ഐസിസ്‌ ഭീകരര്‍ ഇന്ത്യയിൽ ആക്രമണങ്ങൾ നടത്തിയേക്കുമെന്ന് ബ്രിട്ടന്റെ മുന്നറിയിപ്പ്‌

single-img
20 January 2015

ISISന്യൂഡല്‍ഹി: ഐസിസ്‌ ഭീകരര്‍ ഇന്ത്യയിൽ ആക്രമണങ്ങൾ നടത്തിയേക്കുമെന്ന് ബ്രിട്ടന്റെ മുന്നറിയിപ്പ്‌. ഐസിസിനെ നേരിടാന്‍ ഇന്ത്യ സുസജ്‌ജമായിരിക്കണമെന്നും ബ്രിട്ടന്റെ മുന്നറിയിപ്പ് നൽകി. ലണ്ടനിൽ കഴിഞ്ഞ ദിവസം നടന്ന ഇന്ത്യ-ബ്രിട്ടണ്‍ സംയുക്ത ഭീകരവിരുദ്ധ പ്രവർത്തക യോഗത്തിലാണ്  ആക്രമണ സാദ്ധ്യതയെക്കുറിച്ച് ബ്രിട്ടൻ മുന്നറിയിപ്പ് നൽകിയത്.

അതേസമയം, ബ്രിട്ടണെ അല്‍-കെ്വയ്‌ദ  ലക്ഷ്യം വെക്കുന്നുണ്ടെന്ന് ഇന്ത്യയും അറിയിച്ചു.

ഭീകരരെ നല്ലതെന്നും ചീത്തയെന്നും  തരംതിരിക്കുന്ന പാകിസ്ഥാന്റെ  നയത്തിനെതിരെ ശക്തമായ നിലപാടെടുക്കണമെന്നും യോഗത്തിൽ പങ്കെടുത്ത ഇന്ത്യൻ പ്രതിനിധികൾ ബ്രിട്ടനോട് ആവശ്യപ്പെട്ടു. ഇത്തരം സമീപനം പാകിസ്ഥാനെ ഭീകരതയുടെ നഴ്‌സറിയാക്കി മാറ്റുകയാണെന്നും ഇന്ത്യന്‍ പ്രതിനിധികള്‍ അഭിപ്രായപ്പെട്ടു.

പാകിസ്ഥാനിലെ ഭീകര ഗ്രൂപ്പുകളെക്കാൾ ഐസിസിനെ പ്രതിരോധിക്കുന്നതിലാണ് ബ്രിട്ടൻ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.  അതേ സമയം റിപ്പബ്ളിക്ക് ദിനത്തിൽ വിശിഷ്ടാതിഥിയായി അമേരിക്കൻ പ്രസിഡന്റ് ബറാക്ക് ഒബാമ ന്യൂഡൽഹിയിൽ എത്താനിരിക്കെ യു.കെയുടെ മുന്നറിയിപ്പ് അതീവ ഗൗരവത്തോടെയാണ് ഇന്ത്യ കാണുന്നത്. സുരക്ഷാ ഏജൻസികൾക്കെല്ലാം അതീവ ജാഗ്രതാ നിർദ്ദേശം കേന്ദ്രം നൽകിയിട്ടുണ്ട്.