വെടിയൊച്ചകള്‍ മുഴങ്ങിയ ക്ലാസ്മുറികളില്‍ വീണ്ടും കുട്ടികളുടെ ശബ്ദമുയര്‍ന്നു; നിഷ്‌കളങ്കതയെ തോക്കുകൊണ്ട് നേരിട്ട മതതീവ്രവാദത്തിന് മുന്നറിയിപ്പായി പെഷവാറിലെ സ്‌കൂള്‍ വീണ്ടും തുറന്നു

single-img
12 January 2015

Peoples walk past an entrance gate with flowers and notes left by the people, at the Army Public School which was attacked by Taliban gunmen, in Peshawarഅവര്‍ പഠിക്കും. പഠിച്ച് പഠിച്ച് ഉയരങ്ങളിലെത്തും. എന്നിട്ട് വിദ്യാഭ്യാസത്തിന്റെ അവകാശത്തെ ഇരുള്‍ കൊണ്ടടയ്ക്കാന്‍ പിഞ്ചുജീവനുകള്‍ക്കുമേല്‍ തോക്കുപയോഗിച്ച നാണംകെട്ട മതതീവ്രവാദത്തെ അവര്‍ നേരിടും. അന്ന് ഈ ലോകം മുഴുവന്‍ അവരോടൊപ്പംകാണും.

ആ സരസ്വതിക്ഷേത്രത്തിന്റെ മുറ്റത്തേക്ക് കാലെടുത്ത് വെയ്ക്കുമ്പോള്‍ ഒത്തു നടന്നവരേയും കൂടെ ഒരേബഞ്ചിലിരുന്നവരെയും പിഞ്ചുകണ്ണുകള്‍ തിരയുന്നുണ്ടായിരുന്നു- അവര്‍ തിരിച്ചുവരില്ലെന്നറിഞ്ഞിട്ടുകൂടി. പലരുടെയും കണ്ണില്‍ ആ നിസഹായാവസ്ഥ കണ്ണുനീരായി പൊടിഞ്ഞിരുന്നു. വിദ്യാഭ്യാസമെന്ന മഹത്തായ ഉദ്യമത്തിന്റെ കാവലാളായി നിന്ന തങ്ങളുടെ പ്രിയപ്പെട്ട പല അദ്ധ്യാപകരും തിരിച്ചു വരില്ലെന്നതും അവര്‍ക്ക് അംഗീകരിക്കാനാകുന്നില്ല എന്നുള്ളതായിരുന്നു സത്യം.

ലോകജനതയെ മുഴുവന്‍ ഞെട്ടിച്ച, മതതീവ്രവാദമെന്ന കണ്ണില്‍ചോരയില്ലാത്ത പ്രവര്‍ത്തനത്തെ ലോകത്തിനുമുന്നില്‍ ലൈവായി കാട്ടിക്കൊടുത്ത പെഷവാറിലെ സ്‌കൂളില്‍ നടന്ന ഭീകരാക്രമണത്തിനുശേഷം അനശ്ചിതകാലത്തേക്ക് അടച്ച സ്‌കൂള്‍ ഇന്നു തുറന്നു. ആദ്യദിനത്തില്‍ ഹാജരായ കുട്ടികള്‍ എണ്ണത്തില്‍ കുറവായിരുന്നെങ്കിലും അത് പലരുടെയും പരിക്ക് ഭേദമാകാത്തതിനാലായിരുന്നു. അതല്ലാതെ വിദ്യാഭ്യാസമെന്ന് അമൂല്യ നിധി തടയാന്‍ ശ്രമിക്കുന്ന കറുത്തമനസ്സുള്ള ഭീകരവാദികളെ പേടിച്ച് ആരും പിന്നോട്ട് പോകാന്‍ ഒരുക്കമല്ലെന്ന് വ്യക്തം.

ഡിസംബര്‍ 16 നായിരുന്നു സ്‌കൂളില്‍ ഭീകരര്‍ താണ്ഡവമാടിയപ്പോള്‍ 132 കുട്ടികളടക്കം 150 ലധികം പേരാണ് ഈ ലോകത്തോട് വിടപറഞ്ഞത്. നൂറിലധികം കുട്ടിള്‍ക്ക് പരിക്കേറ്റു. അന്ന് ഭീകരര്‍ തീകൊളുത്തിക്കൊന്ന പ്രിന്‍സിപ്പലിന് പകരം പുതിയ പ്രിന്‍സിപ്പലിനെ ഇതുവരെ നിയമിച്ചിട്ടില്ല. ഭിത്തികളിലെ ചോരപ്പാടുകള്‍ കഴുകിക്കളഞ്ഞിട്ടുണ്ടെങ്കിലും വെടിയുണ്ടകളേറ്റ പാടുകള്‍ സ്‌കൂള്‍ ഭിത്തിയിലുണ്ട്. ചുറ്റുമതിലിന്റ ഉയരം വര്‍ധിപ്പിച്ച് സ്‌കൂളിന്റെ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. സ്‌കൂളിനു ചുറ്റും സൈന്യത്തെയും വിന്യസിച്ചിട്ടുണ്ട്.

കുട്ടികളുടെ ഒരു രണ്ടാം ജീവിതം ഇവിടെ തുടങ്ങുകയാണ്. ഭീകരതയുടെ തലതകര്‍ക്കാനുള്ള ശക്തിയുമായി അവര്‍ തിരിച്ചുവരുമെന്നുതന്നെ പ്രതീക്ഷിക്കാം.