കൃഷ്ണപിള്ള സ്മാരകം തകര്‍ക്കല്‍; പ്രതികള്‍ കുറ്റം സമ്മതിച്ചു

single-img
17 January 2015

P.Krishna_Pillaiമുഹമ്മ കണ്ണാര്‍ക്കാട്ടെ പി.കൃഷ്ണപിള്ള സ്മാരകം തകര്‍ത്ത കേസില്‍ അറസ്റ്റിലായ പ്രതികള്‍ കുറ്റം സമ്മതിച്ചു. ചുറ്റികകൊണ്ട് സ്മാരകത്തിലെ പ്രതിമ അടിച്ചുപൊട്ടിച്ചുവെന്നും കുടിലിന് മുകള്‍ ഭാഗം ഓലച്ചൂട്ടുകൊണ്ട് കത്തിക്കുകയും ചെയ്തുവെന്നാണ് പ്രതികള്‍ സമ്മതിച്ചത്. കഴിഞ്ഞ ദിവസം കീഴടങ്ങിയ രണ്ടു മുതല്‍ അഞ്ച് വരെയുള്ള പ്രതികളെ ചോദ്യം ചെയ്തപ്പോഴാണ് പ്രതികള്‍ കുറ്റം സമ്മതിച്ചത്.

സിപിഎം കഞ്ഞിക്കുഴി ലോക്കല്‍ കമ്മിറ്റി മുന്‍ സെക്രട്ടറിം കേസിലെ രണ്ടാം പ്രതിയുമായ പി. സാബു, മൂന്നും നാലും അഞ്ചും പ്രതികളായ ദീപു, പ്രമോദ്, രാജേഷ് എന്നിവരാണ് സംഭവത്തിന് പിന്നില്‍. ഇവരില്‍ സാബു, പ്രമോദ്, രാജേഷ് എന്നിവര്‍ ചേര്‍ന്നാണ് പ്രതിമ തകര്‍ത്തത്. പ്രമോദിന്റെ ടിപ്പര്‍ ലോറിയിലെ ചുറ്റികകൊണ്ട് മുഖം അടിച്ചു തകര്‍ത്തപ്പോള്‍ ദീപു ചൂട്ടുകറ്റകൊണ്ട് കുടില്‍ കത്തിച്ചു. സംഭവം ആസൂത്രണം ചെയ്തതും ഇവര്‍ക്ക് നിര്‍ദ്ദേശങ്ങള്‍ നല്കിയതും ഒന്നാം പ്രതി ലതീഷാണെന്നും സംഭവത്തിന് ശേഷം പ്രതികള്‍ സ്ഥലത്തു നിന്നും ഓടി രക്ഷപെടുകയായിരുന്നുവെന്നും വെളിപ്പെടുത്തി.