ഈ പുതുവര്‍ഷ ദിനത്തില്‍ ഇന്ത്യക്കാര്‍ക്ക് സന്തോഷിക്കാന്‍ ഒരു കാരണം കൂടി ഉണ്ടായിരുന്നു; ലോകരാജ്യങ്ങള്‍ക്കിടയില്‍ ഇന്ത്യയെ അഭിമാനത്തിന്റെ ഉന്നതിയിലേക്ക് ഉയര്‍ത്തിയ മംഗള്‍യാന്‍ ചൊവ്വയില്‍ തന്റെ 100 ദിവസം വിജയകരമായി പൂര്‍ത്തിയാക്കി

single-img
2 January 2015

1411464844mangalyaan-5-3ലോകരാജ്യങ്ങള്‍ക്കിടയില്‍ ഇന്ത്യയെ അഭിമാനത്തിന്റെ ഉന്നതിയിലേക്ക് ഉയര്‍ത്തിയ ഇന്ത്യയുടെ ആദ്യ ചൊവ്വാപര്യവേഷണ പേടകമായ മംഗള്‍യാന്‍ പുതുവര്‍ഷദിനത്തില്‍ ചൊവ്വയുടെ ഭ്രമണപഥത്തില്‍ വിജയകരമായ 100 ദിവസങ്ങള്‍ പിന്നിട്ടു. മംഗള്‍യാന്‍ ഊര്‍ജ്ജസ്വലനാണെന്നും ചൊവ്വയെ വലംവച്ച് ശാസ്ത്രീയ വിവരങ്ങള്‍ ശേഖരിച്ചുകൊണ്ടിരിക്കുകയാണെന്നും ഐ.എസ്.ആര്‍.ഒ അറിയിച്ചു.

2013 നവംബര്‍ അഞ്ചിന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററിലെ ആദ്യ വിക്ഷേപണത്തറയില്‍ നിന്ന് പി.എസ്.എല്‍.വി സി25 റോക്കറ്റിലുടെ വിക്ഷേപിച്ച ‘മാര്‍സ് ഓര്‍ബിറ്റര്‍ മിഷന്‍’ എന്ന ‘മംഗള്‍യാന്‍’ പേടകം 2014 സെപ്റ്റംബര്‍ 24നാണ് ചൊവ്വയുടെ ഭ്രമണപഥത്തിലെത്തിയത്. ഏറ്റവും കുറഞ്ഞ ചെലവില്‍ അതായത് 450 കോടി രൂപയ്ക്ക് പ്രഥമ ചൊവ്വാ ദൗത്യം വിജയത്തിലാക്കിയ ഏക രാജ്യമാണ് ഇന്ത്യ. അമേരിക്ക, റഷ്യ, യൂറോപ്യന്‍ സ്‌പേസ് ഏജന്‍സി എന്നിവയാണ് ദൗത്യം വിജയിച്ച മറ്റ് രാജ്യങ്ങള്‍.

ആറു മാസം കൊണ്ടു മംഗള്‍യാനിലെ ഇന്ധനം അവസാനിക്കും. പത്ത് മാസംകൊണ്ട് 666 ദശലക്ഷം കിലോമീറ്റര്‍ ദൂരം പിന്നിട്ടാണ് മംഗള്‍യാന്‍ ചൊവ്വയുടെ ഭ്രമണപഥത്തിലെത്തിയത്.