മുരുകഭഗവാന് വേണ്ടി പഴനിയില്‍ പോയി മുടിമുറിക്കാനാണ് അമരിന്ദര്‍ എന്ന നാലാം ക്ലാസുകരന്‍ മുടി വളര്‍ത്തിയതെങ്കിലും ആ മുടി കാന്‍സര്‍ രോഗികള്‍ക്കായി ചോദിച്ചപ്പോള്‍ അവനത് നല്‍കാന്‍ ഒട്ടും മടിയുണ്ടായില്ല

single-img
5 January 2015

Amarindarആലപ്പുഴ കൊമ്മാടി സ്വദേശി ചേളംപറമ്പില്‍ ഭുവനേശ്വരന്റെ മകന്‍ കെ.ബി. അമരിന്ദര്‍ നാളുകളായി മുടിനീട്ടിവളര്‍ത്തിയത് പഴനിയില്‍ മുരുകഭഗവാന്റെ മുന്നില്‍ പോയി മുറിക്കാനായിരുന്നുവെങ്കിലും കാന്‍സര്‍ രോഗികള്‍ക്കു വേണ്ടി ആ മുടി ചോദിച്ചപ്പോള്‍ അവന്‍ സന്തോഷത്തോടെ നല്‍കി.

കിംസ് ആശുപത്രി കാന്‍സര്‍ രോഗികള്‍ക്കുവേണ്ടി വിഗ് ഉണ്ടാക്കി നല്കാന്‍ ദിവസങ്ങള്‍ക്കു മുമ്പു മുടി മുറിക്കുന്നുണെ്ടന്നു കേട്ട ഭൂവനേശ്വര്‍ മകനോടു മുടി നല്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ തന്നെ അമരിന്ദര്‍ സമ്മതിക്കുകയായിരുന്നു. തുടര്‍ന്നു ആശുപത്രിക്കാരുടെ നിര്‍ദേശപ്രകാരം ഭുവനേശ്വരനും ഭാര്യ ഷീബയും അമരിന്ദറും കോട്ടയത്ത് മുടി മുറിക്കാനായി എത്തി.

കോട്ടയത്തു നടക്കുന്ന സര്‍സിപി എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് തിരക്കുകള്‍ക്കിടയില്‍ നിന്നും ചലച്ചിത്രതാരം ജയറാമും മുടിദാനം ചെയ്യുന്ന ചടങ്ങിന് എത്തിയിരുന്നു. ഭഗവാനു നല്കാനുള്ള മുടി ഒരു ശതമാനം നല്കിയിട്ടു ബാക്കിയുള്ളതു ഇത്തരം പുണ്യപ്രവര്‍ത്തികള്‍ക്കു മാറ്റിവച്ചാല്‍ അതു ഭഗവാനു കൂടുതല്‍ ഇഷ്ടപ്പെടുമെന്നും ജയറാം പറഞ്ഞു.

11 ഇഞ്ച് നീളമുണ്ടായിരുന്നു തോളറ്റം വരെ നീണ്ടു കിടന്നിരുന്ന അമരിന്ദറിന്റെ മുടിക്ക്. മുടി മുറിച്ച ശേഷം ജയറാമിനൊപ്പം സെല്‍ഫിയെടുത്തിട്ട് സന്തോഷത്തോടെയാണ് അമരീന്ദര്‍ മടങ്ങിയത്.