പ്രധാനമന്ത്രിയുടെ സംസ്ഥാനം പോലും അംഗീകരിച്ച ‘കുട്ടിപ്പോലീസ്’ സംവിധാനത്തിന്റെ സൃഷ്ടാവും, ഇന്ന് പേഴ്‌സണ്‍ ഓഫ് ദ ഇയര്‍ അവാര്‍ഡ് പട്ടികയില്‍ സാക്ഷാല്‍ അമീര്‍ഖാനെ പിന്തള്ളി ഒന്നാം സ്ഥാനത്തു നില്‍ക്കുന്ന നമ്മളിലൊരാളുമായ പി.വിജയന്‍ ഐ.പി.എസിന് നമുക്കും വോട്ട് ചെയ്യാം

single-img
3 January 2015

P Vijayan

ദരിദ്ര്യത്തിന്റെ കൈപ്പുനീര് കുടിച്ച ബാല്യത്തില്‍ പത്താം ക്ലാസില്‍ വെച്ച് പഠിത്തം മതിയാക്കേണ്ടിവന്ന കോഴിക്കോട് പന്തീരങ്കാവ് സ്വദേശിയായ വിജയന്‍ എന്നൊരാളുടെ കഥയുണ്ട്. ശേഷം കൂലിപ്പണിക്ക് പോയി കുടുംബം പുലര്‍ത്തി ജീവിതമോഹങ്ങള്‍ വെടിഞ്ഞ് വിധിക്കൊപ്പം സഞ്ചരിച്ച് ഒരുപഴയകാല സാധാ മലയാളിയെപ്പോലെ ജീവിതം ജീവിച്ചു തീര്‍ത്ത, അല്ലെങ്കില്‍ ജീവിച്ചുകൊണ്ടിരിക്കുന്ന ഒരു അവസാനമാണ് ആ ‘വിജയ’ കഥയില്‍ പ്രതീക്ഷിക്കുന്നതെങ്കില്‍ പറയാന്‍ വന്നത് ആ കഥയല്ല. ദാരിദ്ര്യത്തോടും ജീവിത ദുഃഖങ്ങളോടും പടവെട്ടി വിദ്യാഭ്യാസമെന്ന ലക്ഷ്യത്തിനുവേണ്ടി മാത്രം പോരാടി ഒടുവില്‍ പോലീസ് സര്‍വ്ീസിന്റെ അവസാന വാക്കായ ഐ.പി.എസ് നേടി ഇന്ന് എണ്ണം പറഞ്ഞ പ്രതിഭകളില്‍ ഒരാളായി മാറിയ വിജയന്റെ കഥയാണിത്. ഇന്ന് ഭാരതമെങ്ങും പിന്‍തുടരുന്ന പല പദ്ധതികളുടെയും ഉപജ്ഞാതാവായ ഡി.ഐ.ജി പി. വിജയന്റെ കഥ.

ഒരുപക്ഷേ വരും കാലങ്ങളില്‍ പാഠപുസ്തകങ്ങളിലോ സാമൂഹിക ഉദാഹരണങ്ങളായോ ഇന്ത്യയിലെ കുട്ടികള്‍ പി.വിജയന്റെ ജീവിത കഥ പഠിച്ചേക്കാം. കാരണം ഇച്ഛാശക്തികൊണ്ട് നേടിയെടുക്കാന്‍ കഴിയാത്തതായി ഒന്നുമില്ലെന്ന് തെളിയിച്ച അദ്ദേഹത്തിനോളം വരില്ല, ജീവിച്ചിരിക്കുന്ന മറ്റുദാഹരണങ്ങളൊന്നും. ഇന്ന് പ്രധാന ദേശിയ മാധ്യമമായ സി.എന്‍.എന്‍. ഐ.ബി.എന്നിന്റെ ഈ വര്‍ഷത്തെ ഇന്ത്യന്‍ ഓഫ് ദ ഇയര്‍ പട്ടികയില്‍ സ്ഥാനം പിടിക്കാന്‍ വെറുതേ ഇരുന്ന് വിവാദങ്ങള്‍ മാത്രം ഉണ്ടാക്കിയാല്‍ പോരല്ലോ.

