സര്‍ക്കാരിന്റെ വന്ധ്യംകരണ ശസ്ത്രക്രിയയ്ക്ക് വിധേയയായ സ്ത്രീ പ്രസവിച്ചു; സര്‍ക്കാര്‍ 1.23 ലക്ഷം നഷ്ടപരിഹാരം നല്‍കണമെന്ന് ഹൈക്കോടതി

single-img
6 January 2015

sterilizationവന്ധ്യംകരണ ശസ്ത്രക്രിയയ്ക്കു വിധേയയായ സ്ത്രീ പ്രസവിച്ച സംഭവത്തില്‍ സര്‍ക്കാര്‍ നഷ്ടപരിഹാരം നല്കണമെന്ന കീഴ്‌ക്കോടതി ഉത്തരവ് ഹൈക്കോടതി ശരിവച്ചു. 1.23 ലക്ഷം രൂപ നഷ്ടപരിഹാരം നല്കാനാണ് ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടത്. നേരത്തേ കീഴ്‌ക്കോടതി 74,800 രൂപ നഷ്ടപരിഹാരം നല്കാന്‍ ഉത്തരവിട്ടിരുന്നു. ഇതിനു പുറമേ 48,200 രൂപ കൂടി സര്‍ക്കാര്‍ ഹര്‍ജിക്കാരിക്കു നല്കണം. കീഴ്‌ക്കോടതി ഉത്തരവിട്ട തുകയ്ക്ക് ആറു ശതമാനം പലിശയും കൂടുതലായി നിശ്ചയിച്ച തുകയ്ക്ക് ഒമ്പതു ശതമാനം പലിശയും സര്‍ക്കാര്‍ നല്കണമെന്നാണ് ഹൈക്കോടതി ഉത്തരവ്.

ഹര്‍ജിക്കാരിയായ മുകുന്ദപുരം കരിമത്തറ സ്വദേശിനിയായ ശാന്ത മൂന്നു കുട്ടികള്‍ ജനിച്ച ശേഷം ഇരിങ്ങാലക്കുട സര്‍ക്കാര്‍ ആശുപത്രിയില്‍ വന്ധ്യംകരണ ശസ്ത്രക്രിയയ്ക്കു വിധേയയാകുകയായിരുന്നു. എന്നാല്‍, ശാന്ത വീണ്ടും ഗര്‍ഭിണിയാകുകയും പ്രസവിച്ച ഉടന്‍ കുട്ടി മരിക്കുകയും ചെയ്തു. 2008ലെ സംഭവത്തെ തുടര്‍ന്നാണ് ഇവര്‍ കോടതിയെ സമീപിച്ചത്.

ജനങ്ങളുടെ ക്ഷേമം സംരക്ഷിക്കാന്‍ സര്‍ക്കാരിനു ബാധ്യതയുണ്ടെന്നും ഡോക്ടര്‍ നടത്തിയ ശസ്ത്രക്രിയ പരാജയപ്പെട്ട സാഹചര്യത്തില്‍ നഷ്ടപരിഹാരം സര്‍ക്കാര്‍ നല്‍കണമെന്നും കീഴ്‌ക്കോടതി ഉത്തരവില്‍ അപാകതയില്ലെന്നും ഹൈക്കോടതി വിലയിരുത്തി.