മത്സരത്തിനിടെ വേദിയിൽ കറണ്ടു പോയി; മത്സരാർത്ഥിയെ നൃത്തം ചെയ്യാൻ സംഘാടകർ അനുവദിച്ചില്ല; ബഹളത്തെ തുടർന്ന് സംഘാടകർ തീരുമാനം മാറ്റി

single-img
20 January 2015

schoolകോഴിക്കോട്: മത്സരം നടക്കുന്നതിനിടെ വേദിയിൽ വൈദ്യുതി ബന്ധം തകരാറിലായാതിന് മത്സരാർത്ഥിയെ പിൻവലിക്കാനുള്ള സംഘാടകരുടെ ശ്രമം വിവാദമായി. തിങ്കളാഴ്ച രാത്രി നാടോടിനൃത്ത മത്സരവേദിയായ പ്രോവിഡൻസ് സ്കൂളിലായിരുന്നു ബഹളം നടന്നത്. സംഘാടകരുടെ തീരുമാനനത്തിനെതിരെ കലോത്സവവേദിയിൽ രോഷം അണപൊട്ടി.

കൊടുങ്ങല്ലൂർ ജി. എച്ച്. എസ്.എസിലെ പവിത്ര സി.മേനോൻ പെൺകുട്ടികളുടെ നാടോടി നൃത്ത മത്സരത്തിന് വേദിയിലെത്തി മിനിട്ടുകൾക്കകം വൈദ്യുതി പോയി. തുടർന്ന് നൃത്തം തടസപ്പെട്ടു. കുറച്ചു സമയങ്ങൾക്ക് ശേഷം ജനറേറ്റർ പ്രവ‌ർത്തിപ്പിച്ച് വൈദ്യുതി പുനർസ്ഥാപിച്ചു. പിന്നീട് നൃത്തം ചെയ്യാൻ വേദിയിൽ എത്തിയ പവിത്രയെ സംഘാടകർ അനുവദിച്ചില്ല. വൈദ്യുതി പോയത് മത്സരാര്‍ത്ഥിയുടെ കുഴപ്പമല്ല എന്ന് രക്ഷിതാക്കള്‍ വാദിച്ചെങ്കിലും സംഘാടകര്‍ വഴങ്ങിയില്ല.

കുട്ടിയുടെ മുത്തശ്ശി സ്‌റ്റേജില്‍ കയറി ഇരുന്ന് പ്രതിഷേധിച്ചു.   കണ്ടു നിന്നവരും ചന്ദ്രികയ്ക്കൊപ്പം നിന്ന് സംഘാടകരുടെ തീരുമാനം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടു. ബഹളം അരമണിക്കൂറോളം നീണ്ടു നിന്നു. ഇതിനിടയിൽ ചന്ദ്രിക തളർന്നു വീണു. പിന്നീട് പ്രദീപ്കുമാര്‍ എം.എല്‍.എ സ്ഥലത്തെത്തുകയും ചര്‍ച്ചകള്‍ക്കൊടുവില്‍ പവിത്രയ്ക്ക് വീണ്ടും നൃത്തം ചെയ്യാന്‍ അവസരം നല്‍കുകയും ചെയ്തു. പവിത്ര മത്സരത്തില്‍ എഗ്രേഡും നേടി.