സംസ്ഥാന സ്‌കൂള്‍ കലോല്‍സവത്തിന് തുടക്കം

single-img
14 January 2015

10891581_787849844622518_1107744670728459826_nകോഴിക്കോട്: 55ാമത് സംസ്ഥാന സ്‌കൂള്‍ കലോല്‍സവത്തിന് തുടക്കം. 17 വേദികളിലായി 232 ഇനങ്ങളില്‍ പതിനൊന്നായിരം കലാപ്രതിഭകളാണ് 15 മുതല്‍ 21 വരെ നടക്കുന്ന കലോത്സവത്തില്‍ മാറ്റുരക്കുന്നത്. പതിനെട്ടാമത്തെ വേദിയായ നവനീതത്തില്‍ സാംസ്‌കാരികോത്സവം നടക്കും. മത്സരങ്ങള്‍ക്കായി എല്ലാ വേദികളും ഒരുങ്ങിക്കഴിഞ്ഞു.

 

മുഖ്യവേദിയായ മലബാര്‍ ക്രിസ്ത്യന്‍ കോളജ് ഗ്രൗണ്ടില്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ ഗോപാലകൃഷ്ണ ഭട്ട് പതാക ഉയര്‍ത്തുന്നതോടെ മേളയ്ക്ക് ഔപചാരികമായ തുടക്കമാവും. 10ന് ബി.ഇ.എം. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ രജിസ്‌ട്രേഷന്‍. ഉച്ചയ്ക്ക് 2.30ന് കോഴിക്കോട് കടപ്പുറത്തുനിന്ന് ആരംഭിക്കുന്ന വര്‍ണാഭമായ ഘോഷയാത്ര എ.ഡി.ജി.പി. എന്‍ ശങ്കര്‍ റെഡ്ഡി ഫഌഗ് ഓഫ് ചെയ്യും. നഗരപരിധിയിലെ 50 സ്‌കൂളുകളില്‍നിന്നായി 6000ത്തോളം കുട്ടികള്‍ അണിനിരക്കും. കേരളത്തിന്റെ സാംസ്‌കാരിക തനിമ വിളിച്ചോതുന്ന വിവിധ കലാരൂപങ്ങളുടെ പ്രകടനങ്ങള്‍ ഘോഷയാത്രയ്ക്ക് മിഴിവേകും. വൈകീട്ട് നാലിന് കലോല്‍സവത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍വഹിക്കും.

