സഹോദരിയുടെ കല്ല്യാണം നടത്താന്‍ വേണ്ടി കടംവാങ്ങാന്‍ നെട്ടോട്ടമോടിയ മോഹനദാസിന് കല്ല്യാണത്തിന്റെ തലേദിവസം ലഭിച്ചത് കാരുണ്യ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമായ 1 കോടി രൂപ

single-img
19 January 2015

Maohanadasസഹോദരിയുടെ വിവാഹം കടം വാങ്ങിനടത്താന്‍ നെട്ടോട്ടമോടിയ മോഹനദാസിന് നിനച്ചിരിക്കാതെ കിട്ടിയത് ഭാഗദേവതയുടെ അവിചാരിത സമ്മാനം. ഇടയപ്പാറ ഇളപ്പുങ്കല്‍ അടുകുഴിയില്‍ രാംറാം മോഹനന്റെ മകന്‍ മേസ്തിരിപ്പണിക്കാരനായ മോഹനദാസിന് (28) ശനിയാഴ്ച നടന്ന കാരുണ്യ ഭാഗ്യക്കുറിയുടെ കെആര്‍ 173-ാം നറുക്കെടുപ്പിലെ ഒന്നാം സമ്മാനമായ ഒരുകോടി രൂപയാണ് ലഭിച്ചത്.

ഇന്നലെ സഹോദരി സൂര്യകലയുടെ വിവാഹം രാമങ്കരി സ്വദേശി ശരത്തുമായി തുരുമാനിച്ചു വച്ചിരിക്കുകയായിരുന്നു. വിവാഹത്തിരക്കിനിടയില്‍ തലേദിവസം ഉച്ചയ്ക്ക് ചാമംപതാല്‍ സോബിന്‍ ലക്കി സെന്ററിലെ ലോട്ടറി ഏജന്റ് പത്തനാട് സ്വദേശി രാജനില്‍നിന്നും ടൗണിലേക്ക് പോകുന്ന വഴി മോഹനദാസ് ടിക്കറ്റ് വാങ്ങുകയായിരുന്നു. രാത്രിയില്‍ സുഹൃത്തുക്കളായ മനോജും അജേഷും പറഞ്ഞാണ് പത്തനാട്ടാണ് ഒന്നാം സമ്മാനം അടിച്ചതെന്നറിഞ്ഞത്. എന്നാല്‍ അത് തനിക്കാണെന്ന് മോഹനദാസ് വിശ്വസിച്ചില്ല.

ഒടുവില്‍ തന്റെ ടിക്കറ്റ് കണ്ട് സുഹൃത്തുക്കളാണ് മോഹനദാസിനെ ആ സത്യം അറിയിച്ചത്. കടം വാങ്ങിയാണെങ്കിലും നടത്തിയ സഹോദരിയുടെ വിവാഹദിവസം ആ വീട് അങ്ങനെ മറ്റൊരു സന്തോഷം കൂടി കൊണ്ടുവന്നു.

ഒന്നാം സമ്മാനം അടിച്ച തുകയ്ക്ക് കടങ്ങളെല്ലാം വീട്ടി കുറച്ചു സ്ഥലം വാങ്ങി പുതിയൊരു വീടുവയ്ക്കണമെന്നാണു മോഹനദാസിന്റെ ആഗ്രഹം. സമ്മാനഗ ലഭിച്ച ടിക്കറ്റ് പത്തനാട്ടെ കങ്ങഴ സര്‍വീസ് സഹകരണ ബാങ്കില്‍ മോഹനദാസ് ഏല്‍പ്പിച്ചിരിക്കുകയാണ്.