പോക്കുവരവ് ശരിയാക്കാന്‍ 3000 രൂപയും മദ്യവും കൈക്കൂലി വാങ്ങിയ വില്ലേജ് ഓഫിസര്‍ വിജിലന്‍സ് പിടിയിലായി

single-img
20 January 2015

Bijumonപോക്കുവരവ് ചെയ്തുകൊടുക്കാന്‍ കൈക്കൂലി വാങ്ങുന്നതിനിടയില്‍ കിടങ്ങൂര്‍ വില്ലേജ് ഓഫിസര്‍ പി.കെ. ബിജുമോനെയും വില്ലേജ് അസിസ്റ്റന്റ് എബ്രഹാം തോമസിനേയും വിജിലന്‍സ് ഡിവൈഎസ്പി സുരേഷ്‌കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തു.

ചേര്‍പ്പുങ്കലില്‍ സ്ഥലം വാങ്ങിയ അനീഷ് എന്നയാള്‍ സ്ഥലത്തിന്റെ പോക്കുവരവു രേഖകള്‍ക്കായി സമീപിച്ചപ്പോള്‍ കൈക്കൂലി ആവശ്യപ്പെട്ടതായാണ് കേസ്. പോക്കുവരവിന് അപേക്ഷ നല്‍കി രണ്ടര മാസം കഴിഞ്ഞിട്ടും രേഖകള്‍ ലഭിക്കാത്തതിനെ തുടര്‍ന്ന് ഓഫിസിലെത്തിയപ്പോഴാണ് ബിജുമോന്‍ 3000 രൂപയും ഒരു കുപ്പി വിദേശ മദ്യവും ആവശ്യപ്പെട്ടത്. അനീഷ് ഇക്കാര്യം വിജിലന്‍സില്‍ അറിയിക്കുകയും വിജിലന്‍സ് നിര്‍ദേശമനുസരിച്ച് സാധനങ്ങള്‍ കൈമാറുകയുമായിരുന്നു.

ബിജുമോന്‍ വിജിലന്‍സിന്റെ നിരീക്ഷണത്തിലായിരുന്നുവെന്ന് ഡിവൈഎസ്പി സുരേഷ്‌കുമാര്‍ പറഞ്ഞു. ബിജുമോന്‍ കൈക്കൂലിയായി വാങ്ങിയ മൂവായിരം രൂപയും ഒരു കുപ്പി വിദേശ മദ്യവും വിജിലന്‍സ് കണ്ടെടുത്തു. ഇരുവരെയും തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ ഹാജരാക്കും.