കൊച്ചി മെട്രോ പദ്ധതി പ്രതിസന്ധിയിൽ; പരീക്ഷണ ഓട്ടം വെറും നാലര കിലോമീറ്ററിലേക്ക് ഒതുക്കാന്‍ തീരുമാനം

single-img
2 January 2015

Kochi-metro-cochin-metro-railകൊച്ചി: കൊച്ചി മെട്രോ പദ്ധതി പ്രതിസന്ധിയിൽ. പദ്ധതിക്ക് ആവശ്യമായ  സ്ഥലം ഏറ്റെടുത്ത് സംസ്ഥാന സര്‍ക്കാര്‍ നല്‍കാത്തതാണ് പുതിയ പ്രശ്നങ്ങൾക്ക് കാരണം. എറണാകുളം മഹാരാജാസ് കോളേജ് സ്‌റ്റോപ് വരെ സ്ഥലമേറ്റെടുപ്പ് പുരോഗമിക്കുന്നുണ്ട്. എന്നാൽ പേട്ട വരെയുള്ള സ്ഥലമെടുപ്പും മറ്റ് നിര്‍മ്മാണപ്രവര്‍ത്തനങ്ങളും എങ്ങുമെത്തിയിട്ടില്ലെന്നും റവന്യു വകുപ്പിന്റെ ഭാഗത്ത് നിന്നുള്ള അനാസ്ഥയാണ് സ്ഥലമേറ്റെടുപ്പ് വൈകുന്നതിനുള്ള കാരണമായി പറയപ്പെടുന്നത്.

ഇക്കാര്യത്തില്‍ ഡിഎംആര്‍സിയ്ക്ക് ശക്തമായ എതിര്‍പ്പുണ്ട്. ആറാം തിയതി മുഖ്യമന്ത്രി വിളിച്ച് ചേര്‍ക്കുന്ന ഉന്നതതല യോഗത്തില്‍ ഡിഎംആര്‍സി ഇക്കാര്യത്തിലുള്ള പ്രതിഷേധം അറിയിക്കും.

സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധിയാണ് സ്ഥലമേറ്റെടുപ്പിന് തടസ്സമായി പറയപ്പെടുന്നത്. പദ്ധതിയ്ക്കായി ഒഴിപ്പിക്കുന്നവരെ പുനരധിവസിപ്പിക്കുന്നതുമായി ബന്ധപ്പെട്ട നിയമങ്ങളില്‍ വരുത്തിയ മാറ്റവും സ്ഥലമേറ്റെടുപ്പിന് തടസ്സമുണ്ടാക്കുന്നതായി സര്‍ക്കാര്‍ പറയുന്നു.

ഇതിനിടെ കൊച്ചി മെട്രോയുടെ പരീക്ഷണ ഓട്ടം വെറും നാലര കിലോമീറ്ററിലേക്ക് ഒതുക്കാന്‍ കഴിഞ്ഞ ചൊവ്വാഴ്ച മുഖ്യ ഉപദേഷ്ടാവ് ഇ ശ്രീധരന്റെ സാന്നിധ്യത്തില്‍ കൊച്ചിയില്‍ ചേര്‍ന്ന ഡിഎംആര്‍സി ഉദ്യോഗസ്ഥരുടെ യോഗം തീരുമാനിച്ചിരുന്നു. നിര്‍മാണോദ്ഘാടന വേദിയിലെ പ്രഖ്യാപിച്ചിരുന്നത് പോലെ 2016 ജൂണില്‍  25 കിലോമീറ്ററില്‍ മെട്രോ ഓടിക്കുമെന്ന കൊച്ചി മെട്രോറയില്‍ സാധ്യമാകില്ലെന്ന് ഇതോടെ ഉറപ്പായി.

നേരത്തെ എറണാകുളം സൗത്തില്‍ നിന്നു പേട്ട വരെയുള്ള മെട്രോ നിര്‍മാണത്തില്‍ പുരോഗതിയുമില്ലാതെ വന്നതോടെ ആലുവയില്‍ നിന്നു മഹാരാജാസ് കോളജ് ഗ്രൗണ്ട് വരെയുള്ള 16 കിലോമീറ്ററിലേക്ക് ആദ്യഘട്ടം വെട്ടിച്ചുരുക്കാന്‍ നേരത്തേ തീരുമാനിച്ചിരുന്നു. എന്നാൽ അതിപ്പോൾ  മുട്ടത്തു നിന്നു പാലാരിവട്ടം വരെ നാലര കിലോമീറ്ററിലേക്കു ചുരുക്കുകയാണ്. എന്നാല്‍ ഇക്കാര്യം  കൊച്ചി മെട്രോ റയില്‍ ലിമിറ്റഡിനെയോ (കെഎംആര്‍എല്‍) സംസ്ഥാന സര്‍ക്കാരിനെയോ അറിയിച്ചിട്ടില്ല. എന്നാല്‍ ഇക്കാര്യം വാസ്തവമാണെന്ന് ഇ ശ്രീധരന്‍ അറിയിച്ചു.

സ്‌റ്റേഷനുകള്‍ പൂര്‍ത്തിയാക്കാതെയും എസ്‌കലേറ്ററുകള്‍ നിര്‍മിക്കാതെയുമുള്ള പരീക്ഷണ ഓട്ടം കൊണ്ടു യാത്രക്കാര്‍ക്കു പ്രയോജനമില്ല.  നിലവില്‍ മഹാരാജാസ് വരെ പരീക്ഷണ ഓട്ടം നടക്കുമെങ്കിലും അവിടെ നിന്ന് മുന്നോട്ട് പോകാന്‍ ഏറെ കാത്തിരിക്കേണ്ടി വരും.