ഒരുലിറ്റര്‍ പെട്രോളില്‍ 200 കിലോമീറ്റര്‍ മൈലേജ് ലഭിക്കുന്ന അത്ഭുത വാഹനവുമായി കേരളത്തിന്റെ സ്വന്തം കുട്ടികള്‍ അന്താരാഷ്ട്ര വാഹന മത്സരത്തിന് എത്തുന്നു

single-img
15 January 2015

wonder_carഫിലിപ്പീന്‍സില്‍ നടക്കുന്ന അന്താരാഷ്ട്രതലത്തില്‍ ഇന്ധനക്ഷമത പ്രകടിപ്പിക്കുന്ന വാഹനങ്ങളുടെ മത്സരമായ ഷെല്‍ എക്കോ മാരത്തോണില്‍ വിജയം കുറിക്കാന്‍ നമ്മുടെ സ്വന്തം നാട്ടുകാര്‍ അവരുണ്ടാക്കിയ അത്ഭുത വാഹനവുമായെത്തുന്നു. ബാര്‍ട്ടണ്‍ ഹില്‍ ഗവണ്‍മെന്റ് എന്‍ജിനിയറിംഗ് കോളജ് വിദ്യാര്‍ഥികളാണ് മത്സരത്തില്‍ പങ്കെടുക്കുന്നതിനായി ഒരു ലിറ്റര്‍ പെട്രോളില്‍ 200 കിലോമീറ്ററിലധികം മൈലേജ് ലഭിക്കുന്ന അത്ഭുത വാഹനം നിര്‍മിച്ചിരിക്കുന്നത്. കോളജിലെ ആറാം സെമസ്റ്റര്‍ മെക്കാനിക്കല്‍ എന്‍ജിനിയറിംഗ് വിദ്യാര്‍ഥികളായ ബിബിന്‍ സാഗരം, റോണിത് സ്റ്റാന്‍ലി, എസ്. വിഷ്ണുപ്രസാദ് എന്നിവരാണ് രാജ്യത്തിന് അഭിമാനകരമായ എഞ്ചിനീയറിംഗ് വിസ്മയവുമായി എത്തിയിരിക്കുന്നത്.

റേസ് കാര്‍ മാതൃകയിലുള്ള മണിക്കൂറില്‍ 40 കിലോമീറ്റര്‍ വേഗത്തില്‍ ഒരാള്‍ക്ക് സഞ്ചരിക്കാന്‍ ശേഷിയുള്ള വാഹനത്തിന് 50 കിലോഗ്രാം ഭാരവും 1.5 മീറ്റര്‍ നീളവും 60 സെന്റിമീറ്റര്‍ വീതിയുമുണ്ട്. ഹോണ്ടയുടെ ജിഎക്‌സ്-35 എന്‍ജിന്‍ ഉപയോഗിച്ചിരിക്കുന്ന വാഹനത്തില്‍ ഇലക്‌ട്രോണിക് ഫ്യൂല്‍ ഇന്‍ജംഗ്ഷന്‍ സിസ്റ്റം ഉപയോഗിക്കുന്നതിനാലാണ് ഈ അസാധാരണ മൈലേജ് ലഭിക്കുന്നതെന്ന് വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. മാത്രമല്ല അപകട മുന്നറിയിപ്പ് നല്‍കുന്ന സിസ്റ്റവും എന്‍ജിന്റെ ടെമ്പറേച്ചര്‍ മോണിറ്ററും എഫ്.ഐ.എ നിലവാരത്തിലുള്ള സിക്‌സ് പോയിന്റ് സീറ്റ് ബെല്‍റ്റും ഈ വാഹനത്തിലുണ്ട്.

കട്ടികൂടിയ ഫൈബര്‍ഗ്ലാസും റീഇന്‍ഫോഴ്‌സ്ഡ് പ്ലാസ്റ്റിക്കും ഉപയോഗിച്ചാണ് വാഹനത്തിന്റെ ബോഡി നിര്‍മിച്ചിരിക്കുന്നത്. വാഹനത്തിന്റെ മറ്റു ഭാഗങ്ങളില്‍ ചിലതു വിദേശത്തു നിന്നു വരുത്തുകയും ചെയ്തിട്ടുണ്ട്. വാഹനം ആകര്‍ഷകമാക്കാന്‍ ത്രീഡി പ്രിന്റിംഗും ഉപയോഗപ്പെടുത്തിയിട്ടുണ്ട്. ഭാരം കുറഞ്ഞ അലൂമിനിയം ഉപയോഗിച്ചാണ് വാഹനത്തിന്റെ ഷാസി ഉണ്ടാക്കിയിരിക്കുന്നത്. പ്രസ്തുത വാഹനത്തിന്റെ ടെസ്റ്റ് റണ്‍ ഓള്‍ സെയിന്റ്‌സ് കോളജ് ഗ്രൗണ്ടില്‍ വിജയകരമായി നടത്തിയതായും വിദ്യാര്‍ഥികള്‍ അറിയിച്ചു.

വാഹനത്തിന്റെ നിര്‍മാണത്തിനും മറ്റുമായി ഇതുവരെ രണ്ടു ലക്ഷം രൂപ ചെലവായതായി ടീം ലീഡര്‍ ബിബിന്‍ പറഞ്ഞു. വാഹന നിര്‍മ്മാണത്തില്‍ വിദ്യാര്‍ഥികള്‍ക്കു ഉപദേശങ്ങളും പിന്തുണയുമായി മെക്കാനിക്കല്‍ വിഭാഗം അധ്യാപകരായ പ്രഫ. എസ്.വി സന്തോഷ്‌കുമാറും പ്രഫ. എ അന്‍വര്‍ സാദത്തും ഒപ്പമുണ്ട്. ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലിന്റെ ടെക്‌നോളജി ഡവലപ്‌മെന്‍് അഡാപ്‌റ്റേഷന്‍ പ്രോഗ്രാമിന്റെ ഭാഗമായി ഈ സംരഭത്തിന് വിദ്യാര്‍ത്ഥികള്‍ക്ക് സാമ്പത്തിക പിന്തുണയും ലഭിച്ചിട്ടുണ്ട്.

കേരളത്തില്‍ നിന്ന് ആദ്യമായാണ് ഷെല്‍ എക്കോ മാരത്തോണ്‍ മത്സരത്തില്‍ പങ്കെടുക്കാന്‍ ഒരു ടീം പോകുന്നത്. ഫെബ്രുവരി 26 മുതല്‍ മാര്‍ച്ച് ഒന്നു വരെയാണ് ഷെല്‍ എക്കോ മാരത്തോണ്‍ മത്സരങ്ങള്‍ നടക്കുന്നത്.