സദാചാര പോലീസിനും ചുംബന സമരത്തിനുമെതിരെ ഹ്രസ്വ ചിത്രം

single-img
8 January 2015

unnaryyumedതലശ്ശേരി: സദാചാരത്തിന്റെ പേരും പറഞ്ഞ് വ്യക്തികളുടെ സ്വകാര്യതയില്‍ ഇടപെടുന്ന സദാചാര ഗുണ്ടകള്‍ക്കെതിരെ പ്രതിഷേധിക്കാന്‍ ചുംബന സമരം നടത്തിയ പെണ്‍കുട്ടിയുടെ ഭാവിജീവിതം ഇരുളടയുന്ന പ്രമേയവുമായി ”കിസ് ഓഫ് ലൗ ഹൂ ഗെയിണ്ട്” എന്ന ഹ്രസ്വ ചിത്രം യൂട്യൂബിലും ഫേസ്ബുക്കിലും വൈറലാവുന്നു. പത്ത് മിനുട്ട് ദൈര്‍ഘ്യമുള്ള ചിത്രത്തിന്റെ കഥ എഴുതിയത് അജിത് കുമാര്‍ പുന്നോല്‍ ആണ്. തിരക്കഥ, സംഭാഷണം, നിര്‍മ്മാണം, സംവിധാനം റംഷീദ് ഇല്ലിക്കല്‍ നിര്‍വ്വഹിച്ചിരിക്കുന്നു.

 
വിവാഹം നിശ്ചയിച്ച പെണ്‍കുട്ടി ചുംബന സമരത്തില്‍ പങ്കെടുത്തതിന്റെ പേരില്‍ വിവാഹത്തില്‍ നിന്നും പിന്‍മാറുന്ന ചുംബന സമരം അനുകൂലിയായ യുവാവിന്റെയും, പെണ്‍കുട്ടിയുമായി ചുംബനത്തില്‍ ഏര്‍പ്പെട്ട നായകന്റെയും കപടതയാണ് ഈ ചിത്രത്തിലൂടെ വെളിവാക്കുന്നത്.
ചുംബന സമരരീതി കാരണം സങ്കുചിത ജാതി മത രാഷ്ട്രീയ ലക്ഷ്യങ്ങളുടെ അകമ്പടിയോടെ സദാചാര ഗുണ്ടകള്‍ നിയമം കൈയ്യിലെടുത്തപ്പോള്‍ പൊതുമനസില്‍ നിലനില്‍ക്കുന്ന സദാചാര ആഭിമുഖ്യത്തെ തകര്‍ക്കാനുതകുന്ന വിധത്തില്‍ അക്രമികള്‍ക്ക് വേരുറപ്പിക്കാന്‍ കാരണമായത് ചുംബനസമരം ആണെന്നും സമരരീതി മാറേണ്ടതുണ്ടെന്നും ഈ ഹ്രസ്വ ചിത്രം ഓര്‍മ്മപ്പെടുത്തുന്നു. സമരരീതിയോടുള്ള വിയോജിപ്പ് പ്രകടിപ്പിക്കുന്നതോടൊപ്പം സദാചാര ഗുണ്ടകള്‍ക്കെതിര ശക്തമായ നിലപാടും സ്വീകരിക്കുന്നുണ്ട്.

 
ഇവന്‍സ്റ്റിന്റെ ബാനറില്‍ സജീവന്‍ ലൈഫ് സ്റ്റൈല്‍, അജിത് കുമാര്‍ പുന്നോല്‍, മഹറൂഫ് പുന്നോല്‍ എന്നിവരാണ് നിര്‍മ്മാണ സഹായം നിര്‍വ്വഹിച്ചത്. ഛായാഗ്രഹണം : സമീര്‍ വടക്കുമ്പാട്, മേക്കപ്പ് : പ്രദീപ് തിരൂര്‍, എഡിറ്റിങ്ങ് : മെല്‍ബിന്‍ റോഷ്, പശ്ചാത്തല സംഗീതം : ഷെയ്ഖ് ഇലാഹി, അസോ. ഡയറക്ടര്‍ : നൗഷീദ് ബാബു, സ്റ്റുഡിയോ : മെല്‍ബിന്‍സ് കോഴിക്കോട്, മെഹ്ഫില്‍ പന്തിരന്‍കാവ്, സ്റ്റില്‍സ് : ഇമ്രാന്‍ ഹസന്‍.
ഫാജിയ കോഴിക്കോട്, നൗഷാദ് ബാബു, രാജേന്ദ്രന്‍ തായാട്ട്, സജിത, റംഷീദ് ഇല്ലിക്കല്‍, ജോയ് കൊറിയ, കബീര്‍ അഹമ്മദ്, അജിത്കുമാര്‍ പുന്നോല്‍, സജീവന്‍ ലൈഫ് സ്റ്റൈല്‍, ഇമ്രാന്‍ ഹസന്‍, ഷമീര്‍ ഹമീദലി, അനീഷ് ഇടുക്കി തുടങ്ങിയവര്‍ അഭിനയിച്ചിട്ടുണ്ട്.

 
തലശ്ശേരിയിലും പരിസരങ്ങളിലുമായി നടന്ന ചിത്രത്തിന്റെ സ്വിച്ചോണ്‍ കര്‍മ്മം നഗരസഭാധ്യക്ഷ ആമിനാ മാളിയേക്കലാണ് നിര്‍വ്വഹിച്ചത്. എഴുത്തുകാരന്‍ ടി കെ ഡി മുഴപ്പിലങ്ങാട് ആദ്യക്ലാപ്പും നിര്‍വ്വഹിച്ചു.
ചുംബന സമരം എന്ന രീതിയോടുള്ള വിയോജിപ്പ് പരമാവധി ജനങ്ങളിലെത്തിക്കുകയാണ് ലക്ഷ്യമിടുന്നതെന്ന് സംവിധായകന്‍ റഷീദ് ഇല്ലിക്കല്‍ പറഞ്ഞു.