രാജ്യത്ത് വര്‍ഷാവസാനം ദേശിയ മാധ്യമങ്ങള്‍ നല്‍കുന്ന അവാര്‍ഡുകളില്‍ പ്രഥമ സ്ഥാനത്തു നില്‍ക്കുന്ന പേഴ്‌സണ്‍ ഓഫ് ദ ഇയര്‍ അവാര്‍ഡ് സ്വന്തമാക്കിയ മറ്റൊരു മലയാളി ആരാണെന്ന് അറിയുമ്പോള്‍ മത്രമേ ആ അവാര്‍ഡ് നോമിനേഷന്റെ വില മനസ്സിലാകുകയുള്ളു. ഡെല്‍ഹി മെട്രോയുടെയും പണി പൂര്‍ത്തിയാക്കികെ്ാണ്ടിരിക്കുന്ന കൊച്ചി മെട്രോയുടെയും അമരക്കാരന്‍ സാക്ഷാല്‍ ഇ. ശ്രീധരന്‍. കേരള ആംഡ് പോലീസ് ഡി.ഐ.ജി വിജയന്‍ ഈ പുരസ്‌കാരം നേടുകയാണെങ്കില്‍ അതു ചരിത്രം തന്നെയാകുമെന്ന കാര്യത്തില്‍ സംശയമില്ല. മലയാളിയും പാലിയേറ്റീവ് കെയറിന്റെ സ്ഥാപകനുമായ ഡോ. എം ആര്‍ രാജഗോപാലും മുന്‍ കേന്ദ്രമന്ത്രി ശശി തരൂരും പട്ടികയിലുണ്ട്.

ബോളിവുഡ് താരം അമീര്‍ഖാനെ പിന്നലാക്കിക്കൊണ്ടാണ് ഈ മലയാളി വോട്ടെടുപ്പില്‍ മുന്നോട്ട് കുതിക്കുന്നത്. 32 ശതമാനം ഓണ്‍ലൈന്‍ വോട്ടുകളാണ് പി. വിജയന് ലഭിച്ചത്. തൊട്ടുപിന്നിലുള്ള ബോളിവുഡ് താരം ആമിര്‍ഖാന് 10 ശതമാനം വോട്ടാണ് ലഭിച്ചിരിക്കുന്നത്.

കേരളത്തിന്റെ മുഖഛായതന്നെ മാറ്റിമറിച്ച സ്റ്റുഡന്‍സ് പോലീസ് കേഡറ്റ് എന്ന സംവിധാനം മനസ്സില്‍ എത്തുമ്പോള്‍ പി.വിജയന്‍ എന്ന ഐ.പി.എസ്‌കാരനും കൂടെ ഓടിയെത്തണം. കാരണം രാജ്യന്തര നിലയില്‍ ശ്രദ്ധേയമായ ആ സ്‌കൂള്‍ കുട്ടികളുടെ കൂട്ടായ്മയുടെ സൃഷ്ടാവ് അദ്ദേഹം ആണെന്നുള്ളതുതന്നെ. യുവത്വജനതിയിലാണ് കേരളത്തിന്റെ ഭാവിയെന്ന് ഉറച്ചു വിശ്വസിക്കുന്ന ആ വ്യക്തിത്വത്തിന്റെ മനസ്സില്‍ മാത്രമേ ഇത്രത്തോളം പുരോഗമനപരമായ ആശയങ്ങള്‍ ഉണ്ടാകുവെന്നുള്ളത് സ്വാഭാവികം മാത്രമാണ്.

കേരളത്തിന്റെ യുവത്വമുഖം മുന്നില്‍ നിര്‍ത്തി അവയിലൂടെ നേതൃപാടവം വളര്‍ത്തിയെടുത്ത് പുതിയൊരു തലമുറയെ സൃഷ്ടിക്കാന്‍ കാണിച്ച ആ യത്‌നത്തിനാണ് ദേശിയ ചാനല്‍ വിജയനെ അവാര്‍ഡിനായി പരിഗണിച്ചിരിക്കുന്നത്. കേരളത്തിന്റെ സ്വന്തം സൃഷ്ടിയായി വിരിഞ്ഞ സ്റ്റുഡന്‍സ് പോലീസ് ളകേഡറ്റ് സംവിധാനം ഇന്ന് ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ സംസ്ഥാനമായ ഗുജറാത്ത് പോലും കടമെടുത്തിരിക്കുന്നു എന്നുള്ളത് ഈ കാക്കിചട്ടക്കാരന്റെ ദീര്‍ഘവീക്ഷണത്തെയാണ് കാണിക്കുന്നത്.

അന്ന് പത്താംക്ലാസില്‍ വെച്ച് വിജയന്റെ മനസ്സ് തളര്‍ന്നുപോയിരുന്നുവെങ്കില്‍ ഒരുപക്ഷേ കേരളത്തിന്റെ മുഖചിത്രം മാറ്റിയ ഒരു ഐ.പി.എസ് ഓഫീസറെ ലഭിക്കുമായിരുന്നില്ല. ഒരു പോരാളിയുടെ മനസ്സോടെ അധ്വാനിച്ച് വിദ്യാഭ്യാസത്തിന്റെ മേഖലകള്‍ ഓരോന്നോരോന്നായി അദ്ദേഹം കീഴടക്കുകയായിരുന്നു. ഒടുവില്‍ തന്റെ മനസ്സിന്റെ നിശ്ചയം പോലെ 1999 ബാച്ചിലെ ഐ.പി.എസ് ഉദ്യോഗസ്ഥനായ അദ്ദേഹം വിവിധയിടങ്ങളില്‍ സിറ്റി പോലീസ് കമ്മീഷണര്‍ ആയിരുന്ന ശേഷമാണ് ഡി.ഐ.ജി സ്ഥാനത്തേക്ക് വരുന്നത്.

