എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതയായ ധന്യയ്ക്ക് വച്ചുനല്‍കിയ വീടിന്റെ പാലുകാച്ചല്‍ ചടങ്ങിന് സുരേഷ്‌ഗോപി നേരിട്ടെത്തി ധന്യയുമായി സ്‌നേഹം പങ്കിട്ടു

single-img
6 January 2015

SureshGopiപിറന്നുവീണ് ആറാംമാസം മുതല്‍ സംസാരശേഷിയും ചലനശേഷിയും നഷ്ടമായ മകള്‍ക്കായി മനമുരുകിയ നളിനിക്ക് ഇനി സ്വന്തം വീട്ടില്‍ തലചായ്ക്കാം. ചലച്ചിത്രനടന്‍ സുരേഷ്‌ഗോപിയുടെ ധനസഹായത്തോടെ നെഹ്‌റുകോളജ് സാഹിത്യവേദി എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതയായ കാഞ്ഞങ്ങാട് അതിയാമ്പൂരിലെ ധന്യക്കു നിര്‍മിച്ചുനല്‍കിയ വീടായ ഗോപീഥത്തിന്റെ പാലുകാച്ചലിനു താരം നേരിട്ടെത്തി.

സഹോദരി ഗീതുവും അമ്മ നളിനിയുമാണ് 21കാരിയായ ധന്യയുടെ എല്ലാകാര്യങ്ങളും നോക്കുന്നത്. കാസര്‍കോട് സ്‌പെഷല്‍ സ്‌കൂളിലെ അധ്യാപികയായ നളിനിക്കു കിട്ടുന്ന തുലോം തുച്ഛമായ വരുമാനം ധന്യയുടെ ചികില്‍സയും ഗീതുവിന്റെ പഠനവും ഒരുമിപ്പിക്കാനാകാത്ത അവസ്ഥ വന്നപ്പോഴാണ് സാഹിത്യവേദിയുടെ നേതൃത്വത്തില്‍ സുരേഷ്‌ഗോപി സഹായ ഹസ്തം നീട്ടിയത്. കൂട്ടത്തില്‍ എ.കെ. നാരായണന്‍ ചെയര്‍മാനും ബി. ബാബു കണ്‍വീനറുമായ നാട്ടുകാരുടെ കമ്മിറ്റിയും ധന്യയ്ക്ക് വേണ്ടി മുന്നിട്ടറങ്ങുകയായിരുന്നു.

വീടിന്റെ പാലുകാച്ചിനായി ഇന്നലെ രാവിലെ പത്തരയോടെ ഗോപീഥത്തിലെത്തിയ സുരേഷ് ഗോപി ധന്യയോടു വിവരങ്ങള്‍ അന്വേഷിച്ചു. അവ്യക്തമായ ശബ്ദത്തോടെ താരത്തെ നേരില്‍ കണ്ട സന്തോഷം ധന്യ പ്രകടമാക്കി. പുതിയ വീടിന്റെ താക്കോല്‍ പ്രവര്‍ത്തകരെയും നാട്ടുകാരെയും സാക്ഷിയാക്കി ധന്യക്കു കൈമാറി താരം വീടിനു സമീപത്തുനടന്ന ലളിതമായ ചടങ്ങിലും പങ്കെടുത്തു.

11 വീടു നിര്‍മിക്കാനാണ് ആഗ്രഹമെങ്കിലും എന്‍ഡോസള്‍ഫാനെന്ന കടലില്‍ ഇതെന്താകുമെന്നറിയില്ലെന്നും സുരേഷ്‌ഗോപി പറഞ്ഞു. ഇത്തരം ചടങ്ങുകളില്‍ പങ്കെടുക്കുമ്പോഴുള്ള സന്തോഷമാണ് ഇനിയും ഒട്ടേറെ കാര്യങ്ങള്‍ ചെയ്യാന്‍ പ്രേരിപ്പിക്കുന്നതെന്നും അതിനുള്ള പ്രാപ്തി തരണേയെന്നാണ് ഈശ്വരനോടുള്ള പ്രാര്‍ഥനയെന്നും സുരേഷ്‌ഗോപി പറഞ്ഞു.
വീട് നിര്‍മാണത്തിന്റെ വിവിധഘട്ടങ്ങളില്‍ ജോലികള്‍ സൗജന്യമായി ചെയ്തുനല്‍കിയ ശിവപ്രസാദ്, ഉണ്ണിക്കൃഷ്ണപിള്ള, ശശി കുറുന്തൂര്‍, ബാലന്‍ കാഞ്ഞങ്ങാട് സൗത്ത്, റാഷിദ് സന, കൃഷ്ണകുമാര്‍ രാജപുരം, രാധാകൃഷ്ണന്‍ ചിത്ര, കമ്മിറ്റി കണ്‍വീനര്‍ ബി. ബാബു എന്നിവര്‍ക്കു സുരേഷ് ഗോപി ഉപഹാരങ്ങള്‍ നല്‍കുകയും ചെയ്തു.