ടിക്കറ്റിന്റെ ബാക്കിചോദിച്ച യാത്രക്കാരനെ മറ്റുള്ള യാത്രക്കാരുടെ മുന്നില്‍വെച്ച് അസഭ്യം വിളിച്ച കണ്ടക്ടറെ കോടതി ശിക്ഷിച്ചു

single-img
16 January 2015

P1400516മറ്റുള്ള യാത്രക്കാരുടെ മുന്നില്‍വെച്ച് ടിക്കറ്റ് തുകയുടെ ബാക്കി ചോദിച്ച യാത്രക്കാരനെ അപമാനിച്ച കെഎസ്ആര്‍ടിസി കണ്ടക്ടര്‍ക്ക് കെഎസ്ആര്‍ടിസി അപലറ്റ് ട്രൈബ്യൂണല്‍ നല്‍കിയ ശിക്ഷ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് പുനഃസ്ഥാപിച്ചു. ശിക്ഷയുടെ ഭാഗമായി ആരോപണവിധേയനായ കണ്ടക്ടര്‍ ആര്‍. സജികുമാറിന്റെ മൂന്ന് ഇന്‍ക്രിമെന്റ് വെട്ടിക്കും.

യാത്രക്കാരന്റെ പരാതിയില്‍ നിര്‍ബന്ധിത വിരമിക്കലാണ് കെഎസ്ആര്‍ടിസി നിര്‍ദേശിച്ചിരുന്നതെങ്കിലും അപ്പീല്‍ പരിഗണിച്ച ട്രൈബ്യൂണല്‍ കണ്ടക്ടറെ തിരിച്ചെടുക്കാനും ഇന്‍ക്രിമെന്റ് വെട്ടിച്ചുരുക്കാനും വിധിക്കുകയായിരുന്നു. ഇതിനെതിരെ കണ്ടക്ടര്‍ ഹൈക്കോടതിയിലെത്തിയപ്പോള്‍ പരാതിക്കാരനെ വിസ്തരിച്ചില്ലെന്ന കാരണത്താല്‍ സിംഗിള്‍ ജഡ്ജി ശിക്ഷാ നടപടി തടഞ്ഞു. ഇതു ചോദ്യം ചെയ്ത് കെഎസ്ആര്‍ടിസി നല്‍കിയ അപ്പീലിലാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ വിധി.

2004 ഒക്‌ടോബര്‍ 6ന് കൊട്ടാരക്കരയില്‍നിന്നു വെമ്പായത്തേക്കുള്ള യാത്രക്കാരന്‍ 23 രൂപയുടെ ടിക്കറ്റിനു 100 രൂപ കണ്ടക്ടര്‍ക്ക് നല്‍കി. എന്നാല്‍ കണ്ടക്ടര്‍ ചില്ലറയില്ലെന്നു കരുതി ബാക്കി നല്‍കിയില്ല. ഇറങ്ങേണ്ട സ്ഥലമെത്തിയാത്രക്കാരന്‍ ബാക്കി ചോദിച്ചപ്പോള്‍ ചില്ലറയില്ലെന്നു മറുപടിയും നല്‍കി. തുടര്‍ന്ന് യാത്രക്കാരന്‍ ചില്ലറ തപ്പി 30 രൂപ എടുത്തു നല്‍കിയപ്പോള്‍ ആദ്യഗ ടിക്കറ്റെടുക്കാന്‍ നല്‍കിയ 100 രൂപ കൂടിച്ചേര്‍ത്ത് 107 രൂപ തിരിച്ചു നല്‍കുന്നതിനു പകരം ഏഴു രൂപ മാത്രമാണു ബാക്കി നല്‍കിയത്.

ഇതിനെ തുടര്‍ന്ന് തര്‍ക്കമുണ്ടായപ്പോള്‍ കണ്ടക്ടര്‍ മറ്റു യാത്രക്കാര്‍ക്കു മുന്നില്‍ വച്ച് അസഭ്യം പറയുകയായിരുന്നു. തുടര്‍ന്ന് ബാക്കി കിട്ടാന്‍ വെമ്പായത്തുനിന്നു തിരുവനന്തപുരം സെന്‍ട്രല്‍ സ്‌റ്റേഷന്‍ വരെ വീണ്ടും ഒന്‍പതു രൂപയുടെ അധിക ടിക്കറ്റ് എടുത്ത് യാത്ര ചെയ്യേണ്ടി വന്നെന്നും യാത്രക്കാരന്‍ പരാതിപ്പെട്ടു.

എന്നാല്‍ സംഭവം മനഃപൂര്‍വ്വമല്ലെന്നും, ബസില്‍ നല്ല തിരക്കായതിനാല്‍ മറന്നു പോയതാണെന്നും ഡ്യൂട്ടിയിലല്ലാതെ ബസിലുണ്ടായിരുന്ന മറ്റു രണ്ടു സഹപ്രവര്‍ത്തകര്‍ ഇടപെട്ട് യാത്രക്കാരന് ബാക്കി നല്‍കിയെന്നും തുടര്‍ന്ന് യാത്രക്കാരനോടു ക്ഷമ പറഞ്ഞെന്നും കണ്ടക്ടര്‍ വാദിച്ചു. എന്നാല്‍ കെഎസ്ആര്‍ടിസിയിലെ കണ്ടക്ടര്‍ യാത്രക്കാരനോടു ക്ഷമ പറഞ്ഞെന്നു പറയുന്നതു സങ്കല്‍പിക്കാന്‍ പോലുമാവുന്നില്ലെന്നു ഡിവിഷന്‍ ബെഞ്ച് പറഞ്ഞു.

പരാതിക്കാരനെ വിസ്തരിച്ചില്ലെന്ന കാരണത്താല്‍ ശിക്ഷ റദ്ദാക്കാനാവില്ലെന്നും ദുരിതമനുഭവിച്ച യാത്രക്കാരനെ വീണ്ടും നടപടിക്രമങ്ങളിലേക്കു വിളിച്ചു വരുത്താന്‍ കഴിയില്ലെന്നും ഈ സാഹചര്യത്തില്‍ പരാതിക്കാരനെ കൂടുതല്‍ ബുദ്ധിമുട്ടിച്ചാല്‍ പൊതുസേവന രംഗത്തെ പൊതുമേഖലാ സ്ഥാപനങ്ങളെക്കുറിച്ചു പരാതിപ്പെടാന്‍ ആരും മുന്നോട്ട് വരില്ലെന്നും കോടതി സൂചിപ്പിച്ചു.