പുതുവത്സര ദിനത്തില്‍ ഇന്ത്യ ആക്രമിക്കാനുള്ള പാകിസ്ഥാന്റെ പദ്ധതി 18 മണിക്കൂര്‍ നീണ്ട ഓപ്പറേഷനിലൂടെ ഇന്ത്യന്‍ കോസ്റ്റ്ഗാര്‍ഡ് തകര്‍ത്തു

single-img
3 January 2015

Terroristമുംബൈ ഭീകരാക്രമണത്തിന്റെ മാതൃകയില്‍ പുതുവത്സരദിനത്തില്‍ ഇന്ത്യയെ ആക്രമിക്കാനുള്ള തീവ്രവാദികളുടെ ശ്രമം തീരസംരക്ഷണസേന വിഫലമാക്കി. 18 മണിക്കൂര്‍ നീണ്ട് പരിശ്രമത്തിലൂടെയാണ് ഇന്ത്യന്‍ തീര സേന ആയുധങ്ങളുമായി പാകിസ്താനില്‍നിന്നുവന്ന ബോട്ടിനെ വളഞ്ഞിട്ട് കീഴ്‌പ്പെടുത്തിയത്.

ഡിസംബര്‍ 31 ന് രാവിലെ 9.30ന് ഇന്റലിജന്‍സ് വിഭാഗത്തിന്റെ കീഴിലുള്ള ദേശീയ ടെക്‌നിക്കല്‍ റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍ കേതി ബണ്ടറില്‍നിന്നുള്ള ഫോണ്‍ സേന്ദശം ചോര്‍ത്തിയെടുത്തതിനെ തുടര്‍ന്നായിരുന്നു കറാച്ചിക്കുസമീപത്തുനിന്നും ആയുധങ്ങളുമായി മത്സ്യബന്ധന ബോട്ട് ഇന്ത്യന്‍ തീരത്തേക്ക് അടുക്കുന്നതായ വിവരം ഇന്റലിജന്‍സ് വിഭാഗത്തിന് ലഭിക്കുന്നത്. ഇന്ത്യയിലേക്ക് കൈമാറാനുള്ള വിലപിടിപ്പുള്ള ചരക്ക് എന്നതായിരുന്നു ആദ്യ സന്ദേശം. അതിന് പിന്നാലെ ‘പണം കൈമാറിയെന്നും സജ്ജരായെന്നു’മുള്ള സന്ദേശവും ലഭിച്ചു.

സന്ദേശം കിട്ടിയ ഉടന്‍തന്നെ തീരസേനയുടെ മൂന്നു വിമാനങ്ങള്‍ 11.30ഓടെ തിരച്ചില്‍ തുടങ്ങി. 12 മണിയോടെ ആദ്യ വിമാനം ഇന്ത്യന്‍ തീരത്തുനിന്ന് 15 നോട്ടിക്കല്‍ മൈല്‍ അകലെ പാകിസ്താനില്‍നിന്നുള്ള ബോട്ടിനെ കണ്ടെത്തി. വിമാനത്തില്‍ നിന്നുള്ള വിവരം അനുസരിച്ച് തീര രക്ഷാ സേനയുടെ രാജ് രട്ടന്‍ എന്ന കപ്പല്‍ ബോട്ടിനെ ലക്ഷ്യമിട്ട് നീങ്ങി. ഇന്ത്യന്‍ സേനയുടെ കപ്പല്‍, പാക് ബോട്ടിനെ കണ്ടെത്തുമ്പോള്‍ അത് വെളിച്ചമണച്ച് നിങ്ങാതെ നില്‍ക്കുകയായിരുന്നു. വെളിച്ചം തെളിയിക്കാന്‍ ബോട്ടിലുള്ളവരോട് ആവശ്യപ്പെട്ടപ്പോള്‍ ബോട്ട് അവിടെനിന്ന് വേഗം കൂട്ടി നീങ്ങിത്തുടങ്ങി.

ഒരുമണിക്കൂര്‍ നേരം ബോട്ടിനെ ഇന്ത്യന്‍ സേന ബോട്ടിനെ പിന്തുടര്‍ന്നപ്പോള്‍ ബോട്ടിന്റെ വേഗം കുറഞ്ഞു. അതോടെ കപ്പലില്‍ നിന്നും മുന്നറിയിപ്പ് വെടിവെയ്പ്പ് ആരംഭിച്ചു. തുടര്‍ന്ന് ബോട്ടില്‍നിന്ന് പൊടുന്നെ തീ ഉയര്‍ന്ന് പൊട്ടിത്തെറിച്ചു. ഇതിന് തൊട്ടുമുമ്പ് നാലുപേരെ ഇന്ത്യന്‍ കപ്പലിലുള്ളവര്‍ ബോട്ടിന്റെ മുകള്‍ത്തട്ടില്‍ കണ്ടിരുന്നുവെന്നും ബോട്ട് മനപ്പൂര്‍വ്വം പൊട്ടിത്തെറിച്ചതുതന്നെയാണെന്നുമാണ് കോസ്റ്റ് ഗാര്‍ഡിന്റെ നിഗമനം.