഹിത്യലോകം സ്മരിക്കുന്നു.
കോട്ടയം ജില്ലയിലെ വൈക്കം താലൂക്കില്‍ തലയോലപ്പറമ്പ് ഗ്രാമത്തില്‍ 1908 ജനുവരി 21ന് കായി അബ്ദു റഹ്മാന്റെയും കുഞ്ഞാത്തുമ്മയുടെയും മൂത്ത മകനായി വൈക്കം മുഹമ്മദ് ബഷീര്‍ ജനിച്ചു. തലയോലപ്പറമ്പിലെ മലയാളം പള്ളിക്കൂടത്തിലും വൈക്കം ഇംഗഌഷ് സ്‌കൂളിലും പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ബഷീര്‍ അഞ്ചാം ക്ലാസില്‍ വെച്ച് കേരളത്തില്‍ സന്ദര്‍ശനത്തിനെത്തിയ ഗാന്ധിജിയെ കാണാന്‍ വീട്ടില്‍ നിന്നും ഒളിച്ചോടി. തലയോലപ്പറമ്പില്‍ നിന്നും കാല്‍നടയായി എറണാകുളത്തു ചെന്ന് കളളവണ്ടി കയറി കോഴിക്കോട്ടെത്തി ഗാന്ധിജിയെ കണ്ടത് തന്റെ ബാല്യകാലത്തെ അഭിമാനകരമായ നിമിഷമായാണ് ചരിത്ര കഥാകാരന്‍ പില്‍ക്കാലത്ത് വിശേഷിപ്പിച്ചത്.

വിദ്യാഭ്യാസത്തിന് ശേഷം വിപ്ലവകരമായ വഴിയിലൂടെയായിരുന്നു ബഷീറിന്റെ യാത്ര. 1930ല്‍ കോഴിക്കോട്ട് ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തതിന്റെ പേരില്‍ ജയിലിലായ ബഷീര്‍ പിന്നീട് ഭഗത് സിംഗ് മാതൃകയില്‍ തീവ്രവാദ സംഘമുണ്ടാക്കുകയും പ്രസ്തുത സംഘത്തിന്റെ മുഖപത്രമായ ഉജ്ജീവനത്തില്‍ ലേഖനങ്ങള്‍ ‘പ്രഭ’ എന്ന തൂലികാനാമത്തില്‍ എഴുതുകയുമുണ്ടായി.

പില്‍ക്കാലത്ത് ഏകദേശം 9 വര്‍ഷത്തോളം നീണ്ട അലച്ചിലില്‍ ബഷീര്‍ ആഫ്രിക്ക, അറേബ്യ, തുടങ്ങിയ രാജ്യങ്ങള്‍ ചുറ്റി സഞ്ചരിച്ചു. ഈ യാത്രയാണ് അദ്ദേഹത്തിലെ യഥാര്‍ത്ഥ കഥാകാരനെ പുറത്തു കൊണ്ടുവന്നതായി അദ്ദേഹം പറഞ്ഞിട്ടുള്ളത്. വിവിധ ഭാഷകളും മനുഷ്യജീവിതത്തിന്റെ പലവിധ കാഴ്ചകളും ഈ യാത്രയിലാണ് അദ്ദേഹത്തില്‍ സന്നിവേശിച്ചത്.

മലബാറിന്റെ ലോകത്തെ കേരളത്തെ ചിരപരിചിതമാക്കിയ മലയാള സാഹിത്യത്തിലെ എക്കാലത്തെയും പ്രണയലേഖനമായ ‘ഒരു പ്രേമലേഖനം’ 1943ലാണ് അദ്ദേഹം പ്രസിദ്ധീകരിക്കുന്നത്. തുടര്‍ന്ന് ബാല്യകാലസഖി (1944), ന്റുപ്പൂപ്പാക്കൊരാനേണ്ടാര്‍ന്ന് (1951), ആനവാരിയും പൊന്‍കുരിശും (1953), പാത്തുമ്മയുടെ ആട് (1959), മതിലുകള്‍ , ഭൂമിയുടെ അവകാശികള്‍ (1977), വിശ്വവിഖ്യാതമായ മൂക്ക് തുടങ്ങിയ സാഹിത്യലോകത്തെ ചര്‍ച്ചകള്‍ക്ക് വഴിവെച്ച കൃതികള്‍ അദ്ദേഹത്തിന്റെ തൂലികയില്‍ നിന്നും പിറന്നുവീണു.

പുരസ്‌കാരങ്ങളും ആദരവുകളും അദ്ദേഹത്തെ തേടിയെത്തി. ഇന്ത്യാ ഗവണ്‍മെന്റ് 1982ല്‍ പത്മശ്രീ പുരസ്‌കാരം നല്‍കി ബഷീറിനെ ആദരിച്ചു. കൂടാതെ നൂറകണക്കിന് ചെറുതും വലുതുമായ പുരസ്‌കാരങ്ങളും ആ മഹാപ്രതിഭയ്ക്കു മുന്നില്‍ കീഴടങ്ങി. 1994 ജൂലൈ അഞ്ചിന് ഈ ലോകം വിട്ടകന്നു.