2020 ല്‍ ഇന്ത്യ വിക്ഷേപിക്കുന്ന വിദൂര സംവേദന ഉപഗ്രഹം ഇന്ത്യയെ ലോകരാജ്യങ്ങളില്‍ ഒന്നാമനാക്കുമെന്ന് ഡോ. കെ. രാധാകൃഷ്ണന്‍

single-img
8 January 2015

outer_space_stars_planets_mars_1600x1200_wallpaperhi.com2020ല്‍ നാസയുമായി സഹകരിച്ചു വികസിപ്പിക്കുന്ന വിദൂര സംവേദന ഉപഗ്രഹം (സിന്തറ്റിക് അപര്‍ചര്‍ റഡാര്‍ സാറ്റലൈറ്റ്) ഇന്ത്യയില്‍ നിന്നു വിക്ഷേപിക്കുമെന്ന് ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ കേന്ദ്രം മുന്‍ ചെയര്‍മാന്‍ ഡോ. കെ. രാധാകൃഷ്ണന്‍ വെളിപ്പെടുത്തി. പ്രവാസി ഭാരതീയ യുവജന സമ്മേളനത്തില്‍ ഇന്ത്യയുടെ ശാസ്ത്ര നേട്ടങ്ങള്‍ അവതരിപ്പിക്കുകയായിരുന്നു അദ്ദേഹം.

കാലാവസ്ഥാ മാറ്റം, മഞ്ഞുപാളികളുടെ ഭ്രംശവും നാശവും, ഭൂമികുലുക്കം, സൂനാമി, ഉരുള്‍പൊട്ടല്‍, അഗ്നിപര്‍വതം തുടങ്ങി പ്രകൃതിയുടെ ഏറ്റവും സങ്കീര്‍ണ പ്രക്രിയകളെക്കുറിച്ചു സൂക്ഷ്മമായി പഠിക്കാനുള്ള ഏറ്റവും ആധുനിക സങ്കേതങ്ങള്‍ അടങ്ങിയ നാസയുമായുള്ള ബഹിരാകാശ ഗവേഷണ സഹകരണത്തിലെ പ്രധാന കണ്ണിയാണ് വിദൂരസംവേദന ഉപഗ്രഹമെന്ന് അദ്ദേഹം പറഞ്ഞു.

രണ്ടു തരംഗദൈര്‍ഘ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന റഡാര്‍ ഉപഗ്രഹത്തിലുണ്ടാവുമെന്നും വിക്ഷേപണ വാഹനം, വിക്ഷേപണം, സാറ്റലൈറ്റ് ബസ് തുടങ്ങിയവ ഇന്ത്യയുടെ ചുമതലയായിരിക്കുമെന്നും അദ്ദേഹം വെളിപ്പെടുത്തി. ഇന്ത്യയുടെ 25 ഉപഗ്രഹങ്ങള്‍ ഇപ്പോള്‍ ഭൂമിയെ വലംവയ്ക്കുന്നുണ്ടെന്നും ബഹിരാകാശ ഗവേഷണത്തിലെ പല മേഖലകളിലും ഇന്ത്യ ഇപ്പോള്‍തന്നെ ഒന്നാം സ്ഥാനത്താണെന്നും രാധാകൃഷ്ണന്‍ പറഞ്ഞു.

ഇന്ത്യയുടെ അഭിമാനമായ മാര്‍ക് ത്രി എന്‍ജിന്‍ പ്രവര്‍ത്തനസജ്ജമാകുന്നതോടെ വലിയ ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കുന്നതിലും രാജ്യം സ്വയംപര്യാപ്തമാകും. ഭാവിയില്‍ ചൊവ്വയില്‍ നിന്നൊരു ഇന്ത്യന്‍ സംഘം പ്രവാസി സമ്മേളനത്തില്‍ പങ്കെടുക്കാനെത്തുന്ന കാലം താന്‍ മുന്നില്‍ കാണുന്നുവെന്നും അദ്ദേഹം പറഞ്ഞു.