വിണ്ണിലെ താരങ്ങള്‍ മണ്ണിലേക്കിറങ്ങുമ്പോള്‍, ചലച്ചിത്രലോകം പകര്‍ന്നുനല്‍കുന്ന കാര്‍ഷികപാഠങ്ങള്‍

single-img
8 January 2015

18tvkt_Mammootty_K_1521392fപ്രകൃതിയെ തൊട്ടറിഞ്ഞ് കൃഷി ചെയ്യുക. രാസകൃഷിയുടെ പിന്നാലെ പോകുന്ന മലയാളി മറക്കുന്നതും അതാണ്. മാത്രമല്ല നാള്‍ക്കുനാള്‍ കൃഷിയില്ലാതാവുന്നതിനെക്കുറിച്ചും വിഷമയമായ പഴങ്ങള്‍ പച്ചക്കറി എന്നിവയെക്കുറിച്ചുമുള്ള ആകുലതകള്‍ മലയാളിക്ക് ഒന്നിനൊന്നിന് കൂടിവരികയാണ്. ഈ സാഹചര്യത്തിലാണ് വീട്ടുവളപ്പിലും സ്വന്തം കൃഷിയിടത്തിലും പച്ചക്കറികള്‍ വിളയിച്ചെടുക്കാന്‍ ആളുകളെ പ്രോത്സാഹിപ്പിക്കുന്ന പലവിധ പദ്ധതികളുമായി സര്‍ക്കാറും സന്നദ്ധ സംഘടകളും മുന്നോട്ട് വരുന്നത്. ഇത്തരം പദ്ധതികള്‍ക്ക് പിന്തുണ അറിയിച്ച് ചില ചലച്ചിത്രതാരങ്ങളും രംഗത്തുണ്ട്. സൂപ്പര്‍താരങ്ങളും സംവിധായകരുമുള്‍പ്പെടെയുള്ളവര്‍ സ്വന്തം നിലത്ത് സ്വന്തമായി കൃഷിയിറക്കിയാണ് പുതിയ ജീവനത്തിനുള്ള മാതൃകയാകുന്നത്. ഇത്തരത്തിലൊരു ഓര്‍ഗാനിക്ക് കൃഷി രീതിക്ക് തുടക്കം കുറിച്ചത് മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിയാണ്.

 

 

srinivasan_1644752fസ്വന്തം പാടത്ത് വിളഞ്ഞ നെല്ല് കൊയ്‌തെടുക്കാന്‍ മമ്മൂട്ടിയും ഭാര്യ സുല്‍ഫത്തും കൂടി കുമരകത്തെത്തിയത് 2013 നവംബര്‍ 22 ന് ആയിരുന്നു. അന്നത് മാധ്യമങ്ങള്‍ വലിയ വാര്‍ത്തയാക്കുകയും ചെയ്തു.വര്‍ഷം ഒന്നു കഴിയുമ്പോള്‍ മലയാള സിനിമയിലെ താരങ്ങളെല്ലാം കൃഷിക്ക് പിന്നാലെയാണ്. കുമരകത്തിനടുത്ത് ആര്‍പ്പൂക്കര പഞ്ചായത്തിലെ ചീപ്പുങ്കല്‍ പള്ളിക്കായലില്‍ സ്വന്തമായി വാങ്ങിയ പാടശേഖരത്തില്‍ നെല്ല് കൊയ്‌തെടുത്ത മമ്മൂട്ടിക്ക് പിന്നാലെ മറ്റ് പലരും സഞ്ചരിക്കുന്നതാണ് കണ്ടത്. നേരത്തെ തന്നെ കൃഷിയോട് താല്‍പ്പര്യമുണ്ടായിരുന്ന ശ്രീനിവാസന്റെ പാടശേഖരത്തിലെ കൊയ്ത്തുത്സവം കഴിഞ്ഞിട്ടും ആഴ്ചകള്‍ അധികദിവസങ്ങളായിട്ടില്ല. കൊയ്ത്തുത്സവം ഉദ്ഘാടനം ചെയ്യാന്‍ ജൈവകൃഷിയുടെ സര്‍ക്കാര്‍ ബ്രാന്‍ഡ് അംബാസിഡര്‍ മജ്ഞു വാര്യര്‍ കൂടിയെത്തിയതോടെ മുമ്പെങ്ങുമില്ലാത്ത വാര്‍ത്താപ്രാധാന്യവും നേടി.

