കേരളത്തിൽ വീണ്ടും മാവോയിസ്റ്റ് ആക്രമണം; കണ്ണൂരിലെ നെടുംപൊയിലില്‍ ക്വാറി ഓഫീസിന് നേരെയായിരുന്നു ആക്രമണം

single-img
2 January 2015

mavo1കണ്ണൂര്‍: കേരളത്തിൽ വീണ്ടും മാവോയിസ്റ്റ് ആക്രമണം. കണ്ണൂരിലെ നെടുംപൊയിലില്‍ ക്വാറി ഓഫീസിന് നേരെ പുലര്‍ച്ചെ മൂന്നുമണിക്കായിരുന്നു ആക്രമണം. പേരാവൂരിൽ പ്രവര്‍ത്തിക്കുന്ന ന്യൂ ഭാരത് സ്‌റ്റോണ്‍ ക്രഷറിന്റെ ഓഫീസാണ് ആയുധധാരികള്‍ അടിച്ചുതകര്‍ത്തത്. തോക്കുധാരികളായ സംഘം എത്തി ഓഫീസ്‌ ആക്രമിക്കുകയും ഫയലുകള്‍ക്ക്‌ തീയിടുകയും ചെയ്‌തു.

യുവതിയുടെ നേതൃത്വത്തില്‍ പട്ടാള യൂണിഫോമിലെത്തിയ അഞ്ചംഗ സംഘമാണ് ആക്രമണം നടത്തിയത്. ഇവര്‍ മാവോവാദി അനുകൂല മുദ്രാവാക്യങ്ങള്‍ വിളിച്ചാണ് എത്തിയത്. സെക്യൂരിറ്റി ജീവനക്കാരെ ആദ്യം ബന്ധികളാക്കി. ആക്രമണത്തിന് ശേഷം ഓഫിസില്‍ സ്ഥാപിച്ചിരുന്ന സിസിടിവി ക്യാമറകള്‍ എടുത്തുകൊണ്ടുപോവുകയും. കൂടാതെ ഓഫീസിലുണ്ടായിരുന്ന ടെലിവിഷനുകളും നശിപ്പിച്ചു.

ആക്രമണം നടന്ന് മണിക്കൂറുകള്‍ക്ക് ശേഷമാണ് പോലീസ് സംഘം എത്തിയതെന്നും സെക്യൂരിറ്റി ജീവനക്കാര്‍ പറയുന്നു. മാവോവാദികളെന്ന് സംശയിക്കുന്ന ചിലരെ രണ്ടുദിവസം മുമ്പ് ഇവിടെ കണ്ട വിവരം പോലീസിനെ അറിയിച്ചിട്ടും നടപടി കൈക്കൊണ്ടില്ലെന്ന ആക്ഷേപവും നിലനില്‍ക്കുന്നു.

കരിങ്കല്‍ ക്വാറിക്ക്‌ അനധികൃതമായി അനുമതി നല്‍ക്കുന്ന സര്‍ക്കാര്‍ ഉന്നതരെ ജനകീയ കോടതിയില്‍ വിചാരണ ചെയ്യുമെന്ന്‌ വ്യാപകമായി പോസ്‌റ്റര്‍ പതിക്കുകയും ലഘുലേഖ വിതരണം ചെയ്യുകയും ചെയ്‌തിട്ടുണ്ട്‌. പശ്‌ചിമഘട്ടത്തെ തകര്‍ക്കാന്‍ അനുവാദം നല്‍കുന്ന കളക്‌ടര്‍ ഉള്‍പ്പെടെയുള്ള ഉന്നതോദ്യോഗസ്‌ഥരെ ജനകീയ കോടതിയുടെ മുന്നില്‍ എത്തിക്കുമെന്നും ലഘുലേഖയില്‍ പറയുന്നു. ഡിസംബര്‍ 22ന് പാലക്കാട് സൈലന്റ് വാലിയിലും വയനാട്ടിലെ വെള്ളമുണ്ടയിലും മാവോവാദികള്‍ ആക്രമണം നടത്തിയിരുന്നു.