വാജ്പേയിക്ക് ഭാരതരത്ന നല്‍കാന്‍ മന്‍മോഹന്‍ സിംഗ് ആഗ്രഹിച്ചിരുന്നതായി മുന്‍ മാധ്യമ ഉപദേഷ്ടാവ്

single-img
2 January 2015

INDIA-POLITICS-OPPOSITION-PRESIDENTന്യൂഡല്‍ഹി: വാജ്പേയിക്ക് ഭാരതരത്ന പുരസ്കാരം നല്‍കാന്‍ മന്‍മോഹന്‍ സിംഗ് ആഗ്രഹിച്ചിരുന്നതായി മുന്‍ മാധ്യമ ഉപദേഷ്ടാവ് സഞ്ജയ് ബാരു. രണ്ടാം യു.പി.എ സര്‍ക്കാരിന്‍െറ കാലത്തായിരുന്നു ഇതെന്നും ബാരു പറഞ്ഞു. ഈ ആവശ്യം താനാണ് മന്‍മോഹന്‍ സിങ്ങിന്‍െറ ശ്രദ്ധയില്‍പ്പെടുത്തിയതെന്നും ഉടന്‍ തന്നെ അദ്ദേഹം അക്കാര്യം അംഗീകരിച്ചു. വാജ്പേയിക്കൊപ്പം മുന്‍ പ്രധാനമന്ത്രി നരസിംഹ റാവുവിനും ഭാരതരത്ന നല്‍കണമെന്ന് മന്‍മോഹന്‍ സിംഗ് ആവശ്യപ്പെട്ടെന്നും. എന്നാല്‍, കോണ്‍ഗ്രസ് നേതാക്കളുടെ എതിര്‍പ്പിനെ തുടര്‍ന്നാവാം  പുരസ്കാരം നല്‍കാന്‍ സാധിക്കാതെ പോയതെന്നും ബാരു ചൂണ്ടിക്കാട്ടുന്നു.

2004 മുതല്‍ എല്ലാ വര്‍ഷവും ഭാരതരത്ന നല്‍കുന്ന കാര്യം താന്‍ മന്‍മോഹന്‍ സിങ്ങുമായി ചര്‍ച്ച ചെയ്തിരുന്നു. പക്ഷേ നിരാശയായിരുന്നു ഫലം. അതേസമയം, സോണിയ ഗാന്ധിയാണോ ഇതിന് തടസം നിന്നതെന്ന് തനിക്കറിയില്ലെന്നും ബാരു പറഞ്ഞു. ഒന്നാം യു.പി.എ സര്‍ക്കാറിന്‍െറ കാലത്ത് 2004 മുതല്‍ 2008 വരെ മന്‍മോഹന്‍ സിങ്ങിന്‍െറ മാധ്യമ ഉപദേശകനായിരുന്നു സഞ്ജയ് ബാരു.

സഞ്ജയ് ബാരു എഴുതിയ ‘ആക്സിഡന്‍റല്‍ പ്രൈം മിനിസ്റ്റര്‍’ എന്ന പുസ്തകം വലിയ വാര്‍ത്തക്ക് വഴിവെച്ചിരുന്നു. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെയും സഖ്യകക്ഷികളുടെയും സമ്മര്‍ദങ്ങള്‍ക്ക് കീഴടങ്ങിയാണ് മന്‍മോഹന്‍ സിങ് രണ്ടാം യു.പി.എ സര്‍ക്കാറിനെ നയിച്ചതെന്ന പുസ്തകത്തിലെ പരാമര്‍ശം വിവാദമായിരുന്നു.