 
Manju-Warrier-Boxമലയാള സിനിമാ ലോകത്തേക്ക് നീണ്ട കാലത്തെ ഇടവവേളയ്ക്ക് ശേഷം മജ്ഞു തിരിച്ചെത്തിയതും ജൈവകൃഷിയുടെ നേട്ടം പങ്കുവെച്ചുകൊണ്ടാണ്. പൊക്കാളി കൃഷി നടത്തിയും ഡോക്യുമെന്ററിയെടുത്തും പ്രകൃതിയോടും കൃഷിയോടും തനിക്കുള്ള ആഭിമുഖ്യം പ്രഖ്യാപിച്ച താരമാണ് സലിം കുമാര്‍ . പൂര്‍ണ്ണമായും കൃഷിയുടെ ലോകത്ത് വിരാജിക്കുന്ന സലിം കുമാറിന്റെ പൊക്കാളി കൃഷിയും ശ്രദ്ധിക്കപ്പെടേണ്ടത് തന്നെ. പ്രമുഖ സംവിധായകന്‍ സത്യന്‍ അന്തിക്കാടിന്റെയും സന്തതസഹചാരിയാണ് കൃഷി.

 

 

കൃഷിക്കാരായ താരങ്ങളുടെ കൂട്ടത്തില്‍ പുതിയ ആളാണ് കുഞ്ചാക്കോ ബോബന്‍ . ഓര്‍ഗാനിക് ഫാര്‍മിങ് തന്നെയാണ് ചാക്കോച്ചന്റെയും ഇഷ്ടരീതി. പൊതുവേ വെണ്ടയ്ക്ക ഇഷ്ടമില്ലാത്ത ചാക്കോച്ചന് പറയാനുള്ളത് സ്വന്തം പാടത്ത് വിളയിച്ച് വെണ്ടക്ക് കഴിച്ച് വെണ്ടയ്ക്കാ ഫാനായിപ്പോയ കഥയാണ്. ആലുവയിലാണ് ചാക്കോച്ചന്റെ കൃഷിഭൂമി. ചാക്കോച്ചന് സമയം കിട്ടാത്തപ്പോഴെല്ലാം ഭാര്യ പ്രിയയാണ് ഇവിടെയെത്തി കാര്യങ്ങള്‍ നോക്കുന്നത്. ആലപ്പുഴയിലെ വീടിനടുത്തുള്ള കെട്ടിടത്തില്‍ ഇവര്‍ ടെറസ് ഫാമിങ്ങും നടത്തുന്നുണ്ട്. കൂടാതെ മോഹന്‍ലാല്‍ തന്റെ ബ്ലോഗിലൂടെയും കൃഷിയോടുള്ള ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിട്ടുണ്ട്.

 

 

മറ്റ് വര്‍ഷങ്ങളിലൊന്നും കൃഷിയിലേക്ക് തല തിരിക്കാതിരുന്ന പുതുതലമുറയും കൃഷിയിലേക്കിറങ്ങുന്ന കാഴ്ചയാണ് സമീപകാലത്തായി കാണുന്നത്. വന്‍കിട കമ്പനികളിലെ ജോലിയുപേക്ഷിച്ച് വരെ പലരും കാര്‍ഷികമേഖലയില്‍ വിജയചരിത്രം രചിക്കുന്നുമുണ്ട്. ഈ സാഹചര്യത്തില്‍ താരകേന്ദ്രീകൃതമായ കൃഷി കാര്‍ഷികകേരളത്തിന് വലിയ പ്രതീക്ഷ നല്‍കുന്നു എന്ന് വ്യക്തം.