വിധിയെ ചിരിച്ചുതള്ളി കണ്‍മണി നേടിയെടുത്തത് സംസ്‌കൃതം ഗാനാലാപനത്തില്‍ എ ഗ്രേഡും മൂന്നാം സ്ഥാനവും

single-img
17 January 2015

kanmaniകണ്‍മണി വിധിയെ നോക്കിച്ചിരിക്കുകയാണ്. തന്നെ അങ്ങനെയങ്ങ് തോല്‍പ്പിക്കാന്‍ നോക്കേണ്ടെന്ന ഭാവത്തോടെ. ആലപ്പുഴ ജില്ലയെ പ്രതിനിധീകരിച്ച് സംസ്ഥാന കലോത്സവത്തിനെത്തിയ താമരക്കുളം വിവിഎച്ച്എസ്എസി ലെ എട്ടാം ക്ലാസിലെ ഈ വിദ്യാര്‍ഥിനി നേടിയെടുത്തത് സംസ്‌കൃതം ഗാനാലാപനത്തില്‍ എ ഗ്രേഡും മൂന്നാം സ്ഥാനവുമാണ്.

മാവേലിക്കര സ്വദേശി ടാക്‌സി ഡ്രൈവറായ ശശികുമാറിനും ഭാര്യ രേഖയ്ക്കും ഇരുകൈകളുമില്ലാതെ ജനിച്ചുവീണ കണ്‍മണി ഇന്ന് സംസ്ഥാനമറിയുന്ന കലാകാരിയായത് ഇച്ഛാശക്തി ഒന്നുകൊണ്ടുതന്നെയാണ്. ലഭിച്ച രണ്ടു കാലുകളാവട്ടെ ഏറെ കുറവുളളതും. തങ്ങളുടെ കണ്ണിലെ കൃഷ്ണമണി പോലെ കണ്‍മണിയെ പരിപാലിച്ചു വഌത്തുന്ന മാതാപിതാക്കള്‍ക്കും മകള്‍ തോല്‍ക്കുന്നതു കാണാനും കഴിയില്ല. മകള്‍ക്ക് സംഗീതത്തിലും ചിത്രരചനയിലുമുള്ള അഭിരുചി കണ്ടറിഞ്ഞു പ്രോത്സാഹിപ്പിച്ച് ആ മാതാപിതാക്കള്‍ അവളെ മുന്നോട്ട് നയിക്കുകയാണ്.

മറ്റുളളവര്‍ കൈകൊണ്ടു ചെയ്യുന്ന പല കാര്യങ്ങളും കണ്‍മണി കാലുകള്‍ കൊണ്ടു ചെയ്യും. കണ്‍മണി മനോഹരമായ ജലച്ചായ ചിത്രങ്ങള്‍ വരയ്ക്കുന്നത് പോരായ്മകളുള്ള തന്റെ രണ്ടു കാലുമുപയോഗിച്ചാണ്. നാലാം ക്ലാസുമുതല്‍ വാട്ടര്‍കളര്‍ മത്സരത്തില്‍ പങ്കെടുക്കാന്‍ തുടങ്ങിയ കണ്‍മണി ജില്ലാതലം വരെ നിരവധി സമ്മാനങ്ങള്‍ നേടി. കണ്‍മണിയെ മത്സരങ്ങളില്‍ പങ്കെടുക്കാന്‍ വേണ്ടി ഇപ്പോള്‍ വാട്ടര്‍കളര്‍ അഭ്യസിപ്പിക്കുന്നത് ഉണ്ണികൃഷ്ണനാണ്.

കണ്‍മണി സംസ്‌കൃത ഗാനാലാപനം, ശാസ്ത്രീയസംഗീതം, അക്ഷര ശ്ലോകം, വാട്ടര്‍കളര്‍ എന്നീ നാലിനങ്ങളില്‍ ജില്ലാ കലോത്സവത്തില്‍ മത്സരിച്ച് എഗ്രേഡ് നേടിയെങ്കിലും സംസ്‌കൃത ഗാനാലാപനത്തിനു മാത്രമാണു സംസ്ഥാന കലോത്സവത്തില്‍ മത്സരിക്കാന്‍ യോഗ്യത ലഭിച്ചത്. കുട്ടിക്കാലത്ത് തന്നെ നന്നായി പാട്ടുകള്‍ പാടിയിരുന്ന കണ്‍മണി നാലു വര്‍ഷം മുമ്പു മാത്രമാണു ശാസ്ത്രീയമായി സംഗീതം പഠിച്ചുതുടങ്ങിയത്. ആദ്യഗുരു പ്രിയംവദയായിരുന്നു. ഇപ്പോള്‍ പി.എസ്. ജയറാം, വീണാ ചന്ദ്രന്‍ എന്നിവരുടെ കീഴിലും കണ്‍മണി സംഗീതാഭ്യാസം തുടരുന്നു.

ഇപ്പോള്‍ സ്ഥിരമായി ക്ഷേത്രങ്ങളിലും മറ്റും കണ്‍മണി കച്ചേരി അവതരിപ്പിച്ചുവരുന്നുണ്ട്. കലോത്സവത്തില്‍ മത്സരിക്കാന്‍ വ്യാഴാഴ്ച രാത്രി കോഴിക്കോട്ടെത്തിയത് തന്നെ ഒരിടത്തെ കച്ചേരി കഴിഞ്ഞശേഷമാണ്. ഉത്സവസീണായതിനാല്‍ മിക്കവാറും എല്ലാ ദിവസങ്ങളിലും കണ്‍മണിക്ക് ഇപ്പോള്‍ കച്ചേരിയുണ്ട്.