കൊച്ചിയിലെ കായല്‍ കയ്യേറിയ വന്‍കിട ഹോട്ടലുകളെയും ഫ്ലാറ്റുകളേയും കോര്‍പ്പറേഷന് കാണാന്‍ കഴിയുന്നില്ല; കായല്‍ കയ്യേറിയെന്ന കാരണം പറഞ്ഞ് എന്‍പത് വയസ്സുള്ള അല്ലിയമ്മയുടെ വീട് കോര്‍പ്പറേഷന്‍ പൊളിച്ചുമാറ്റി

single-img
2 January 2015

Alliകായല്‍ കയ്യേറിയെന്ന കാരണം പറഞ്ഞ് ഹൈക്കോടതി ഉത്തരവിന്റെ മറവില്‍ 80 കാരിയുടെ വീട് കൊച്ചി നഗരസഭ പൊളിച്ചുമാറ്റി. കൊച്ചിയില്‍ കായല്‍ കയ്യേറി ഹോട്ടലുകളും ഫഌറ്റുകളും കെട്ടിപ്പൊക്കിയ വന്‍കിട മുതലാളിമാര്‍ക്കെതിരെ ഒരു ചെറുവിരലുപോലും അനക്കാത്ത കോര്‍പ്പറേഷനാണ് ഈ എന്‍പതുകാരിയുടെ വീട് പൊളിക്കാന്‍ ഇത്ര ഉത്സാഹം കാട്ടിയത്.

കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് മൂന്ന് മണിക്കാണ് 18 വര്‍ഷം മുമ്പ് കോര്‍പ്പറേഷന്‍ ധനസഹായമായി നല്‍കിയ 35,000 രൂപ ഉപയോഗിച്ചാണ് മട്ടമ്മേലിലെ സുധര്‍മ്മ റോഡിലുള്ള മൂന്ന് സെന്റ് ഭൂമിയില്‍ അല്ലിയമ്മ കെട്ടിയ വീട് കോര്‍പ്പറേഷന്‍ പൊളിക്കാനെത്തിയത്. തന്റെ ബന്ധുവിനൊപ്പം വീട് പോളിക്കാനുള്ള നീക്കം അല്ലിയമ്മ തടയാന്‍ ശ്രമിച്ചെങ്കിലും പൊലീസ് ഇവരെ തടയുകയായിരുന്നു. വീടിന് മുകളിലേക്ക് ചാരിനിന്നിരുന്ന അയല്‍വാസിയുടെ പറമ്പിലെ തെങ്ങ് മുറിപ്പിച്ചതിലുള്ള പ്രതികാരമായി അല്ലിയമ്മയുടെ അയല്‍വാസി 8 വര്‍ഷം മുമ്പ് നല്‍കിയ പരാതിയിലാണ് വിട് പൊളിക്കാനുള്ള കോടതി ഉത്തരവ് വന്നത്. എന്നാല്‍ പരാതി നല്‍കിയ അയല്‍വാസിയുടെ ഭൂമിയുടെ പകുതിയോളം പുറമ്പോക്കിലാണെന്നുള്ളത് കോര്‍പ്പറേഷന്‍ കണ്ടില്ലെന്ന് നടിക്കുകയാണെന്നും അല്ലിയമ്മയുടെ ബന്ധുക്കള്‍ ആരോപിച്ചു.

ഹൈക്കോടതി നേരത്തെ രണ്ട് തവണ വീട് പൊളിക്കാന്‍ ഉത്തരവിട്ടപ്പോള്‍ ഉത്തരവിനെതിരെ ബന്ധുക്കളുടെ സഹായത്തോടെ അല്ലിയമ്മ സ്‌റ്റേ സമ്പാദിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം ഡിംസ ബറില്‍ വീടിന്റെ ചായ്പ്പ് പൊളിക്കാനുള്ള കോര്‍പ്പറേഷന്‍ അധികൃതര്‍ ശ്രമിച്ചെങ്കിലും അന്ന് കളക്ടര്‍ ഇടപ്പെട്ട് തടഞ്ഞിരുന്നു.

അല്ലിയമ്മ വെീട് പൊളിക്കാനുള്ള ഹൈക്കോടതി ഉത്തരവ് വന്നതിന് പിന്നാലെ സഹായം അഭ്യര്‍ത്ഥിച്ച് കാച്ചി മേയറെ കഴിഞ്ഞ ദിവസം സമീപിച്ചപ്പോള്‍ വീട് പൊളിക്കില്ലെന്ന് മേയര്‍ ഉറപ്പു നല്‍കിയിരുന്നുവെന്ന് പറയുന്നു. എന്നാല്‍ കോര്‍പ്പറേഷന്‍ അധികൃതര്‍ എത്തി വീട് പൊളിക്കുന്ന സമയത്ത് മേയറെ ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ തനിക്ക് ഒന്നും ചെയ്യാന്‍ സാധിക്കില്ലെന്നാണ് പറഞ്ഞതെന്നും അല്ലിയമ്മയും ബന്ധുക്കളും ആരോപിച്ചു.