ചടങ്ങിന് മുന്നോടിയായി ജില്ലയിലെ 55 സംഗീതാധ്യാപകര്‍ അവതരിപ്പിക്കുന്ന സ്വാഗതഗാനാലാപനവും ദൃശ്യാവിഷ്‌കാരവും അരങ്ങേറും. മന്ത്രി പി കെ അബ്ദുര്‍റബ്ബ് അധ്യക്ഷത വഹിക്കും. ഗാനഗന്ധര്‍വന്‍ ഡോ. കെ.ജെ യേശുദാസിന്റെ സാന്നിധ്യം ചടങ്ങിന് മാറ്റുകൂട്ടും. മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി മുഖ്യപ്രഭാഷണം നടത്തും. ജനപ്രതിനിധികളും രാഷ്ട്രീയ-സാംസ്‌കാരിക രംഗത്തെ പ്രമുഖരും ചടങ്ങില്‍ സംബന്ധിക്കും. ഉദ്ഘാടന സമ്മേളനത്തിനു ശേഷം ഒന്നാംവേദിയില്‍ മോഹിനിയാട്ടം മല്‍സരം ആരംഭിക്കും. ഇതേസമയം മറ്റു 10 വേദികളില്‍ വിവിധ മല്‍സരങ്ങള്‍ അരങ്ങേറും. സംസ്‌കൃതോല്‍സവം പുതിയറയിലെ എസ് കെ പൊറ്റക്കാട് ഹാളില്‍ 15 മുതല്‍ 20 വരെയും അറബിക് സാഹിത്യോല്‍സവം 18 മുതല്‍ സി എച്ച് മുഹമ്മദ് കോയ ഓഡിറ്റോറിയത്തിലും നടക്കും. 21നു വൈകീട്ട് മൂന്നിന് സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് വി എസ് അച്യുതാന്ദന്‍ ഉദ്ഘാടനം ചെയ്യും. വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ മന്ത്രി പി കെ അബ്ദുര്‍റബ്ബ് വിതരണം ചെയ്യും. ചലച്ചിത്ര താരങ്ങളായ ജയറാം, റീമ കല്ലിങ്കല്‍, ആഷിഖ് അബു എന്നിവര്‍ മുഖ്യാഥിതികളായിരിക്കും. സമാപന സമ്മേളനത്തില്‍ സംഗീതാധ്യാപകരുടെ നേതൃത്വത്തില്‍ മംഗളഗാനാലാപനവും ഉണ്ടാകും.
മേളയില്‍ അപ്പീലുകളുടെ ആധിക്യം കുറയ്ക്കാന്‍ നടപടി സ്വീകരിക്കുമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ ഗോപാലകൃഷ്ണ ഭട്ട് അറിയിച്ചു. രാത്രി 12 മണിയോടെ മത്സരങ്ങള്‍ തീര്‍ക്കാന്‍ ശ്രമിക്കും. വിധികര്‍ത്താക്കളുടെ പാനല്‍ അതീവ രഹസ്യമായാണ് തയ്യാറാക്കിയിട്ടുള്ളത്. വിധികര്‍ത്താക്കള്‍ പൊലിസിന്റെ കര്‍ശന നീരീക്ഷണത്തിലായിരിക്കും. ഇവരുടെ നീക്കങ്ങളും ഫോണ്‍ സംഭാഷണങ്ങളും നിരീക്ഷിക്കും. വിധികര്‍ത്താക്കള്‍ക്കെതിരെ പരാതി ഉയര്‍ന്നി പരിശോധിച്ച് നടപടിയെടുക്കും. ആരോപണം തെളിഞ്ഞാല്‍ ഇവരെ കരിമ്പട്ടികയില്‍പെടുത്തി തുടര്‍ കലോത്സവങ്ങളില്‍ നിന്ന് മാറ്റിനിര്‍ത്തും. കലോത്സവ നഗരിയില്‍ കര്‍ശന സുരക്ഷയൊരുക്കാന്‍ വന്‍ പൊലിസ് സംഘത്തെ വിന്യസിച്ചിട്ടുണ്ട്. മത്സരാര്‍ത്ഥികള്‍ക്കുള്ള ഭക്ഷണ ശാലയും താമസ സൗകര്യവും സജ്ജമായി. ലോകമെങ്ങും കലോത്സവം തത്സമയം കാണാനും സൗകര്യമൊരുക്കിയിട്ടുണ്ട്.
മത്സരങ്ങളില്‍ ഒന്ന് മുതല്‍ മൂന്ന് വരെ സ്ഥാനങ്ങള്‍ നേടുന്നവര്‍ക്ക് പ്രൈസ്മണി നല്‍കുന്നതിനൊപ്പം പങ്കെടുക്കുന്ന എല്ലാവര്‍ക്കും സമ്മാനം നല്‍കും. കലോത്സവത്തില്‍ മാറ്റുരക്കാനായി കാസര്‍ക്കോട് ജില്ലയിലെ പ്രതിഭകളാണ് ആദ്യമെത്തുക. ഇന്ന് വൈകീട്ട് അഞ്ചിന് റെയില്‍വേ സ്റ്റേഷനില്‍ എത്തുന്ന ടീമിന് സംഘാടക സമിതിയുടെ ആഭിമുഖ്യത്തില്‍ സ്വീകരണം നല്‍കും. വാര്‍ത്താസമ്മേളനത്തില്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ ഗോപാലകൃഷ്ണ ഭട്ട്, അഡീഷനല്‍ ഡയറക്ടര്‍ എല്‍ രാജന്‍, ഹയര്‍സെക്കന്‍ഡറി ഡയറക്ടര്‍ എന്‍ സതീശ്, മീഡിയ കമ്മിറ്റി ചെയര്‍മാന്‍ കമാല്‍ വരദൂര്‍, കണ്‍വീനര്‍ കെ സനോജ് തുടങ്ങിയവര്‍ പങ്കെടുത്തു.