എന്‍.എസ്.എസ് ഉന്നയിച്ച പരാതികള്‍ പരിഹരിക്കുമെന്ന് മുഖ്യമന്ത്രി

single-img
2 January 2015

umman-chandi22കോട്ടയം: എന്‍.എസ്.എസ് ഉന്നയിച്ച പരാതികള്‍ പരിഹരിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. മന്നം ജയന്തി-എന്‍.എസ്.എസ് ശതാബ്ദി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. എന്‍.എസ്.എസിന്‍െറ ആവശ്യങ്ങളോട് യു.ഡി.എഫ് സര്‍ക്കാര്‍ എന്നും അനുഭാവ പൂര്‍ണമായ നിലപാടാണ് സ്വീകരിച്ചിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.

എന്‍.എസ്.എസിന്‍െറ ആവശ്യം കൂടി പരിഗണിച്ചാണ് മുന്നാക്ക വികസന കോര്‍പറേഷന്‍ രൂപീകരിച്ചതും മുന്നാക്കക്കാരിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് സ്കോളര്‍ഷിപ്പുകള്‍ ഏര്‍പ്പെടുത്തിയതെന്നും  ഉമ്മൻചാണ്ടി ചൂണ്ടിക്കാട്ടി. വിദ്യാഭ്യാസ രംഗത്തെക്കുറിച്ച് എന്‍.എസ്.എസ് ഉന്നയിച്ച പരാതികള്‍ വേഗത്തില്‍ പരിഹരിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. എല്ലാ എതിർപ്പുകളെയും അവഗണിച്ചാണ് സർക്കാർ ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് രൂപീകരിക്കാനുള്ള നടപടികൾ തുടങ്ങിയത്. അതുമായി മുന്നോട്ട് പോവുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വിദ്യാഭ്യാസം, ദേവസ്വം എന്നീ വിഷയങ്ങളില്‍ സര്‍ക്കാറുമായി ഭിന്നതയുണ്ടെന്ന് കഴിഞ്ഞ ദിവസം എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ പറഞ്ഞിരുന്നു.

കേരളത്തിലെ വിദ്യാഭ്യാസ മേഖലയ്ക്ക് എൻ.എസ്.എസ് നൽകിയ സംഭാവനകൾ അമൂല്യമാണെന്നും സമുദായ സൗഹാർദ്ദവും മതേതരത്വവും കാത്തുസൂക്ഷിക്കുന്നതിനും എൻ.എസ്.എസ് നൽകിയ സംഭാവനകൾ നിസ്തുലമാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.