ഷങ്കര്‍ വാടിക്കരിഞ്ഞതും വിക്രം കത്തിജ്ജ്വലിച്ചതുമായ ഐ

single-img
14 January 2015

7067Ai-Vikram-and-Amy-CVF

ലോകമെമ്പാടുമുള്ള പ്രേക്ഷകരുടെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് ബിഗ്ബഡ്ജറ്റ് സിനിമയുടെ സംവിധായകന്‍ ഷങ്കര്‍ വര്‍ഷങ്ങളെടുത്ത് പൂര്‍ത്തിയാക്കിയ  സിനിമ ‘ഐ’ ഒടുവില്‍ തിയേറ്ററുകളിലെത്തി. അന്യനിലൂടെ പ്രേക്ഷകരെ വിസ്മയിപ്പിച്ച നടന്‍ വിക്രമാണ് ഐയിലൂടെ വീണ്ടും ഷങ്കറുമായി കൂട്ടുചേരുന്നത്. ജന്റില്‍മാനില്‍ തുടങ്ങി ഐയില്‍ എത്തിനില്‍ക്കുന്ന ഷങ്കറില്‍ നിന്നും പ്രേക്ഷകപ്രതീക്ഷയ്ക്ക് വിരുദ്ധമായ ഒന്നുരണ്ടു ചിത്രങ്ങള്‍ ലഭിച്ചതൊഴിച്ചാല്‍ ഭൂരിപക്ഷവും പ്രേക്ഷക- നിരൂപക പ്രശംസ നേടിയവതന്നെയാണ്. പക്ഷേ കാലങ്ങളായി പ്രേക്ഷകര്‍ കാത്തിരുന്ന ചിത്രം ഐയില്‍ ഒരു സംവിധായകനെന്ന നിലയില്‍ ഷങ്കറിന്റെ പരാജയമാണ് കാണാന്‍ കഴിയുന്നത്.

ഹോളിവുഡ് സിനിമയില്‍ തന്റെ ശരീരം കൊണ്ട് വിസ്മയം തീര്‍ക്കുന്ന ക്രിസ്റ്റിയന്‍ ബെയ്‌ലിനെപ്പോലെ ഇന്ത്യന്‍സിനിമയില്‍ തന്റെ ശരീരം ഉപയോഗിച്ച് പ്രേക്ഷകരെ അത്ഭുതപ്പെടുത്തിയ നടനാണ് വിക്രം. മൂന്നുവര്‍ഷത്തോളം എടുത്തു ഐയുടെ ചിത്രീകരണം പൂര്‍ത്തിയാകാന്‍ എന്നുപറയുമ്പോള്‍ തന്നെ അതില്‍ ഭൂരിഭാഗം കാലവും നായകനായ വിക്രമിന്റെ ശരീരം പരുവപ്പെട്ടുത്തിയെടുക്കാന്‍ തന്നെയാണ് ചെലവിട്ടതും. എന്തായാലും ആ ഒരു ശ്രമം വിഫലമായില്ല. മിസ്റ്റര്‍ തമിഴ്‌നാട് മുതല്‍ അസുഖബാധിതനായ കൂനനായിവരെ തന്റെ ശരീരം ഉപയോഗിച്ച് വിക്രം പ്രേക്ഷകനെ ഐയിലൂടെ വിസ്മയിപ്പിക്കുന്നുണ്ട്.

മലയാള സൂപ്പര്‍സ്റ്റാര്‍ സുരേഷ് ഗോപി ചിത്രത്തില്‍ ഉണ്ടോ ഇല്ലയോ എന്നുള്ളതായിരുന്നു നവമാധ്യമലോകത്ത് ഇന്നലെവരെയുള്ള ചര്‍ച്ച. എന്തായാലും കരുതിയതുപോലെ തന്നെ സുരേഷ്‌ഗോപി ഒരു നല്ല വേഷത്തിലുണ്ട്. പക്ഷേ സസ്‌പെന്‍സ് കാത്തുവയ്ക്കാനാണ് സുരേഷ്‌ഗോപിയുടെ വേഷവും കാര്യങ്ങളുമൊക്കെ മറച്ചുവെച്ചു എന്ന കാര്യം മാത്രം എന്തിനായിരുന്നു എന്ന് മനസ്സിലാകുന്നില്ല. ഒരു പക്ഷേ പ്രേക്ഷകര്‍ക്ക് ചിത്രത്തിന്റെ തുടക്കത്തിലെ തന്നെ പിടികിട്ടുമായിരിക്കും, സുരേഷ്‌ഗോപി ആരാണെന്നും കഥാപാത്രത്തിന്റെ പ്രത്യേകത എന്താണെന്നും.

കഥയെപ്പറ്റിയൊന്നും ഇവിടെ സൂചിപ്പിക്കാന്‍ ആഗ്രഹിക്കുന്നില്ല. ഷങ്കറിന്റെ പതിവ് ചിത്രങ്ങളെ പോലെ തന്നെ സമകാലിക സംഭവങ്ങളില്‍ പൊതിഞ്ഞെടുത്ത പ്രണയ- പ്രതികാര ചിത്രമാണ് ഐ. ഗാനങ്ങള്‍ക്കും ഗാനരംഗങ്ങള്‍ക്കും മിഴിവേകാന്‍ സംവിധായകന്‍ ശ്രമിച്ചിട്ടുണ്ട്. ചിത്രത്തിന്റെ കുറേയേറെ സീനുകള്‍ ചൈനയില്‍ വെച്ചും ചിത്രീകരിച്ചിട്ടുണ്ട്. സംഘട്ടന രംഗങ്ങള്‍ യുക്തിക്ക് നിരക്കാത്തതാണെങ്കിലും സംവിധായകന്റെ കൈയൊപ്പ് പതിപ്പിക്കാന്‍ ഷങ്കര്‍ പരിശ്രമിച്ചിട്ടുണ്ട് എന്നുള്ളത് നേരാണ്.

ആക്ഷന്‍ രംഗങ്ങള്‍ മാത്രമല്ല, പല സീനുകളും പ്രേക്ഷകന്റെ യുക്തിയെ ചോദ്യം ചെയ്യുന്നുണ്ട്. പക്ഷേ അതെല്ലാം ‘ബിഗ്ബഡ്ജറ്റ് സംവിധായകന്‍ ഷങ്കറിന്റെ ചിത്രമല്ലേ’ എന്ന മട്ടില്‍ പ്രേക്ഷകര്‍ ഇരുന്നു കാണുന്നുമുണ്ട്. അതിഭാവുകത്വവും യുക്തിഹീന വസ്തുതകളുമാണ് ഷങ്കര്‍ ചിത്രത്തിന്റെ മുഖമുദ്ര എങ്കിലും പഴകെപ്പഴകെ പ്രേക്ഷകര്‍ അതു മടുത്തു തുടങ്ങുമെന്നുള്ള കാര്യം തീര്‍ച്ചയാണ്.

ചുരുക്കത്തില്‍ ഷങ്കറിന്റെ പഴയചിത്രങ്ങളുടെ അടുത്തുപോലും വരാത്ത ഒരുചിത്രം. പക്ഷേ വിക്രം എന്ന നടന്റെ സമര്‍പ്പണം കൊണ്ട് ഒരുപക്ഷേ ചരിത്രമായേക്കാവുന്ന ഒരു ചിത്രം- അതാണ് ‘ഐ’.