police Stu

പി.വിജയന്‍ 2006 ല്‍ കൊച്ചിയില്‍ സിറ്റി പൊലീസ് കമ്മീഷണറായിരിക്കുമ്പോഴാണ് സ്റ്റുഡന്റ് കേഡറ്റ് പദ്ധതി ആവിഷ്‌ക്കരിച്ചത്. ഇന്ന് 32,000ത്തോളം വിദ്യാര്‍ത്ഥികള്‍ സ്റ്റുഡന്റ് പൊലീസ് പരിശീലനം പൂര്‍ത്തിയാക്കിയപ്പോള്‍ 2,000ത്തോളം പേര്‍ ഇപ്പോള്‍ പരിശീലനത്തിലാണ്. അവിടംകൊണ്ടും തീരുന്നില്ല വിജയന്റെ സേവനങ്ങള്‍. നന്മ ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ ഒരു കൂട്ടം സുഹൃത്തുക്കളെ ഒപ്പം കൂട്ടി മിടുക്കരായ 5000ത്തോളം വിദ്യാര്‍ത്ഥികള്‍ക്ക് തുടര്‍വിദ്യാഭ്യാസത്തിന് വേണ്ട അവസരം ഒരുക്കിയും കുട്ടികള്‍ക്ക് ഫുട്‌ബോള്‍ പരിശീലനം നല്‍കുന്ന പദ്ധതി തുടങ്ങിയും അദ്ദേഹം തന്റെ സേവന മനസ്സ് വെളിപ്പെടുത്തി.

ശബരിമലയില്‍ ഹൈക്കോടതിയുടെ പ്രശംസപോലും ഏറ്റുവാങ്ങിയ പുണ്യം പൂങ്കാവനം പദ്ധതി വിജയന്‍ ശബരിമല സ്‌പെഷ്യല്‍ ഓഫീസറായിരുന്നപ്പോള്‍ നടപ്പിലാക്കിയ കാര്യഗമാണ്. ക്ലീന്‍ ക്യാംപ്‌സ് ആന്‍ഡ് സേഫ് ക്യാംപസ് പദ്ധതിയും ഇദ്ദേഹത്തിന്‍െതുതന്നെ. റോഡപകടങ്ങള്‍ കുറയ്ക്കുന്നതിനുള്ള ബോധവത്കരണ പരിപാടികളുമായി വിജയന്‍ ഇപ്പോള്‍ മുന്നില്‍തന്നെയുണ്ട്.

സോളാര്‍ കേസില്‍ ഭരണപക്ഷത്തിനെതിരെ ഇടതുപക്ഷം നടത്തിയ സെക്രട്ടറിയേറ്റ് ഉപരോധത്തിനെ നേരിടാനൊരുങ്ങിയ പോലീസ് സേനയില്‍ വിജയന്റെ നേതൃപാടവം ഭരണ പ്രതിപക്ഷ ഭേദമന്യേ പ്രശംസനേടിയ ഒന്നായിരുന്നു. പതിനായിരങ്ങള്‍ അണിനിരന്ന സമരത്തില്‍ പൊതുജനങ്ങളുടെയും സമരക്കാരുടെയും സുരക്ഷയ്ക്ക് മുന്‍കൈയെടുത്ത് സമരം അവസാനിക്കുന്നതുവരെ വിജയന്‍ രംഗത്തുണ്ടായിരുന്നു.

കേരളം കണ്ട ഏറ്റവും മികച്ച പൊതുജനസേവകനായ വിജയന്‍ ഐപിഎസിന്റ ബഹുമുഖ പ്രതിഭയ്ക്കുള്ള അംഗീകാരമാണ് ഐബിഎന്‍ ചാനലിന്റെ പ്രേക്ഷക വോട്ടെടുപ്പിലൂടെ വിജയനെ തേടിയെത്തിക്കൊണ്ടിരിക്കുന്നത്. സുപ്രധാന ചാനല്‍ നല്‍കുന്ന ദേശീയ തലത്തിലെ പുരസ്‌ക്കാരത്തിന്റെ പട്ടികയില്‍ ഇടംപിടിച്ചെങ്കിലും അദ്ദേഹം തന്റെ നേട്ടം കേരളാ പൊലീസിന് സമര്‍പ്പിച്ച് വീണ്ടും വിനയാതീതനും ഉത്തമബോധമുള്ള ഒരു പ്രവര്‍ത്തകനും ആകുകയാണ്.

പി. വിജയന് വോട്ടുകള്‍ രേഖപ്പെടുത്താം